സിനിമകളിലും സീരിയലുകളിലും അഭിനയിക്കുന്ന പലരുടെയും ജീവിതം സ്‌ക്രീനുകളില്‍ കാണും പോലെ അത്ര നിറമുള്ളതല്ല. അഭിനയരംഗത്തു നിന്ന് വിട്ടു നില്‍ക്കേണ്ടി വന്നാല്‍ പറയുകയേ വേണ്ട. അത്തരത്തില്‍ നിരവധി പേരാണ് വൃദ്ധസദനങ്ങളിലും തെരുവിലും, അസുഖം ബാധിച്ച് കുടിലുകളിലും കഴിയുന്നത്. അക്കൂട്ടത്തിലേക്ക് ഒരാള്‍ കൂടി എത്തുകയാണ്. കലാനിലയം മുതല്‍ കെ പി എ സി വരെയുള്ള നാടക സമിതികളിലും നാലായിരത്തോളം നാടക വേദികളിലും സിനിമകളിലും സീരിയലുകളിലും ടെലിഫിലിമുകളിലും എല്ലാം അഭിനയിച്ച സൂസന്‍ രാജ്. ജീവിക്കാന്‍ മറ്റൊരു മാര്‍ഗവം ഇല്ലാതായപ്പോള്‍ ലോട്ടറി വില്‍പന നടത്തിയാണ് ഇപ്പോള്‍ ജീവിക്കുന്നത്.
തിരുവനന്തപുരം തമ്പാനൂരിലെ അരിസ്റ്റോ ജങ്ഷനില്‍ ലോട്ടറി വിറ്റാണ് എം. സൂസി എന്ന സൂസന്‍ രാജ് ഇപ്പോള്‍ കഞ്ഞി കുടിക്കാനുള്ള മാര്‍ഗം കണ്ടെത്തുന്നത്. ഉപജീവനത്തിന് മറ്റൊരു വഴിയും ഇല്ലാതായപ്പോഴാണ് സൂസന്‍ ഈ ജോലിയ്ക്ക് ഇറങ്ങിയത്. കുട്ടിക്കാലം മുതല്‍ കലാ രംഗത്തുള്ള സൂസന്‍ രാജ് അവസരങ്ങള്‍ക്കായി നിരവധി പേര്‍ക്കു മുമ്പില്‍ സഹായം തേടിയെങ്കിലും കലാരംഗത്തുള്ള ആരും തിരിഞ്ഞുനോക്കിയില്ല. കിടക്കാന്‍ ഒരു കിടപ്പാടം പോലും ഇല്ലാത്ത സൂസന്‍ പ്രായമേറെയായപ്പോള്‍ എങ്ങനെയെങ്കിലും വയറു നിറഞ്ഞാല്‍ മതിയെന്ന അവസ്ഥയിലായി. അങ്ങനെ ലോട്ടറി വില്‍പ്പനയ്ക്ക് ഇറങ്ങുകയായിരുന്നു. നടക്കാനും മറ്റും വയ്യാത്തതില്‍ റോഡരികില്‍ തന്നെ ലോട്ടറി വില്‍പന തുടങ്ങി. അവിടെ തന്നെ കിടപ്പും ഉറക്കവും ആക്കി. കറുത്ത പ്ലാസ്റ്റിക് ഷീറ്റ് മറച്ച് നാലായി മടക്കിവെക്കാവുന്ന റോഡുവക്കിലെ മരത്തട്ടിലാണ് സൂസന്‍ ഇപ്പോള്‍ കഴിയുന്നത്. മഴയും വെയിലും പൊടിയുമേറ്റ് കഷ്ടപ്പെട്ടാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്.
2005 വരെ കെപിഎസിയില്‍ നാടകങ്ങളില്‍ അഭിനയിക്കുകയും സജീവമായി നിലനില്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം മുന്നോട്ടു തുടര്‍ന്നു കൊണ്ടു പോകുവാന്‍ കഴിയാതെയായി. അങ്ങനെയാണ് കെ പി എ സിയില്‍നിന്ന് മനസില്ലാ മനസോടെ സൂസന്‍ പടിയിറങ്ങുന്നത്. ഭര്‍ത്താവിനൊപ്പമായിരുന്നു അപ്പോള്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ 10 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചതോടെ സൂസന്‍ തനിച്ചായി. അതിനിടെ ഹൃദയ ശസ്ത്രക്രിയയും കഴിഞ്ഞു. അതോടെ മറ്റു ജോലികളൊന്നും ചെയ്യാന്‍ കഴിയാതെയായി. അതിനിടെ മരുന്നിനുള്ള ചിലവും. ആഴ്ചയില്‍ 500 രൂപയില്‍ കുറയാതെ മരുന്നിന് വേണം. മരുന്നിനും മറ്റുമുള്ള വക കണ്ടെത്താന്‍ പല ജോലികളും ചെയ്തു. പക്ഷേ മിച്ചം പിടിക്കാന്‍ ഒന്നും കിട്ടാതായതോടെയാണ് സൂസന്‍ ലോട്ടറി വില്‍പനക്കാരിയായത്.
ജഗതി ശ്രീകുമാര്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, സി എ പോള്‍, പൂജപ്പുര രവി എന്നിവര്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ള സൂസന്‍ പഴയ കാര്യങ്ങള്‍ എല്ലാം ഓര്‍ത്തെടുക്കുമ്പോള്‍ കണ്ണ് നിറയും. എങ്കിലും ആ ഓര്‍മ്മകളാണ് സൂസനെ ഇപ്പോഴും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഒപ്പം അഭിനയിച്ചവരും പ്രവര്‍ത്തിച്ചവരും എല്ലാം ഇന്ന് പ്രശസ്തിയില്‍ നില്‍ക്കുമ്പോഴും തന്നെ ആരും സഹായിക്കാന്‍ ഇല്ലല്ലോ എന്ന വേദനയിലാണ് സൂസന്‍ കഴിയുന്നത്. എട്ടു വയസ്സുള്ളപ്പോഴാണ് സൂസന്‍ നാടകത്തിലേക്ക് അഭിനയിക്കാന്‍ എത്തുന്നത്. കലാനിലയമായിരുന്നു ആദ്യ വേദി. അവിടെ നിന്നും വര്‍ഷങ്ങളോളം കലാരംഗത്ത് പ്രവര്‍ത്തിച്ചു.
15ാം വയസ്സിലായിരുന്നു വിവാഹം കഴിച്ചത്. മൂത്ത മകനെ പ്രസവിച്ച് 55-ാം ദിവസം ഒരു കൈയില്‍ തൊട്ടിലും തുണിയും മറുകൈയില്‍ നാടകവേഷവുമായി വീണ്ടും തട്ടിലേക്ക് എത്തിയ നടി കൂടിയാണ്. അഭിനയത്തോട് അത്രയേറെ ഇഷ്ടവും ആഗ്രഹവും ആയിരുന്നു. ആയിരത്തോളം അമച്വര്‍ നാടകങ്ങള്‍ക്ക് ശേഷമാണ് പ്രഫഷനല്‍ വേദികളിലേക്ക് എത്തുന്നത്. അമച്വര്‍ വേദികളിലും കെ പി എ സി അടക്കം നിരവധി പ്രഫഷനല്‍ ട്രൂപ്പുകളിലുമായി നാലായിരത്തോളം നാടകങ്ങളില്‍ വേഷമിട്ട ഈ 63 കാരി പത്ത് സിനിമകളിലും ടെലിഫിലിമുകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
എന്നിട്ടും പലരെയും പോലെ ജോലിയ്ക്ക് പോകാന്‍ കഴിയാതായ കാലത്ത് ആരോരും നോക്കാനില്ലാതെ തുണയില്ലാതെ കഷ്ടപ്പെടേണ്ട അവസ്ഥയാണ് സൂസനും വന്നത്. അടുത്തിടെ ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയിലെ നടി മേരിയും ലോട്ടറി വില്‍പ്പനയ്ക്ക് ഇറങ്ങിയ വാര്‍ത്ത വൈറലായിരുന്നു. ജീവിക്കാന്‍ മറ്റൊരു മാര്‍ഗവും ഇല്ലാതെ വന്നപ്പോഴാണ് നടി ലോട്ടറി കച്ചവടത്തിന് ഇറങ്ങിയത്. പുതിയ വീടുവെക്കുന്നതിനായി ജില്ല സഹകരണബാങ്കില്‍ നിന്ന് ലോണ്‍ എടുത്തിരുന്നു. സിനിമയില്‍ കൂടുതല്‍ അവസരം ലഭിക്കുമെന്നുള്ള പ്രതീക്ഷയിലായിരുന്നു ലോണ്‍ എടുത്തത്. എന്നാല്‍ സിനിമ ലഭിക്കാതെ വന്നപ്പോള്‍ ബാങ്കിലെ അടവുകള്‍ മുടങ്ങി. ഇപ്പോള്‍ ജപ്തി നോട്ടീസുമെത്തി. സിനിമക്കാരാരും വിളിക്കുന്നുമില്ല. ലോട്ടറി വിറ്റാണ് ജീവിക്കുന്നതെന്നും മേരി പറഞ്ഞു. 300 രൂപ ലോട്ടറി കച്ചവടത്തിലൂടെ ലഭിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.