നടന്‍ എസ്പി ശ്രീകുമാറിനെതിരെ സഹനടി ഉന്നയിച്ച ലൈംഗികാതിക്രമ പരാതിയില്‍ പ്രതികരിച്ച് ഭാര്യയും നടിയുമായ സ്‌നേഹ ശ്രീകുമാര്‍. 'ഉപ്പും മുളകും' സീരിയലില്‍ അഭിനയിച്ചിരുന്ന ഒരു നടി, അതേ പരമ്പരയിലെ അഭിനേതാക്കളായ ശ്രീകുമാറിനും ബിജു സോപ്പാനത്തിനും എതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. ഈ സംഭവത്തെക്കുറിച്ചാണ് സ്‌നേഹ ഇപ്പോള്‍ തുറന്നു സംസാരിച്ചത്. ആദ്യമൊക്കെ താന്‍ ഈ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കാതെ തമാശയായി കണ്ടിരുന്നെന്ന് സ്‌നേഹ പറയുന്നു.
വാര്‍ത്തകളില്‍ പേര് വന്നാല്‍ പ്രശസ്തി ലഭിക്കുമെന്നുപോലും കരുതി. പിന്നീട് തന്റെ സുഹൃത്തും അഭിഭാഷകയുമായ മനീഷ രാധാകൃഷ്ണനാണ് വിഷയത്തിന്റെ ഗൗരവം തനിക്ക് മനസ്സിലാക്കിത്തന്നത്. 'ഞങ്ങള്‍ നിരപരാധികളാണെന്ന് ഉറച്ച വിശ്വാസമുള്ളതുകൊണ്ട് പേടിയില്ല. പക്ഷേ നിയമപരമായ കാര്യങ്ങളില്‍ അറിവില്ലായിരുന്നു,' അവര്‍ പറഞ്ഞു. കേസ് നടന്ന സമയത്ത് താന്‍ ഒരിക്കലും ശ്രീകുമാറിന് സമ്മര്‍ദ്ദം നല്‍കിയിട്ടില്ലെന്നും സ്‌നേഹ കൂട്ടിച്ചേര്‍ത്തു.
ആരെക്കൊണ്ടും എന്നെ തകര്‍ക്കാന്‍ സാധിക്കില്ല. ഞാന്‍ വിഷമിച്ചേക്കാം, പക്ഷേ പിന്നീട് ശക്തിയായി തിരിച്ചുവരും. തോല്‍ക്കില്ല എന്നത് എന്റെ വാശിയാണ്,' അവര്‍ പറഞ്ഞു. ഇന്ത്യയിലെ നിയമവ്യവസ്ഥയിലൂടെയാണ് തങ്ങള്‍ നീതി നേടുകയെന്ന് സ്‌നേഹ ഊന്നിപ്പറഞ്ഞു. 'ആരും നമ്മെ രക്ഷിക്കില്ല, കോടതി മാത്രമാണ് വഴിയുള്ളത്. അല്ലെങ്കില്‍ കോംപ്രമൈസ് ചെയ്യണമെന്നാകും. പക്ഷേ അതിന് ഞാന്‍ തയ്യാറല്ല. 90 വയസ്സായാലും ഈ കേസില്‍ നിന്ന് പിന്മാറില്ല,' സ്‌നേഹയുടെ വാക്കുകള്‍ വ്യക്തമാക്കുന്നു.