മലയാള ഗാനാസ്വാദകർക്ക് ഏറെ സുപരിചിതനായ ഗായകനാണ് അരുണ്‍ ഗോപന്‍. സ്റ്റാര്‍ സിംഗര്‍ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട അരുണിന് ആരാധകർ ഏറെയാണ്. റിയാലിറ്റി ഷോയ്ക്ക് പിന്നാലെ പിന്നണി ഗാന രംഗത്തും താരം സജീവമാണ്. മലയാളികള്‍ക്ക് ഇന്ന് സുപരിചിതയാണ് അരുണ്‍ ഗോപന്റെ ഭാര്യ നിമ്മി അരുണ്‍ ഗോപനും. സോഷ്യൽ മീഡിയയിൽ അവതാരകയായും യൂട്യൂബ് വ്‌ളോഗറായും നിമ്മിയും സജീവമാണ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ഒരു അഭിമുഖത്തില്‍ നിമ്മിയുമായുള്ള പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ അരുണ്‍ ഗോപന്‍ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
ഒരു ഷോയില്‍ ഒന്നിച്ച് പങ്കെടുത്തപ്പോഴാണ് ആദ്യം കാണുന്നത്. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് തന്നെയായിരുന്നു. നിമ്മിയെ ഒറ്റനോട്ടത്തില്‍ കണ്ടപ്പോള്‍ തന്നെ ഇഷ്ടപ്പെട്ടു. ആദ്യം സംസാരിച്ചപ്പോള്‍ തന്നെ എനിക്ക് ഒരു വൈബ് തോന്നിയിരുന്നു. അവള്‍ എന്റെയാണ് എന്നുതന്നെയായിരുന്നു മനസ്സ് പറഞ്ഞത്. ഒരു പൊതുസുഹൃത്ത് വഴിയാണ് പിന്നീട് വിശദമായി പരിചയപ്പെട്ടത്. അധികം താമസിയാതെ ഞങ്ങള്‍ പ്രണയത്തിന്റെ ട്രാക്കിലായി. എനിക്ക് ലഭിച്ചത് ഒരു പെര്‍ഫെക്ട് ലൈഫ് പാര്‍ട്നറെയാണ്. അതൊരുപക്ഷെ, എനിക്കാണ് കൂടുതല്‍ മനസ്സിലായിട്ടുള്ളത്. ഒരു രണ്ട് വര്‍ഷം മുന്‍പ് നിമ്മിയെ കണ്ടിരുന്നെങ്കില്‍ എന്റെ ജീവിതം കുറേക്കൂടി നന്നായേനെ.
വീട്ടില്‍ വിവാഹക്കാര്യം പറയുക എന്നത് എളുപ്പമുള്ള സംഗതിയായിരുന്നു. അവിടെ പ്രശ്നമൊന്നും ഇല്ലായിരുന്നു. അച്ഛനും അമ്മയും ചേട്ടന്‍മാരുമൊക്കെ വളരെ തുറന്ന മനസ്സുള്ളവരാണ്. ക്രിസ്തുമസ് കാലത്താണെന്നു തോന്നുന്നു ഞാന്‍ ഇക്കാര്യം വീട്ടില്‍ അവതരിപ്പിച്ചത്. അവരെല്ലാം പെട്ടെന്നു തന്നെ സമ്മതിച്ചു. എന്നാല്‍ നിമ്മിയുടെ അവസ്ഥ അങ്ങനെയായിരുന്നില്ല. കാഞ്ഞങ്ങാട് സ്വദേശിയായ നിമ്മിയുടെ വീട് ഒരു ഗ്രാമപ്രദേശത്താണ്. അമ്മ അംഗന്‍വാടി ടീച്ചറായിരുന്നു.
അതേക്കുറിച്ച് നിമ്മി പറയുന്നത് ഇങ്ങനെ.;അമ്മ അംഗന്‍വാടി ടീച്ചറായിരുന്നു. ഗ്രാമത്തില്‍ ജീവിച്ചുവളര്‍ന്ന അവരെപ്പോലെയുള്ളവര്‍ക്ക് പ്രണയവിവാഹത്തെക്കുറിച്ച് പറഞ്ഞാല്‍ അത്ര പെട്ടെന്നൊന്നും ദഹിക്കില്ലായിരുന്നു. പ്രണയം എന്നാല്‍ എന്തോ അപരാധമാണ് എന്ന ധാരണയായിരുന്നു. കോളേജിലൊക്കെ വെച്ച് പ്രണയമേ ഇല്ലായിരുന്നു. എന്റെ ജീവിതത്തിലെ ആദ്യ പ്രണയമായിരുന്നു അരുണുമായി.നിമ്മി പറയുന്നു.
പ്രേമിച്ചാല്‍ മുട്ടുകാല്‍ തല്ലിയൊടിക്കുമെന്നായിരുന്നു അമ്മ പറയാറുള്ളത്. പ്രേമിക്കുന്നവര്‍ കൊള്ളില്ല എന്നൊക്കെ, നാട്ടിന്‍പുറമല്ലേ, അമ്മയോട് വിവാഹക്കാര്യം അവതരിപ്പിക്കുന്നത് കുറച്ച് ബുദ്ധിമുട്ടായിരുന്നു. പക്ഷെ, അമ്മ ഉള്ളിന്റെയുള്ളില്‍ പാവമാണെന്ന് എനിക്കറിയാമായിരുന്നു. അമ്മയോട് കാര്യം പറഞ്ഞെങ്കിലും ആദ്യം വേണ്ട എന്നായിരുന്നു മറുപടി. പക്ഷെ, പിറ്റേദിവസം അമ്മ സമ്മതം മൂളി. അങ്ങനെയായിരുന്നു പിന്നീട് വിവാഹം നടന്നത്.