Latest News

പതിനഞ്ചാം വയസില്‍ അഭിനയം നിര്‍ത്തി പഠനവുമായി മുമ്പോട്ട്; ബാംഗ്ലൂരിലെ പഠനത്തിന് ശേഷം ജോലിയ്ക്കായി ദുബൈയില്‍; പയ്യന്നൂര്‍ സ്വദേശിയെങ്കിലും ദീര്‍ഘകാലമായി കൊച്ചിയില്‍ താമസം; നാട്ടില്‍ വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയതിനിടെ കടുംകൈ; ഹരിമുരളിയുടെ സംസ്‌കാരം ഇന്ന്

Malayalilife
പതിനഞ്ചാം വയസില്‍ അഭിനയം നിര്‍ത്തി പഠനവുമായി മുമ്പോട്ട്; ബാംഗ്ലൂരിലെ പഠനത്തിന് ശേഷം ജോലിയ്ക്കായി ദുബൈയില്‍; പയ്യന്നൂര്‍ സ്വദേശിയെങ്കിലും ദീര്‍ഘകാലമായി കൊച്ചിയില്‍ താമസം; നാട്ടില്‍ വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയതിനിടെ കടുംകൈ; ഹരിമുരളിയുടെ സംസ്‌കാരം ഇന്ന്

ബാലതാരമായി തിളങ്ങിയ നടന്‍ ഹരിമുരളിയുടെ അകാല വേര്‍പാടിന്റെ നടുക്കത്തിലാണ് പ്രേക്ഷകര്‍. നാട് പയ്യന്നൂര്‍ ആണെങ്കിലും ഏറെക്കാലമായി കൊച്ചിയിലാണ് ഹരിമുരളിയും കുടുംബവും താമസിച്ചിരുന്നത്. ഇടയ്ക്ക് നാട്ടിലെ വിശേഷങ്ങള്‍ക്കും ചടങ്ങുകള്‍ക്കുമായാണ് ഇവര്‍ എത്താറുള്ളത്. ഏറെക്കാലത്തിനു ശേഷം നാട്ടില്‍ ഒരു വിവാഹത്തിന് പങ്കെടുക്കാനും നാട്ടിലെ ഉത്സവം കൂടാനും മറ്റുമായി എത്തിയതായിരുന്നു ഹരിമുരളി. രണ്ടു മൂന്നു ദിവസങ്ങള്‍ക്കു മുന്‍പ് പോലും നാട്ടിലെ തെയ്യത്തിന് പലരും ഹരിമുരളിയെ കണ്ടിരുന്നു. 

എല്ലാവരോടും വിശേഷങ്ങള്‍ ചോദിച്ച് ഊര്‍ജ്ജ്വസ്വലനായി നടന്നിരുന്ന ഹരിയുടെ മുഖം അടുത്ത ബന്ധുക്കളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കവേയാണ് ഈ അപ്രതീക്ഷിത വേര്‍പാട്. ഇടക്കാലത്ത് കടുത്ത വിഷാദത്തിലായിരുന്നു ഹരിമുരളിയെന്ന് അടുത്ത സുഹൃത്തുക്കള്‍ പറയുന്നു. സമൂഹമാധ്യമ അക്കൗണ്ടുകള്‍ എല്ലാം ഇതോടെ പൂട്ടി. പക്ഷേ, കലാകാരന്റെ പ്രക്ഷുബ്ധമായ മനസ്സും ജീവിതവും മനസ്സിലാക്കാന്‍ കഴിയുന്ന ഒരു കുടുംബം എന്നും ഹരിയെ ചേര്‍ത്തു പിടിച്ചിരുന്നുവെന്നും സുഹൃത്തുക്കള്‍ ഓര്‍ത്തെടുത്തു.

ചെറിയ പ്രായം മുതല്‍ ഒരുപാടു പേരുടെ സ്നേഹവും കരുതലും അനുഭവിച്ച വളര്‍ന്ന കുട്ടിത്താരമായിരുന്നു ഹരിമുരളി. അച്ഛന്‍ പയ്യന്നൂര്‍ മുരളി ഒരു നാടകസംവിധായകനും നടനും ആയിരുന്നതിനാല്‍ ഹരി വളര്‍ന്നത് നാടക ക്യാംപുകളിലായിരുന്നു. പ്രിയപ്പെട്ടവര്‍ സ്നേഹത്തോടെ അവനെ 'അപ്പൂസ്' എന്നു വിളിച്ചു. അച്ഛന്റെ സുഹൃത്ത് എഴുതിയ സീരിയലില്‍, 'ഗുഡ്മോണിങ് ടീച്ചര്‍' എന്നൊരു ഡയലോഗു പറയാന്‍ പോയതായിരുന്നു ഹരി. പക്ഷേ, അതൊരു തുടക്കമായിരുന്നു. അറിവുറയ്ക്കുന്ന പ്രായത്തിലെ അഭിനയത്തില്‍ ഹരിശ്രീ കുറിച്ചു ഹരിമുരളി. പിന്നീട്, നാല്‍പ്പതോളം സീരിയലുകളില്‍ താരം അഭിനയിച്ചു. കായംകുളം കൊച്ചുണ്ണിയില്‍ കൊച്ചുണ്ണിയുടെ മകന്റെ വേഷത്തിലായിരുന്നു ഹരി എത്തിയത്. 'രഹസ്യം' എന്ന സീരിയലും ഹരിയുടെ ജനപ്രീതി വര്‍ധിപ്പിച്ചു. 'കുട്ടിചാത്തന്‍' ആയിരുന്നു താരം അവസാനമായി അഭിനയിച്ച സീരിയല്‍.

എന്നാല്‍, സീരിയലിലൂടെ ലഭിച്ച ജനപ്രീതി ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പ്രായമായിരുന്നില്ല അന്നത്തേതെന്ന് എന്നായിരുന്നു പിന്നീട് ഹരിമുരളി വെളിപ്പെടുത്തിയത്. കാണുന്നവരെല്ലാം തിരിച്ചറിയുമ്പോഴും സ്നേഹത്തോടെ ചേര്‍ത്തുപിടിക്കുമ്പോഴും 'ഇതൊക്കെ എന്തിനാണ്' എന്നൊരു സംശയമായിരുന്നു ഹരിക്ക്. അടുത്ത വീട്ടിലെ കുട്ടികള്‍ കളിക്കാന്‍ കൂട്ടുന്നില്ല എന്ന സങ്കടമായിരുന്നു അപ്പോഴൊക്കെ. സിനിമയിലും സീരിയലിലും അഭിനയിക്കുന്ന കുട്ടി എന്ന ലേബല്‍ സമപ്രായക്കാര്‍ക്കിടയില്‍ അകലം സൃഷ്ടിച്ചു. അതൊഴിവാക്കാന്‍ അഭിനയം നിര്‍ത്തുക എന്ന തീരുമാനമായിരുന്നു അക്കാലത്ത് ഹരിമുരളി സ്വീകരിച്ചത്. പിന്നീട് അമര്‍ അക്ബര്‍ ആന്റണിയിലാണ് അഭിനേതാവ് എന്ന നിലയില്‍ പ്രത്യക്ഷപ്പെട്ടത്. സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നു അന്ന് അഭിനയിച്ചത്.

പതിനഞ്ചാം വയസ്സില്‍ അഭിനയം നിര്‍ത്തിയതാണ്. അഭിനയം പഠനത്തെ ബാധിക്കുന്നു എന്നു തോന്നിത്തുടങ്ങിയപ്പോഴാണ് അങ്ങനെയൊരു തീരുമാനം എടുത്തത്. പഠിച്ചതൊക്കെ ബാംഗ്ലൂരിലാണ്. അതിനു ശേഷം ജോലിയുമായി ബന്ധപ്പെട്ടു യുഎഇലേക്കു പോയി

സിനിമയില്‍ നല്ലൊരു തിരിച്ചുവരവ് ആഗ്രഹിച്ചിരുന്നു ഹരിമുരളി. സിനിമ തന്നെയായിരുന്നു മനസ്സിലും. സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം സിനിമയും നാടകവുമായും ബന്ധമുള്ളവര്‍. ചിദംബരം, ഗണപതി, ദീപക് പറമ്പോല്‍, ബാബു അന്നൂര്‍, മനോജ്.കെ.യു തുടങ്ങി നിരവധി താരങ്ങള്‍ ഹരിയുടെ ബന്ധുക്കളാണ്. വിഎഫ്എക്സ് ആര്‍ടിസ്റ്റ്, എഴുത്തുകാരന്‍, എഡിറ്റര്‍ അങ്ങനെ സിനിമയുമായി ബന്ധപ്പെട്ട മേഖലകളില്‍ തന്നെയായിരുന്നു ജോലിയും പ്രവര്‍ത്തനങ്ങളും. സിനിമയ്ക്കു വേണ്ടി തിരക്കഥകളും എഴുതിയിരുന്നു. 

നല്ലൊരു റിഎന്‍ട്രി ഉണ്ടാകുമെന്നായിരുന്നു മനോരമ ഓണ്‍ലൈന് അനുവദിച്ച അഭിമുഖത്തില്‍ ഹരിമുരളി ഉറപ്പിച്ചു പറഞ്ഞത്. പക്ഷേ, അതു സഫലമാകാന്‍ കാത്തു നില്‍ക്കാതെ ജീവിതം പാതി വഴിയില്‍ ഉപേക്ഷിച്ച് ഹരിമുരളി യാത്രയായി.

നടക- സിനിമ നടന്‍ പയ്യന്നൂര്‍ മുരളിയുടെയും പ്രസന്നയുടെയും മകനാണ് ഹരിമുരളി. രസികന് പുറമെ അണ്ണന്‍ തമ്പി, മാടമ്പി,ഡോണ്‍,പട്ടണത്തില്‍ ഭൂതം, ഉലകം ചുറ്റും വാലിബന്‍ തുടങ്ങി ഒടേറെ സിനിമകളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. നിരവധി ടെലിവിഷന്‍ സീരീയലുകളിലും അഭിനയിച്ചിട്ടുണ്ട്. ആറര വയസ്സിലാണ് രസികനിലെ വേഷം ഹരിമുരളി ചെയ്യുന്നത്

സംസ്‌കാരം: ഇന്ന് രാവിലെ 10ന് കാഞ്ഞങ്ങാട് ഇരിയയിലെ ലാലൂര്‍ തറവാട് വീട്ടില്‍

Read more topics: # ഹരിമുരളി
actor harimurali life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES