ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ശ്രദ്ധേയ മത്സരാര്‍ഥികളായിരുന്നു അഖില്‍ മാരാരും ശോഭ വിശ്വനാഥും. ടോപ്പ് 5 ല്‍ ഇടം നേടിയിരുന്നു ഇരുവരും. അഖില്‍ ടൈറ്റില്‍ വിജയി ആയപ്പോള്‍ ശോഭയ്ക്ക് നാലാം സ്ഥാനമാണ് ലഭിച്ചത്. ബിഗ് ബോസ് ഹൗസില്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്ന എതിരാളികളായാണ് ഏറെ സമയവും ഇരുവരും ഉണ്ടായിരുന്നത്. സീസണ്‍ 6 മായി ബന്ധപ്പെട്ട് അഖില്‍ മാരാര്‍ ചില വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഇപ്പോള്‍ അഖില്‍ മാരാര്‍ക്കെതിരെ ശോഭ കേസ് നല്‍കിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ അഖില്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
പല പ്രാവശ്യം ചോദിച്ചിട്ടും താന്‍ ചെയ്ത കുറ്റം എന്താണെന്ന് പൊലീസിന് പറയാന്‍ കഴിയുന്നില്ലെന്ന് അഖില്‍ കുറിച്ചു. തനിക്കെതിരെ പോക്സോ കേസ് എടുക്കണം എന്നും പറഞ്ഞു ചൈല്‍ഡ് വെല്‍ഫയര്‍ വഴി കമ്മീഷണറുടെ ഓഫീസില്‍ മറ്റൊരു കേസും കൊടുപ്പിച്ചു. താന്‍ കുട്ടികളെ തല്ലും എന്ന് പറഞ്ഞു. നാളിത് വരെ മക്കളെ തല്ലുന്നത് പോയിട്ട് അവരോട് കയര്‍ത്ത് പോലും സംസാരിക്കാത്ത അവരുടെ കൂട്ടുകാരന്‍ ആയ അച്ഛന്‍ ആണ് താനെന്നും അഖില്‍ മാരാര്‍ പറഞ്ഞു.
അഖില്‍ മാരാരുടെ കുറിപ്പ്:
ഞാന്‍ ഈ പോസ്റ്റ് ചെയ്യുന്നത് എനിക്കിന്ന് ലഭിച്ച പൊലീസിന്റെ നോട്ടീസ് ആണ്...
പരാതിക്കാരി ശോഭ വിശ്വനാഥ്...
അന്വോഷണ ഉദ്യോഗസ്ഥനോട് ആവര്‍ത്തിച്ചു പല പ്രാവശ്യം ചോദിച്ചിട്ടും ഞാന്‍ ചെയ്ത കുറ്റം എന്തെന്ന് അവര്‍ക്ക് പറയാന്‍ കഴിയുന്നില്ല... ഒരു സ്ത്രീ പരാതി കൊടുത്താല്‍ crpc section 153പ്രകാരം കേസ് എടുക്കണം അതുകൊണ്ട് കേസ് എടുത്തു എന്നാണ് അവര്‍ പറയുന്നത്...
എനിക്കെതിരെ പോക്സോ കേസ് എടുക്കണം എന്നും പറഞ്ഞു ചൈല്‍ഡ് വെല്‍ഫയര്‍ വഴി കമ്മീഷണരുടെ ഓഫീസില്‍ മറ്റൊരു കേസും കൊടുപ്പിച്ചു.. ഞാന്‍ കുട്ടികളെ തല്ലും എന്ന് പറഞ്ഞു.. നാളിത് വരെ മക്കളെ തല്ലുന്നത് പോയിട്ട് അവരോട് കയര്‍ത്ത് പോലും സംസാരിക്കാത്ത അവരുടെ കൂട്ടുകാരന്‍ ആയ അച്ഛന്‍ ആണ് ഞാന്‍.
ശോഭക്കെതിരെ ധന്യ രാമന്‍ വളരെ ഗുരുതരമായ ചാരിറ്റി തട്ടിപ്പ് എന്ന ആരോപണം നേരത്തെ ഉന്നയിച്ചിരുന്നു.. അതും ശോഭയുടെ പേരും ഫോട്ടോയും വെച്ചു.. അതിനെതിരെ ഒരക്ഷരം മിണ്ടാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല.. കാരണം ധന്യ രാമന്റെ കൈയില്‍ തെളിവുണ്ട് എന്നതാകാം കാരണം.. അതുകൊണ്ട് കുട്ടികളുടെ പേരില്‍ ചാരിറ്റി തട്ടിപ്പ് പാവങ്ങളുടെ പേരില്‍ ബിസിനസ്സ് ഇങ്ങനെയൊക്കെ ജീവിക്കുന്ന പലരും നമുക്കിടയില്‍ ഉണ്ട്.. ശോഭ അങ്ങനെ ചെയ്യില്ല എന്നാണ് എന്റെ വിശ്വാസം.. പക്ഷെ ധന്യ രാമന്‍ പറഞ്ഞപ്പോള്‍ എന്തുകൊണ്ട് പ്രതികരിച്ചില്ല എന്ന് നിങ്ങള്‍ ചോദിക്കണം.
ഞാന്‍ പറഞ്ഞതൊക്കെ പബ്ലിക് ആയി നിങ്ങളില്‍ പലരും കേട്ടതാണ്. സീസണ്‍ അഞ്ചിലെ ഒരു മത്സരാര്‍ഥിക്കും ഒരു രീതിയില്‍ ഉള്ള ബുദ്ധിമുട്ടും ഉണ്ടായതായി എനിക്കറിയില്ല. എന്നാല്‍ കൈകൂലി കൊടുത്തു അതായത് കിട്ടുന്നതില്‍ പകുതി കൊടുക്കാം എന്ന് പറഞ്ഞു ഒരാള്‍ അവിടെ കയറിയതായി സംശയമുണ്ട് എന്നാണ് പറഞ്ഞത്.
3 പെണ്‍കുട്ടികള്‍ പരസ്യമായി ഞാന്‍ പറഞ്ഞതിനെ അനുകൂലിച്ചു രംഗത്ത് വന്നു.. മറ്റ് മത്സരാര്‍ഥികളും ശ്രീലക്ഷ്മി അറയ്ക്കല്‍ നെ പോലെ ചിലരും ഞാന്‍ പറഞ്ഞത് ശെരി എന്ന് വെച്ചു. ഒരമ്മ തന്റെ മകള്‍ക്കുണ്ടായ അനുഭവം എന്നോട് പറഞ്ഞതും മറ്റൊരു മത്സരാര്‍ഥിയുടെ സുഹൃത്തിനുണ്ടായ പ്രശ്നം ഞാന്‍ ശോഭയ്ക്ക് അയച്ചു കൊടുത്തു. വിഷയത്തില്‍ നിനക്ക് ഇടപെടാന്‍ കഴിയുമോ എന്ന് ചോദിച്ചു. ഒരക്ഷരം അതിനെതിരെ പ്രതികരിക്കാത്ത ഇവര്‍ എന്നോടുള്ള വിരോധം കൊണ്ടും കപ്പ് കിട്ടാത്ത ദേഷ്യം കൊണ്ടും നാലാം സ്ഥാനത്ത് തള്ളപ്പെട്ട യാഥാര്‍ഥ്യം തിരിച്ചറിയാതെ അവള്‍ക്ക് അവകാശപ്പെട്ടത് ഞാന്‍ തട്ടിയെടുത്തു എന്ന പകയാണ് കൊണ്ട് നടക്കുന്നത്.
ഇതല്ല ഇതിനപ്പുറവും നാളെ എനിക്കെതിരെ ഇവര്‍ ചെയ്യും. നിങ്ങള്‍ അറിഞ്ഞിരിക്കാന്‍ ഇത് പോസ്റ്റ് ചെയ്യുന്നു. ഇവരെ പോലെ ഉള്ളവരുടെ ഇത്തരം പ്രവര്‍ത്തി കാരണം നാളെയില്‍ അര്‍ഹത ഉള്ള നീതി ലഭിക്കേണ്ട സ്ത്രീകളെ പോലും ജനം സംശയത്തോടെ കാണും. സ്ത്രീയും പുരുഷനും തുല്യരാണ്.. പക്ഷെ സ്ത്രീ എന്ത് പറഞ്ഞാലും ഞങ്ങള്‍ കേസെടുക്കും.
ബിഗ്ബോസ് സീസണ്‍ 5 വില്‍ വോട്ടിങ്ങില്‍ വലിയ ഭൂരിപക്ഷം നേടിയാണ് അഖില്‍ വിജയകിരീടം ചൂടിയത്. റെനീഷ രണ്ടാം സ്ഥാനവും ജുനൈസ് മൂന്നാം സ്ഥാനവും നേടി. നാലാം സ്ഥാനക്കാരിയായി ശോഭയും പുറത്തിറങ്ങി.
ഒരിക്കലും അവസാനിക്കാതെ തുടര്‍ന്നിരുന്ന വഴക്കായിരുന്നു അഖില്‍ മാരാരും ശോഭയും തമ്മിലുണ്ടായിരുന്നത്. ഓരോ ടാസ്‌കിന് ശേഷവും പരസ്പരം പോരടിക്കുന്ന അഖിലിനെയും ശോഭയെയുമാണ് പ്രേക്ഷകര്‍ കണ്ടിരുന്നത്. തുടക്കത്തില്‍ പ്രേക്ഷകര്‍ ഇവരുടെ വഴക്ക് വളരെയധികം ആസ്വദിച്ചിരുന്നു.
ടോം ആന്‍ഡ് ജെറി എന്നായിരുന്നു പ്രേക്ഷകര്‍ ഇവരെ വിശേഷിപ്പിച്ചിരുന്നത്. മറ്റു കോമ്പോകള്‍ പോലെ ഇതും ആഘോഷമാക്കി. എന്നാല്‍ പിന്നീട് ഇവര്‍ക്കിടയിലെ വഴക്കുകള്‍ അതിരു കടക്കുന്നതാണ് കണ്ടത്. അഖില്‍ മാരാര്‍ ശോഭയെ ആക്ഷേപിക്കുന്ന സാഹചര്യവും മോഹന്‍ലാല്‍ രണ്ടുപേരെയും വിളിച്ചിരുത്തി വാണിങ് നല്‍കുന്നതുമൊക്കെ ഉണ്ടായി.