കഴിഞ്ഞദിവസമാണ് നര്‍ത്തകിയും,റിയാലിറ്റി ഷോ താരവുമായ സ്മിഷ അരുണ്‍ വിടവാങ്ങിയത്. ഏറെക്കാലമായി കാന്‍സറിന് ചികിത്സയിലായിരുന്നു. രോഗാവസ്ഥയിലും റിയാലിറ്റി ഷോ മത്സരത്തില്‍ സജീവമായിരുന്നു സ്മിഷ. ഇപ്പോഴിതാ തന്റെ പ്രിയ സുഹൃത്തുകൂടിയായ സ്മിഷ അരുണിന്റെ വേര്‍പാടില്‍ വേദന പങ്കുവച്ച് എത്തിയിരിക്കുകയാണ് നടി സുരഭി ലക്ഷ്മി. ഒരാളില്ലാതാവുന്നു എന്നറിയുമ്പോള്‍ ഒരുപാട് ഓര്‍മ്മകള്‍ മനസിലേക്ക് എത്തുന്നു, സമയം ആകുമ്പോള്‍ ഇനിയും കണ്ടുമുട്ടാം എന്ന് പറഞ്ഞവസാനിപ്പിക്കുകയാണ് താരം.
ഇവിടെയുള്ള കലാകാരന്മാരെക്കാളും ഒക്കെ അടിപൊളി കലാകാരന്‍മാര്‍ മരിച്ചു അവിടെയുണ്ട് മോളെ, ഇനി ഞാന്‍ അവിടെ പോയി തകര്‍ത്തോളാം, ക്യാന്‍സര്‍ പോരാളി.എന്റെ സ്മിഷചേച്ചിക്ക് വിട , കാലടി ശ്രീ ശങ്കരാചാര്യ യൂണിവേഴ്‌സിറ്റിയില്‍ എന്റെ സീനിയര്‍,എല്ലാ കുരുത്തക്കേടിനും കൂടെയുണ്ടാവും, ദിലീഷേട്ടന്റെ നാടകത്തിലെ തോഴിന്മാരായിരുന്നു ഞാനും സ്മിഷ ചേച്ചിയും രേഷ്മയും, ശില്പയും ഒക്കെ....ഡയലോഗ് തെറ്റിക്കാന്‍ ഞങ്ങള്‍ക്കിടയില്‍ ഒരു മത്സരം തന്നെയുണ്ടായിരുന്നു.
ഒരാളില്ലാതാവുന്നു എന്നറിയുമ്പോള്‍ എന്തെല്ലാം ഓര്‍മ്മകളാണ് നമ്മളുടെ മനസ്സിലേക്ക് ഇങ്ങനെ ഓടി വരുന്നത്.. ആ കാലത്തെ സ്‌നേഹവും സൗഹൃദവും ആഴത്തില്‍ ചേച്ചി മനസ്സില്‍ സൂക്ഷിച്ചിരുന്നു, അതൊക്കെയാണ് മോളെ ജീവിതത്തിന്റെ ഊര്‍ജ്ജവും കരുത്തും എന്നെപ്പോഴും പറയുമായിരുന്നു..... അപ്പൊ എല്ലാം പറഞ്ഞപോലെ, ഇവിടുത്തെ റോളുകള്‍ കഴിഞ്ഞിട്ട് എന്നാ എന്നറിയില്ല. പക്ഷേ, ഞങ്ങള്‍ എല്ലാവരും പലപ്പോഴായിട്ട് വരും. നാടകം കളിക്കണം,...ഡയലോഗ് തെറ്റിക്കണം.....എന്നിട്ട് സ്റ്റേജില്‍ മൊട്ടയിടണം.. സുരി കുറിച്ചു.
അമൃതാ ടിവിയെ അമ്മയും മകളും എന്ന റിയാലിറ്റി ഷോയിലൂടെ തിളങ്ങിയവരാണ് സ്മിഷാ അരുണും മകള്‍ മഹാലക്ഷ്മി എന്ന പിങ്കി മോളും. കോഴിക്കോട് വടകരക്കാരിയായ സ്മിഷാ നൃത്താധ്യാപികയായിരുന്നു. അബുദാബിയില്‍ സ്വന്തമായി ഡാന്‍സ് സ്‌കൂള്‍ നടത്തിയിരുന്ന സ്മിഷ കാന്‍സറിന്റെ പിടിയിലകപ്പെട്ടപ്പോഴാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്. കഴിഞ്ഞ മൂന്നു വര്‍ഷമായി തിരുവനന്തപുരത്തെ ആര്‍സിസിയില്‍ ചികിത്സയിലായിരുന്നു സ്മിഷ. മൂന്നു മക്കള്‍ക്കും ഭര്‍ത്താവിനും ഒപ്പം ജീവിക്കുവാന്‍ തിരിച്ചെത്തണമെന്ന വലിയ ആഗ്രഹം ബാക്കിയാക്കിയാണ് ആ പാവം മരണത്തിനു കീഴടങ്ങിയത്.
കാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് എത്തുകയും സ്ഥിരതാമസമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് അമൃതാ ടിവിയിലെ റിയാലിറ്റി ഷോയിലേക്ക് സ്മിഷ എത്തിയത്. നൃത്തവും നാടകവും അഭിനയവും ഒക്കെ ഏറെ ഇഷ്ടപ്പെട്ടിരുന്ന സ്മിഷ വേദിയിലും തന്റെ തകര്‍പ്പന്‍ പ്രകടനങ്ങളാണ് കാഴ്ചവച്ചത്. പലപ്പോഴും കീമോ അടക്കമുള്ള വേദന നിറഞ്ഞ ചികിത്സയിലൂടെ കടന്നു പോകുന്നതിനിടയാണ് ചിരിച്ചും കളിച്ചും മകള്‍ക്കൊപ്പം സ്മിഷ വേദിയിലേക്ക് എത്തിയത്.