ഉപ്പും മുളകും സീരിയലിലെ താരങ്ങളായ ബിജു സോപാനത്തിനും എസ് പി ശ്രീകുമാറിനുമെതിരെ ലൈംഗികാതിക്രമ പരാതി ഉയര്‍ന്നത് അടുത്തിടെയാണ്. സീരിയലിലിടെ നടി തന്നെയാണ് ഇരുവര്‍ക്കുമെതിരെ പരാതി നല്‍കിയത്. സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു ആരോപണം.
ചക്കപ്പഴം, ഉപ്പും മുളകും എന്നീ സിറ്റ്‌കോമുകളിലൂടെ ശ്രദ്ധിക്കപ്പെട്ടവരാണ് ബിജു സോപാനവും എസ്.പി ശ്രീകുമാറും. അതേസമയം പരാതിക്ക് പിന്നാലെ ശ്രീകുമാറിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് നടിയും ഭാര്യയുമായ സ്‌നേഹ രംഗത്തെത്തിയിരുന്നു. ഇതോടെ കടുത്ത അധിക്ഷേപമാണ് അവര്‍ക്ക് നേരിടേണ്ടി വന്നത്. എന്നാല്‍ തന്റെ ഭര്‍ത്താവിന്റെ നിരപരാധിത്വം അറിയുന്നത് കൊണ്ടാണ് പിന്തുണച്ചതെന്നായിരുന്നു അവര്‍ വ്യക്തമാക്കിയത്. എന്നാല്‍ കേസിനെ കുറിച്ച് കൂടുതല്‍ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ ഇക്കാര്യത്തില്‍ കൂടുതല്‍ വിശദമായി സംസാരിക്കുകയാണ് സ്‌നേഹ. തന്റെ യുട്യൂബ് ചാനലിലൂടെയാണ് സ്‌നേഹയുടെ പ്രതികരണം.
ശ്രീക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ എന്തുകൊണ്ടാണ് സംസാരിക്കാതിരുന്നത് എന്നത് പലരും ചോദിച്ചിരുന്നു. അതിന് വ്യക്തമായ കാരണം ഉണ്ടായിരുന്നു. ഈ സമയത്താണ് ആ വിഷയത്തില്‍ എന്തെങ്കിലും പ്രതികരിക്കാനുള്ള അവസ്ഥയിലേക്ക് ഞങ്ങള്‍ എത്തിയത്. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ ഞാന്‍ ഇക്കാര്യം വന്ന് സംസാരിച്ചിരുന്നു. അപ്പോള്‍ പലരും വന്ന് കമന്റ് ചെയ്തത് നിങ്ങള്‍ വൈകിപ്പോയി, ഇപ്പോഴല്ല പറയേണ്ടിയിരുന്നത്, മുന്‍പേ പറയണമായിരുന്നു വെന്നൊക്കെയാണ്. അങ്ങനെ കമന്റ് ചെയ്ത എല്ലാവരോടും പറയാനുള്ളത് ഈ കേസ് അത്ര സിമ്പിള്‍ അല്ലെന്നതാണ്.
പ്രത്യേകിച്ച് സ്ത്രീകള്‍ കൊടുക്കുന്ന പരാതി. തനിക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ നിവിന്‍ പോളി വന്ന് സംസാരിച്ചില്ലേ, എന്തുകൊണ്ട് ശ്രീ അങ്ങനെ വന്ന് സംസാരിച്ചില്ലെന്ന ചോദ്യവും ഉയര്‍ന്നു. ഓരോ കേസിനും ഓരോ രീതിയുണ്ട്, സ്വഭാവമുണ്ട്. അതുകൊണ്ട് തന്നെ ചിലര്‍ക്ക് അപ്പോള്‍ തന്നെ പ്രതികരിക്കാന്‍ പറ്റിയേക്കും, ചിലര്‍ക്ക് ഒരാഴ്ച കഴിഞ്ഞോ മാസം കഴിഞ്ഞോ ഒക്കെയെ പറയാന്‍ സാധിക്കൂ. ചിലര്‍ക്ക് ഇതിനെ കുറിച്ച് സംസാരിക്കാനേ കഴിയാത്ത അവസ്ഥയുണ്ടാകും. ചിലര്‍ക്ക് ഈ കേസ് കഴിഞ്ഞ് രണ്ട് മൂന്ന് വര്‍ഷം എടുത്തേക്കും. അങ്ങനെയൊക്കെയുള്ള സ്വഭാവം ഈ കേസുകള്‍ക്ക് ഉണ്ട്.
ഞാനും ശ്രീയും ഒരു ഉത്സവത്തില്‍ പങ്കെടുക്കുമ്പോഴാണ് ഇത്തരമൊരു കേസ് വന്നതിനെ കുറിച്ച് അറിയുന്നത്. ആ വാര്‍ത്ത കാണുമ്പോള്‍ മാത്രമാണ് ഈ സംഭവത്തെ കുറിച്ച് അറിയുന്നത്. ആ സമയത്ത് എനിക്ക് ആഗ്രഹമുണ്ടായിരുന്നു ഇത് അങ്ങനെയല്ല ഇങ്ങനെയാണെന്ന്. പക്ഷെ നമ്മളോട് ഏറ്റവും അടുത്ത നമ്മുടെ സുഹൃത്ത് ഈ കേസിന്റെ സ്വഭാവം ബോധ്യപ്പെടുത്തുകയായിരുന്നു. ഇന്നയാള്‍ എനിക്കൊരു കേസ് കൊടുത്തിട്ടുണ്ട്, അതല്ല നടന്നത് ഇതാണ് സത്യമെന്നൊക്കെ വന്നിരുന്ന് പറഞ്ഞാല്‍ തീരുന്ന കേസ് അല്ലിത്. ജാമ്യം എടുക്കണമായിരുന്നു. നിയമ വ്യവസ്ഥയില്‍ വിശ്വസിച്ചാണ് മുന്നോട്ട് പോകുന്നത്. സത്യം വിജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
ഈ വിഷയത്തില്‍ നിരവധി പേര്‍ കമന്റ് ചെയ്യുന്നുണ്ട്. ഒരുപാട് പേര്‍ പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ ചിലര്‍ കടുത്ത വിമര്‍ശനം ഉയര്‍ത്തി. ഭര്‍ത്താവ് എന്ത് തോന്നിയവാസവും കാണിച്ചാലും ന്യായീകരിക്കുന്നു വെളിപ്പിക്കുന്നു, ഒരു കുട്ടി ഉണ്ടായിപ്പോയില്ലേ വെളുപ്പിക്കണ്ടേ, ഭര്‍ത്താവ് കൈവിട്ട് പോയാല്‍ പിന്നെ എന്ത് ചെയ്യും പിന്നെ വേറെ ആരെ കിട്ടും എന്നൊക്കെയാണ് കമന്റ്.
ഇവരോടൊക്കെ പറയാനുള്ളത് വളരെ കൃത്യമായി ചിന്തിക്കാനും സംസാരിക്കാനും കഴിവുള്ള ആളാണ് ഞാന്‍. അത്യാവശ്യം വിദ്യാഭ്യാസവും ഉണ്ട്. എന്ത് കാണിച്ചാലും ന്യായീകരിക്കുന്ന ആളല്ല ഞാന്‍, അതിന് ഞാന്‍ നില്‍ക്കില്ല, ഇതുവരെ നിന്നിട്ടുമില്ല. എനിക്ക് കംഫേര്‍ട്ട് അല്ല എന്ന് തോന്നുന്ന സ്ഥലത്ത് നിന്ന് മാറി പോകലാണ് എന്റെ രീതി. തെറ്റ് ചെയ്ത ഒരാളെ ന്യായീകരിച്ച് വെളുപ്പിച്ച് അയാളുടെ കൂടെ തുടരേണ്ട മാനസിക നില അല്ല എന്റേത്. പഠിക്കുന്ന കാലം മുതല്‍ ജോലി ചെയ്ത് സ്വന്തം കാലില്‍ നില്‍ക്കുന്ന ആളാണ് ഞാന്‍. അതുകൊണ്ട് എന്ത് ചെയ്താലും കണ്ണടച്ച് ഇരുട്ടാക്കി ഒരാള്‍ക്കൊപ്പം ജീവിക്കണം എന്നൊരു മാനസികാവസ്ഥ എനിക്ക് ഇല്ല.
ശ്രീയുടെ കൂടെ നില്‍ക്കാന്‍ കാരണം ഈ വിഷയത്തില്‍ എന്താണ് സംഭവിച്ചതെന്ന കൃത്യമായ ധാരണ ഉള്ളതുകൊണ്ടാണ്. അത് പക്ഷെ പൊതു ഇടത്ത് പറയാന്‍ സാധിക്കാത്തത് നിയമം അനുവദിക്കാത്തതിനാലാണ്. ഒരുനാള്‍ ഞാന്‍ സത്യം തുറന്ന് പറയുക തന്നെ ചെയ്യും.
കമന്റ് ചെയ്യുന്നവരോട് അതുകൊണ്ട് പറയാനുള്ളത് എന്റെ കുടുംബത്തിനോ എനിക്കോ ഇല്ലാത്ത ആകുല ഈ ബന്ധത്തില്‍ നിങ്ങള്‍ക്ക് വേണ്ടെന്നതാണ്. എനിക്ക് പറ്റില്ലെന്ന് തോന്നിയാല്‍ പറ്റില്ല. അത്രയേ ഉള്ളൂ. പിന്നെ കഴിഞ്ഞ ദിവസത്തെ അഭിമുഖം കണ്ട് ചിലര്‍ പറഞ്ഞത് കൂടുതല്‍ സംസാരിക്കുന്നത് സ്‌നേഹയാണ്, ശ്രീകുമാറിന് അതിനെ കുറിച്ച് സംസാരിക്കാന്‍ പ്രശ്‌നമുണ്ട്, മുഖം കണ്ടോയെന്നൊക്കെയാണ്. ശ്രീ വളരെ ഇന്‍ട്രോവേര്‍ട്ടാണ്. വിവാഹം കഴിഞ്ഞത് മുതല്‍ ഇങ്ങോട്ടുള്ള ഏത് അഭിമുഖം എടുത്താലും മനസിലാകും ആള്‍ സംസാരിക്കുന്നത് കുറവാണ്. ഞാനാണ് കൂടുതലായി സംസാരിക്കാറുള്ളത്. കേസൊക്കെ ഉണ്ടായി അഭിമുഖത്തില്‍ ചിരിച്ച് സംസാരിക്കുന്നുവെന്നൊക്കെയുള്ള വിമര്‍ശനങ്ങളും വന്നു.
ആളുകള്‍ക്ക് മുന്നില്‍ വന്നിരുന്ന് കരഞ്ഞ് കൊണ്ട് കണ്ണീര് കാണിച്ചുകൊണ്ട് ഒരാളുടെ വിശ്വാസവും നേടിയെടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതല്ലാതെ തന്നെ എന്നെ ഇഷ്ടപ്പെടുന്നവര്‍ ഉണ്ട്. അതുമതി. അല്ലാതെ കള്ളക്കണ്ണീരുകൊണ്ട് ഒന്നും നേടാന്‍ ഉദ്ദേശിക്കുന്നില്ല. ഈ കേസില്‍ നിന്നും പിന്നോട്ട് പോകില്ല, മുന്നോട്ട് പോകും, സത്യം തെളിയിക്കുക തന്നെ ചെയ്യും. എന്നെ സംബന്ധിച്ച് ഞാന്‍ ഒരാളേയും ഉപദ്രവിക്കാന്‍ പോയിട്ടില്ല. കംഫേര്‍ട്ട് അല്ലാത്ത സ്ഥലത്ത് നിന്ന് മാറി നില്‍ക്കുക അല്ലാതെ അയാളെ പാര വെച്ച് പുറത്ത് ചാടിക്കാനോ അവരുടെ തൊഴില്‍ നഷ്ടപ്പെടുത്താനോ ഒന്നും നിന്നിട്ടില്ല. ഇതൊക്കെ പറയുമ്പോഴും ഒരു എനര്‍ജിയില്‍ ഞാന്‍ വിശ്വസിക്കുന്നുണ്ട്.
നമ്മുടെ കര്‍മ്മം ആണ് ദൈവം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. 24 മണിക്കൂറും പ്രാര്‍ത്ഥിച്ചിട്ട് മറ്റുള്ളവരെ ദ്രോഹിച്ച് കഴിഞ്ഞാല്‍ ഒരു കാര്യവുമില്ല. അതില്‍ നിന്നും ഒരു നേട്ടവും ഉണ്ടാകില്ല. മറ്റുള്ളവരെ സഹായിച്ചില്ലേലും ദ്രോഹിക്കാതിരിക്കുക. മറ്റുള്ളരെ ഉപദ്രവിച്ചിട്ട് പൊങ്കാല ഇട്ടിട്ടോ ചോറ്റാനിക്കരയില്‍ മകം തൊഴാന്‍ പോയിട്ടോ ഒന്നും ഒരു കാര്യവുമില്ലെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ദൈവത്തില്‍ എനിക്ക് വിശ്വാസമുണ്ട്. എന്നാല്‍ നമ്മുടെ പ്രവൃത്തിയും കൂടി ശരിയായാല്‍ മാത്രമേ ദൈവം എന്ന ആ എനര്‍ജി നമ്മുടെ കൂടെ നില്‍ക്കുകയുള്ളൂവെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്', സ്‌നേഹ പറഞ്ഞു.