Latest News

ഒരിക്കല്‍ ഒരു റൈറ്റര്‍ എന്നെ കൂടെയിരുന്ന് കഥയെഴുതാന്‍ വിളിച്ചു; സീരിയല്‍ മേഖലയില്‍ നിന്നുണ്ടായത് മോശം അനുഭവം പങ്ക് വച്ച് നടി അനുമോള്‍;കബനി' സീരിയലിന്റെ സംവിധായകന്‍ സുധീഷ് ശങ്കറിനെതിരെ ആരോപണവുമായി നടി താരാലക്ഷ്മിയും രംഗത്ത്

Malayalilife
 ഒരിക്കല്‍ ഒരു റൈറ്റര്‍ എന്നെ കൂടെയിരുന്ന് കഥയെഴുതാന്‍ വിളിച്ചു; സീരിയല്‍ മേഖലയില്‍ നിന്നുണ്ടായത് മോശം അനുഭവം പങ്ക് വച്ച് നടി അനുമോള്‍;കബനി' സീരിയലിന്റെ സംവിധായകന്‍ സുധീഷ് ശങ്കറിനെതിരെ ആരോപണവുമായി നടി താരാലക്ഷ്മിയും രംഗത്ത്

സിനിമ മേഖലയിലെ ചൂഷണങ്ങളും പീഡന കഥകളും ഓരോന്നായി പുറത്തേക്ക് വരുമ്പോള്‍ സീരിയല്‍ മേഖലയിലും സ്ഥിതി മറ്റൊന്നല്ലെന്ന വെളിപ്പെടുത്തലാണ് നടി അനുമോളും താരലക്ഷ്മിയും പങ്ക് വച്ച കഥകളിലൂടെ വ്യക്തമാകുന്നത്. സീരിയലിലൂടെയും സ്‌കിറ്റുകളിലൂടെയും കോമഡി പരിപാടികളിലൂടെയും പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ അഭിനേത്രി അനുമോള്‍.  തനിക്കും അഭിനയരംഗത്ത് മോശം അനുഭവം ഉണ്ടായിട്ടുണ്ട് എന്ന് പറയുകയാണ് 

അനുമോളുടെ വാക്കുകള്‍ ഇങ്ങനെ; 'ഒരു സമയത്ത് ഞാന്‍ നാല്, അഞ്ച് സീരിയല്‍ വരെ ഒരുമിച്ച് ചെയ്യുമായിരുന്നു. ഓടി നടന്നാണ് ഞാന്‍ അഭിനയിച്ചുകൊണ്ടിരുന്നത്. അങ്ങനെ ഏഷ്യാനെറ്റിലെ ഒരു സീരിയലില്‍ അഭിനയിക്കുന്ന സമയത്ത് രാവിലെ മുതല്‍ രാത്രി വരെ ഫുള്‍ സീന്‍ ആയിരുന്നു. ഒരു സമയത്ത് ഉച്ച ആയപ്പോള്‍ ഞാന്‍ അസോസിയേറ്റ് പയ്യനോട് ചോദിച്ചു, ഫുഡ് കഴിച്ചോട്ടെ എന്ന്. അപ്പോള്‍ പറഞ്ഞു.. ഫുഡ് കഴിച്ചോളൂ, ബ്രേക്ക് കഴിഞ്ഞിട്ട് അനുവിന് സീന്‍ ഉള്ളു എന്ന്. ഞാന്‍ ഫുഡ് എടുത്ത് കഴിച്ചു. ആളുടെ പേരും ഒന്നും ഞാന്‍ പറയുന്നില്ല. ഞാന്‍ കഴിച്ചു കൊണ്ടിരുന്നപ്പോള്‍ ആ സീരിയലിന്റെ ഡയറക്ടര്‍ വന്നിട്ട് അനു എവിടെ എന്ന് ഉറക്കെ ചോദിച്ചുകൊണ്ടിരുന്നു. 

അപ്പോള്‍ ആരോ പറഞ്ഞു ഫുഡ് കഴിക്കുവാണെന്ന്. ഉടനെ ആ ഡയറക്ടര്‍ ഒരു വലിയ തെറി വിളിച്ചു. ഫുഡ് കഴിക്കുന്നോ.. ഇത് കഴിക്കാന്‍ ആണോ വന്നത് എന്നൊക്കെ എന്നോട് ചോദിച്ചു. രണ്ടു മൂന്നു വര്‍ഷം മുന്നേയുള്ള കാര്യമാണിത്. എനിക്കറിയില്ല.. കഴിച്ചുകൊണ്ടിരുന്നപ്പോള്‍ എന്റെ കണ്ണുനീരു മൊത്തം ആ പാത്രത്തില്‍ വീണു. ഈ സംഭവം കഴിഞ്ഞു ഈ പുള്ളിക്കാരന്‍ വന്ന് എന്നോട് സോറി പറഞ്ഞു. മോളെ സോറി..എന്നൊക്കെ. സോറി പറഞ്ഞിട്ട് എന്താണ്.. ഇത്രയും ആള്‍ക്കാരുടെ മുന്നില്‍ വച്ചാണ്.. ആള്‍ക്കാരുടെ മുന്നില്‍വച്ച് എന്നല്ല, ഒരാള്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ അങ്ങനെ പറയാന്‍ പാടില്ല.' 

'പുള്ളിക്കാരന്റെ വൈഫ് ആ സീരിയലില്‍ അഭിനയിക്കാന്‍ ഉണ്ടായിരുന്നു. പുള്ളിക്കാരിക്ക് ഒന്നും പറയാന്‍ പറ്റില്ലായിരുന്നു ആ സമയത്ത്. പിന്നീട് ഞാന്‍ സീരിയല്‍ നിര്‍ത്തി. പെയ്മെന്റ് കുറവായിരുന്നു. സീരിയല്‍ മൊത്തത്തില്‍ ഞാന്‍ നിര്‍ത്തി. എനിക്ക് പറ്റുന്നില്ലായിരുന്നു. തെറി കേള്‍ക്കണം, കൊണ്ടാക്കത്തില്ല.. അപ്പോള്‍ എനിക്ക് വാശിയായി, തിരുവനന്തപുരത്ത് ഒരു വീട് വെയ്ക്കണം എന്നൊക്കെ. അങ്ങനെയാണ് ഞാന്‍ തിരുവനന്തപുരത്ത് വീട് വെച്ചതും കാര്‍ മേടിച്ചതും എല്ലാം.', അനുമോള്‍ പറഞ്ഞു.

കൂടാതെ ഒരിക്കല്‍ ഒരു റൈറ്റര്‍ തന്റെ കൂടെ ഇരുന്ന് കഥ എഴുതാന്‍ വരുമോ എന്ന് ചോദിച്ചിരുന്നുവെന്നും അയാള്‍ക്ക് രണ്ട് പെണ്‍മക്കള്‍ ആണ് ഉള്ളത്. അതുകൊണ്ട് ഞാന്‍ അയാളുടെ പേര് പറയുന്നില്ലെന്നും താരം പങ്ക് വച്ചു. ഫീല്‍ഡില്‍ നിന്നും എന്നോട് മോശമായി സംസാരിച്ചത് അയാള്‍ മാത്രമാണ്. അയാള്‍ക്ക് കൊടുക്കാനുള്ളത് എന്റെ അച്ഛന്‍ ഫോണിലൂടെ കൊടുത്തിട്ടുണ്ട്. അത് മതി എന്നു കരുതിയത് കൊണ്ടാണ് കൂടുതല്‍ ഒന്നും പറയാതിരുന്നത് എന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.

എന്നെ വിളിച്ചിട്ട് മോള്‍ക്ക് എന്നെ ഒന്ന് സഹായിക്കാന്‍ പറ്റുമോ എന്ന് ചോദിച്ചു. ഞാന്‍ പറയുന്നത് പോലെ മോള്‍ക്ക് എഴുതാന്‍ പറ്റുമോ എന്നും അയാള്‍ ചോദിച്ചു. ഞാന്‍ കോളേജില്‍ പഠിക്കുന്ന സമയമായിരുന്നു. ഞാന്‍ പോസിറ്റീവ് ആയിട്ടായിരുന്നു എടുത്തത്. അതുകൊണ്ടുതന്നെ വരാന്‍ സാര്‍ എന്ന് പറഞ്ഞു. വിളിക്കാം എന്ന് അദ്ദേഹവും പറഞ്ഞു. ഇതൊക്കെ ഞാന്‍ വീട്ടില്‍ പറയുന്നുണ്ടായിരുന്നു. പിന്നീട് അയാള്‍ വിളിച്ചിട്ട് എന്നോട് ദേഷ്യപ്പെട്ടു. എന്താണ് വിളിച്ചിട്ട് വരാത്തത് എന്നും ഞാന്‍ ഉപദ്രവിക്കാന്‍ വേണ്ടിയാണ് വിളിക്കുന്നത് എന്ന് കരുതുന്നുണ്ടോ എന്നുമൊക്കെ ചോദിച്ചു. അപ്പോള്‍ ഞാന്‍ വരാന്‍ പറ്റില്ല എന്ന് പറഞ്ഞു. അതോടെ ആ സീരിയലില്‍ നിന്നും എന്നെ കട്ട് ചെയ്യുകയായിരുന്നു. എന്നാല്‍ എനിക്കത് ഒട്ടും വിഷമം തോന്നിയില്ല.

ഇയാള്‍ വേറെ ഒരു ചാനലിലും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ആ ചാനലിലെ മിക്ക പരമ്പരകളിലും എന്നെ നായകന്റെ അനിയത്തി ആക്കി വിളിക്കും. ഡ്രസ്സ് ഒക്കെ റെഡിയാക്കി ഷൂട്ട് തുടങ്ങുന്ന ദിവസം ഞങ്ങള്‍ കണ്‍ട്രോളര്‍ വിളിക്കും. അപ്പോഴായിരിക്കും അവര്‍ പറയുക ചാനലില്‍ നിന്നും അനുവിനെ ഒഴിവാക്കാന്‍ പറഞ്ഞിട്ടുണ്ട് എന്നൊക്കെ. എന്താണ് പ്രശ്‌നം എന്ന് ഞാന്‍ കരഞ്ഞു ചോദിച്ചിട്ടുണ്ട്. അപ്പോഴാണ് അവര്‍ ഒഴിവാക്കിയതിന്റെ കാരണം ശരിക്കും വെളിപ്പെടുത്തിയത്. പിന്നീട് ആ ചാനലില്‍ വര്‍ക്കിന് പോയിട്ടില്ല. 

അയാള്‍ മനപ്പൂര്‍വ്വം എന്നെ റിജക്ട് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. പോകാതിരുന്നതിന്റെ പേരില്‍ മനപ്പൂര്‍വ്വം എന്റെ ക്യാരക്ടറിനെ കൊല്ലുകയോ വിദേശത്തേക്ക് മാറ്റുകയോ ഒക്കെ ചെയ്യും. എല്ലാ അങ്ങനെ ആകണം എന്നില്ലെങ്കിലും പലപ്പോഴും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. പ്രതിഫലം ചോദിച്ചതിന്റെ പേരിലും ട്രാവല്‍ അലവന്‍സ് ചോദിച്ചതിന്റെ പേരിലും ഒക്കെ ആയിരിക്കും ഇങ്ങനെ സംഭവിക്കുക. എനിക്ക് ഇപ്പോഴും ഒരുപാട് തുക കിട്ടാനുണ്ട്. ചിലപ്പോള്‍ 3000 രൂപയ്ക്ക് വേണ്ടി ഒരു മാസം വരെ കാത്തിരിക്കേണ്ടി വന്നിട്ടുണ്ടെന്നും അനുപങ്ക് വച്ചു

സീരിയല്‍ രംഗത്തും വിട്ടുവീഴ്ച ചെയ്യണമെന്ന ആവശ്യപ്പെടുന്നവര്‍ ഉണ്ടെന്ന് നടി താരാലക്ഷ്മിയും പറയുന്നു.സീ കേരളം ചാനലില്‍ എത്തിയ 'കബനി' എന്ന സീരിയലിന്റെ സംവിധായകന്‍ സുധീഷ് ശങ്കറിനെതിരെ ഗുരുതര ആരോപണവുമായാണ് താരലക്ഷ്മി  രംഗത്തെത്തിയത്. സുധീഷ് ശങ്കറില്‍ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും പ്രതികരിച്ചു.

സീരിയല്‍ രംഗത്തുള്ള പലര്‍ക്കും ഇതൊന്നും തുറന്നു പറയാനാവില്ല, അതുകൊണ്ടാണ് താന്‍ പറയുന്നത് എന്നാണ് താരലക്ഷ്മി പറയുന്നത്. കബനി സീരിയലിന്റെ സംവിധായകന്‍ സുധീഷ് ശങ്കറില്‍ നിന്നാണ് എനിക്ക് ദുരനുഭവം ഉണ്ടായത്. 'ഉറിയടി' എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ഇദ്ദേഹവും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനുവും ഒരു പുതിയ സീരിയലില്‍ ചെറിയ വേഷവുമുണ്ട് എന്ന് എന്നോട് പറയുന്നത്.

മ്യൂസിയത്തിന്റെ പിറകില്‍ ഓഡീഷന്‍ നടക്കുന്നുണ്ട്. അങ്ങോട്ട് വന്നോളൂ എന്ന്. അവിടെ ചെന്നപ്പോഴാണ് ഒരു ട്രാപ്പിലാണ് പെടുത്തിയിരിക്കുന്നത് എന്ന് മനസിലാകുന്നത്. ആദ്യം അയാള്‍ മാന്യമായി പെരുമാറി. ഒരു വണ്‍ലൈന്‍ പറഞ്ഞു. നല്ല ക്യാരക്ടറുണ്ട്, യമുന ചേച്ചിയുടെ അനിയത്തിയുടെ റോളാണ്. താന്‍ ശ്രദ്ധിക്കപ്പെടും, വേറെ ഒരു ലെവലിലേക്ക് മാറ്റും എന്ന് വാഗ്ദാനങ്ങളൊക്കെ തന്നു.

പക്ഷെ ഒരു ഡിമാന്റ് കൂടിയുണ്ട് എന്ന് പറഞ്ഞു. എന്താണ് ഡിമാന്റ് ചോദിച്ചപ്പോള്‍ അഡ്ജസ്റ്റ്‌മെന്റ് എന്ന് പറഞ്ഞു. അങ്ങനെ ഒരു അഡ്ജസ്റ്റ്‌മെന്റ് വച്ച് എനിക്ക് പ്രശസ്തി വേണ്ടെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ പുള്ളിക്കാരന്റെ മുഖഭാവും സംസാരരീതിയും എല്ലാം മാറി. പുള്ളി മദ്യപിച്ചിട്ടുണ്ട്. പെട്ടെന്ന് എന്നെ കേറിപിടിച്ചു. അപ്പോള്‍ ഞാന്‍ കൈ തട്ടിമാറ്റി. എന്നെ ബലം പ്രയോഗിച്ച് പിടിക്കാന്‍ തുടങ്ങി.

സര്‍വശക്തിയുമെടുത്ത് അയാളെ തള്ളിമാറ്റി ഞാന്‍ ഇറങ്ങി വരികയായിരുന്നു. എന്റെ ഭാഗ്യത്തിന് ഷാനു വെളിയില്‍ നിന്ന് ഡോര്‍ പൂട്ടിയിരുന്നില്ല. പിന്നീട് ഞാന്‍ അറിയിക്കേണ്ടവരെ അറിയിച്ചെങ്കിലും കേസ് ആക്കിയില്ല. 2019ല്‍ ആണ് ഈ സംഭവം. ഒരു പെണ്‍കുട്ടിയും എന്നോട് സമാന സംഭവം പറഞ്ഞു. ഇവര്‍ സ്റ്റാച്യൂവില്‍ റൂം എടുത്തിട്ടുണ്ടായിരുന്നു. ഈ ഡയറക്ടര്‍ അവിടെ വന്ന് മദ്യപിക്കും.

പല പ്രമുഖര്‍ക്കും ഈ പെണ്‍കുട്ടിയെ കൊണ്ട് മദ്യം ഒഴിപ്പിച്ച് കൊടുക്കും. പെണ്‍കുട്ടി പറ്റില്ല എന്ന് പറഞ്ഞിട്ടും നിര്‍ബന്ധിച്ച് ചെയ്യിക്കും. അതിന് ശേഷം 16 പേര്‍ക്ക് കിടക്ക പങ്കിടണമെന്ന് പറഞ്ഞു. ആ കൊച്ച് അത് പറ്റില്ല എന്ന് പറഞ്ഞു. അതിന് അവളോട് വൈരാഗ്യമായി എന്റെ മുന്നില്‍ വച്ച് അവളുടെ മുഖത്ത് അയാള്‍ അടിച്ചു. ഇത് തുറന്ന് പറഞ്ഞതിന്റെ പേരില്‍ എനിക്ക് ഭീഷണി വന്നിട്ടുണ്ട് എന്നാണ് താരാലക്ഷ്മി പറയുന്നത്.

ANUMOL and thara lakshmi about serial

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക