ജാതി, മതം, പ്രണയം, ദുരഭിമാനം, ഒളിച്ചോട്ടം എന്നിവ മനുഷ്യര്‍ക്കിടയില്‍ മാത്രമല്ല പട്ടികളുടെ ലോകത്തിലും ഉണ്ടായിരുന്നെങ്കില്‍? ഡിസ്‌നി + ഹോട് സ്റ്റാര്‍ നവംബര്‍ 7 മുതല്‍ സ്ട്രീം ചെയ്യുന്ന വാലാട്ടി കൈകാര്യം ചെയ്യുന്നത് ഇത്തരമൊരു വ്യത്യസ്തമായ ഒരു പ്രമേയമാണ്. മലയാളം ഉള്‍പ്പടെ ഹിന്ദി, തമിഴ്, തെലുഗു, കന്നഡ ഭാഷകളില്‍ വാലാട്ടി ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ ലഭ്യമാകും.
ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിച്ച് ദേവന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന വാലാട്ടിയില്‍ മലയാളത്തിലെ പ്രമുഖ താരനിരയാണ് പട്ടികള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് .
റോയിയുടെ വീട്ടില്‍ വളരുന്ന ടോമി എന്ന ഗോള്‍ഡന്‍ റിട്രീവറും ഒരു
ബ്രാഹ്മണ കുടുംബത്തിലെ അമലു എന്ന കോക്കര്‍ സ്പാനിയലും തമ്മിലുണ്ടാകുന്ന പ്രണയത്തിലാണ് കഥ ആരംഭിക്കുന്നത്.
തുടര്‍ന്നുള്ള രംഗങ്ങള്‍ ഒരു കോമഡി അഡ്വെഞ്ചര്‍ പ്രണയകഥയുടെ രീതിയിലാണ് വാലാട്ടി അവതരിപ്പിച്ചിരിക്കുന്നത്. ടോമി മൂലം അമലു ഗര്‍ഭം ധരിച്ചു എന്ന 'ഞെട്ടിക്കുന്ന വാര്‍ത്ത' പ്രശ്‌നങ്ങളെ വീണ്ടും സങ്കീര്‍ണമാക്കി. ഒടുവില്‍ ഒരു ലവ് സ്റ്റോറിയിലെ പ്രണയജോഡികളെപ്പോലെ ടോമിയും അമലുവും ഒളിച്ചോടാന്‍ തീരുമാനിക്കുന്നതാണ് കഥയിലെ വഴിത്തിരിവ്.
പ്രണയകഥ കൂടാതെ പട്ടികളെചൊല്ലിയുള്ള നിലവിലുള്ള ഒച്ചപ്പാടുകളെയും അവയ്ക്കു പിന്നിലുള്ള രാഷ്ട്രീയ ദുരുദ്ദേശങ്ങളെയുംവാലാട്ടി കഥയുടെ ഭാഗമാക്കുന്നുണ്ട് .