ഹിന്ദി സീരിയലില്‍ ഉയര്‍ന്നുവരികയായിരുന്ന നടന് അക്ഷത് ഉത്കര്ഷിനെ മരിച്ച നിലയില്‍ കണ്ടെത്തി. ബിഹാര്‍ സ്വദേശിയായ അക്ഷതിനെ മുംബെ അപ്പാര്ട്ട്മെന്ിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുപത്തിയാറ് വയസ്സായിരുന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ നടന് അവസരങ്ങള്‍ കുറഞ്ഞത് മൂലം ഡിപ്രഷനിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. നിരവധി താരങ്ങളാണ് ജോലിയില്ലാത്തതിനാല്‍ ലോക്ഡൗണില്‍ ആത്മഹത്യ ചെയ്തത്. അക്ഷതിന്റെ മരണവും അത്തരത്തിലായിരുന്നു എന്നാണ് കരുതുന്നത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അക്ഷത് തന്റെ ഒരു സ്ത്രീ സുഹൃത്തിന്റെ ഒപ്പമാണ് കഴിഞ്ഞിരുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംഭവസമയത്ത് അന്ധേരി ആര്‍ടിഓയ്ക്ക് സമീപത്തുള്ള സ്ത്രീ സഹൃത്തിനൊപ്പമായിരുന്നു നടന് ഉണ്ടായിരുന്നത്. രാത്രി പതിനൊന്നരയോടെ വാഷ് റൂമില്‍ പോകാനായി എഴുന്നേറ്റപ്പോള്‍ അക്ഷതിനെ മരിച്ച നിലയില്‍ കാണുകയായിരുന്നുവെന്നാണ് പെണ്‍സുഹൃത്ത് പറഞ്ഞതെന്ന് പോലീസ് വ്യക്തമാക്കുന്നു. ഉടന്‍ തന്നെ പോലീസിനെ വിവരം അറിയിച്ചെന്നും ഉടന്‍ തന്നെ പോലീസെത്തി അക്ഷതിനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെന്നും എന്നാല്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേ തന്നെ താരത്തിന്റെ മരണം സ്ഥിരീകരിച്ചിരുന്നെന്നും പോലീസ് പറഞ്ഞു. അക്ഷതിന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികതയൊന്നും തോന്നിയിരുന്നില്ലെന്നും ഞായറാഴ്ച രാത്രി ഒന്നിച്ച് ഭക്ഷണം കഴിച്ച ശേഷമാണ് ഇരുവരും പിരിഞ്ഞതെന്നും അക്ഷതിന്റെ റൂംമേറ്റ് പറഞ്ഞു.
അതേസമയം അക്ഷതിന്റെ മരണം കൊലപാതകമാണ് എന്ന് ആരോപിച്ച് നടന്റെ കുടുംബവും രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം തുടങ്ങിയെന്നും പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.