ഒരുസമയത്ത് സമൂഹമാധ്യങ്ങളില്‍ വലിയ ചര്‍ച്ചാ വിഷയമായ കാര്യമാണ് രേണു സുധിയുടെ വീടിന്റെ അവസ്ഥ. വീടുണ്ടാക്കി നല്‍കിയവരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായെന്നും വീടിന് ചോര്‍ച്ചയുണ്ടെന്നും രേണു പറഞ്ഞത് വലിയ വിവാദമാകുകയും വീടു വെച്ച സന്നദ്ധസംഘടന തന്നെ രേണുവിനെതിരെ രംഗത്തു വരികയും ചെയിതിരുന്നു. ഇപ്പോഴിതാ ഇടവേളക്ക് ശേഷം വീണ്ടും രേണവും വീടും വീണ്ടും ചര്‍ച്ചകളില്‍ ഇടംപിടിക്കുകയാണ്.
രേണുവിന്റെ സുഹൃത്തും അവതാരകയും ബിഗ്‌ബോസ് സീസണ്‍ 7 മല്‍സരാര്‍ത്ഥിയുമായ കെബി ശാരികയുടെ വീഡിയോയാണ് വിവാദത്തിന് കാരണംവീട് വെച്ചുനല്‍കി ഒരു വര്‍ഷം തികയും മുന്‍പേ അത് പൊളിഞ്ഞു തുടങ്ങിയിരിക്കുന്നു, ആര്‍ക്ക് കണ്ടാലുമത് മനസ്സിലാകുമെന്ന് പറഞ്ഞാണ് ശാരിക വീഡിയോ പങ്കിട്ടത്.
'നിന്റെ വീട് ഞാന്‍ കണ്ടു. നല്ലൊരു അന്തരീക്ഷത്തിലാണ് ഈ വീട്. പക്ഷേ ഒരു കാര്യം പറഞ്ഞോട്ടെ, ഇത് സംപ്രേക്ഷണം ചെയ്താല്‍ പ്രശ്‌നമുണ്ടോ ഇല്ലയോ എന്നെനിക്കറിയില്ല. മുന്‍പ് വിവാദമായി മാറിയ ഒരു സംഭവമാണിത്. എന്നു കരുതി അത് പറയാതിരിക്കാന്‍ എനിക്ക് പറ്റില്ല. ഞാന്‍ കുറെ തവണ ഈ വീട് കണ്ടിട്ടുണ്ട്. പുറത്തു നിന്ന് ഈ വീട് കണ്ടപ്പോള്‍ ഞാന്‍ എന്റെ കൂട്ടുകാരോട് പറഞ്ഞത്, രേണു പറഞ്ഞത് ശരിയാണല്ലോ എന്നാണ്. അവിടെയും ഇവിടെയുമൊക്കെ പൊളിഞ്ഞു കിടക്കുന്നു. നാലഞ്ചു വര്‍ഷമായിക്കാണും എന്നവര്‍ പറഞ്ഞപ്പോള്‍, ഞാന്‍ പറഞ്ഞു രണ്ടര വര്‍ഷമായിക്കാണും എന്നാണ്.
പക്ഷേ ഇവിടെ വന്ന് ചോദിച്ചപ്പോഴാണ് അറിയുന്നത്, ഈ വീട് പണിതിട്ട് ഒരു വര്‍ഷമായതേയുള്ളൂ എന്ന്. ഒരു വര്‍ഷമായ വീടിന്റെ അവസ്ഥയല്ല ഇതിന്. എന്റെ വീട് ഇതിനേക്കാളും പഴക്കമുള്ളതാണ്. 25 വര്‍ഷത്തോളമായി എന്റെ വീട് വെച്ചിട്ട്. അതിന് ഇത്രയും പ്രശ്‌നമില്ല. ഞാനിത് പറയുന്നത് ആരെയും വ്യക്തിപരമായി ഹനിക്കാനോ വിവാദമുണ്ടാക്കാനോ അല്ല. പുറത്തു നിന്നൊരാള്‍ അത് ആരായാലും, അതിന് അഭിമുഖമോ ക്യാമറയോ ഒന്നും വേണ്ട, ഒരു അയല്‍വാസിയായിട്ട് ഈ വീടിനെ നോക്കിയാല്‍ കാര്യങ്ങള്‍ മനസ്സിലാകും. അവിടെയും ഇവിടെയും പൊളിഞ്ഞു കിടക്കുന്നത് കാണാം. ഇതൊരു പത്തു വര്‍ഷമായ വീടാണെങ്കില്‍ കുഴപ്പമില്ല, ഒരു അഞ്ചു വര്‍ഷമെങ്കിലും ആയിട്ടുണ്ടെങ്കിലും സാരമില്ലെന്ന് വയ്ക്കാം. ഇതിപ്പോള്‍ ആകെ ഒരു വര്‍ഷം കഴിഞ്ഞതേയുള്ളൂ.
ഇങ്ങനെയാണോ ഒരാള്‍ക്ക് വീടുണ്ടാക്കി കൊടുക്കുന്നത്? അതുല്യ കലാകാരനായ കൊല്ലം സുധിയുടെ കുടുംബത്തിന് സാമ്പത്തിക സഹായവും വീടും വച്ചു കൊടുത്ത സുമനസ്സുകള്‍ക്ക് നന്ദി. പക്ഷേ അതിലൊരു കുറ്റമുണ്ടായാല്‍ അത് തുറന്നു പറയുന്നതില്‍ എന്താ പ്രശ്‌നം ? അവര്‍ ആരുടെയും അടിമയൊന്നുമല്ലല്ലോ. ആരും അരി കൊടുത്തു വാങ്ങിയതല്ലല്ലോ അവരെ. വീടിന്റെ മുന്നിലെ സിറ്റൗട്ട് മൊത്തം ഇടിഞ്ഞ് പൊളിഞ്ഞു. മനോഹരമായ ആര്‍ച്ചുണ്ട്, അതാകെ പൊടിഞ്ഞു പൊടിഞ്ഞു പോയിരിക്കുകയാണ്. ഇവിടെയുള്ളവരൊക്കെ സാധാരണ ആള്‍ക്കാരാണ്. അവര്‍ക്കിത് ഇടിച്ച് പൊളിക്കാനുള്ള ആരോഗ്യമില്ല. ഒരു പുതിയ വീട് കിടക്കുന്നത് പോലെയല്ല ഇത് കിടക്കുന്നത്. 2018 ലെ പ്രളയം ഒന്നും വന്നില്ലല്ലോ. അതിന് ശേഷം വെച്ച വീടല്ലേ ഇത്.
ആ വീട് എന്റെ മക്കള്‍ക്ക് തന്ന വീടാണ്. ഞാന്‍ ആ വീട്ടില്‍ കിടന്ന് ഉറങ്ങുന്നതില്‍ എനിക്ക് താല്‍പര്യമില്ല. ഞാനിപ്പോള്‍ ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്നത് ഒരു വീടിന് വേണ്ടിയാണ്. എന്റെ നിവൃത്തികേടു കൊണ്ടും നന്ദികേട് കാണിക്കേണ്ട എന്നു കരുതിയുമാണ് മാറിപോകാത്തത്. വാടക വീട്ടിലേക്ക് മാറണം എന്നാഗ്രഹിക്കുന്നുണ്ട്. വീട് മക്കള്‍ക്കായി അവിടെ കിടന്നോട്ടെ, കാരണമത് സുധിച്ചേട്ടനു വേണ്ടി മക്കള്‍ക്ക് നല്‍കിയ വീടാണത്. എനിക്കവിടെ നില്‍ക്കണമെന്നില്ല. എനിക്കൊരു ചാന്‍സ് കിട്ടിയാല്‍ ഞാനൊരു നല്ല വീടു വച്ച് മാറും. ഈ വീട് ഒരു സ്മാരകമായി അവിടെ നിലനിര്‍ത്തും എന്നൊക്കെ രേണു ബിഗ് ബോസില്‍ വെച്ച് എന്നോട് പറഞ്ഞിരുന്നു...
ഞാനിപ്പോള്‍ പറയുന്ന കാര്യങ്ങള്‍ രേണുവിനോട് പറഞ്ഞിട്ടല്ല പറയുന്നത്. എന്റെ മനസ്സില്‍ തോന്നിയ കാര്യമാണിത്. ഞാനിതു പറയുന്നത് കേട്ടിട്ട് രേണു പോലും ഞെട്ടുന്നുണ്ട്. സ്?ക്രിപ്റ്റഡല്ലയിത്...രേണു പറഞ്ഞ കാര്യങ്ങള്‍ നൂറു ശതമാനം സത്യമാണ്. ഇത്രയും മീഡിയകള്‍ ഇവിടെ കയറി ഇറങ്ങുന്നതല്ലേ. ഒരാള്‍ അതിനെക്കുറിച്ച് കാണിച്ചിട്ടുണ്ടോ. എല്ലാവരും രേണുവിനെ കുറ്റം പറയാറുണ്ട്. ഞാന്‍ വഴിയില്‍ നിന്ന് കയറി വന്നപ്പോള്‍ ഈ വീടിന്റെ മുകളിലേക്കാണ് നോക്കിയത്. മൊത്തം അഴുക്ക് പിടിച്ച് അവിടെയും ഇവിടെയും പൊളിഞ്ഞ് കിടക്കുന്നു. എങ്ങനെയാണ് ഒരു പുതിയ വീട് ഇങ്ങനെ പൊളിയുക, ഏതെങ്കിലും മീഡിയയെങ്കിലും ഇത് കാണിച്ചിട്ടുണ്ടോ ?... '' ശാരിക വീഡിയോയില്‍ പറഞ്ഞു.
ഈ വീഡിയോ പുറത്ത് വന്നതോടെ പ്രതികരണവുമായി
വീട് നിര്‍മ്മിച്ച നല്‍കിയ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുന്ന ഫിറോസ് രംഗത്ത് എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ ആയിരുന്നു ഫിറോസിന്റെ പ്രതികരണം. ഫിറോസിന്റെ വാക്കുകള്‍: താന്‍ ജീവിതത്തിലെടുത്ത ഏറ്റവും മണ്ടന്‍ തീരുമാനമായിരുന്നു ആ കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കുക എന്നത്. അതില്‍ എനിക്കിപ്പോഴും കുറ്റബോധമുണ്ട്
പഴയ വിവാദങ്ങള്‍ക്ക് ശേഷം ഞങ്ങളുടെ കാര്യത്തില്‍ എന്ത് സംഭവിച്ചു എന്നത് പലര്‍ക്കും അറിയില്ല. രേണു ഒരുപാട് സീരിയലുകളും ഷോകളും ഉദ്ഘാടനങ്ങളും ഒക്കെയായി സോഷ്യല്‍ മീഡിയയില്‍ ആക്ടീവ് ആണ്. എന്നാല്‍ അവര്‍ക്ക് വീടുണ്ടാക്കി നല്‍കിയതിന്റെ പേരില്‍ സോഷ്യല്‍ മീഡിയ വഴി ഒരുപാട് ചീത്തപ്പേര് കേള്‍ക്കേണ്ടി വന്നു. ശത്രുക്കള്‍ക്ക് ഇത് കേട്ട് സന്തോഷിക്കാം. രേണുവിന് വീട് നിര്‍മ്മിച്ചു നല്‍കിയതുമായി ബന്ധപ്പെട്ടിട്ടുണ്ടായ വിവാദങ്ങള്‍ക്ക് ശേഷം ഞങ്ങളുടെ ബിസിനസ് ഡള്‍ ആയി. നല്ലൊരു ചീത്തപ്പേര് രേണുവും അവരെ സപ്പോര്‍ട്ട് ചെയ്യുന്നവരും ഞങ്ങള്‍ക്ക് തന്നു. ഞങ്ങള്‍ ചെയ്യുന്ന വര്‍ക്കുകള്‍ നിലവാരമില്ലാത്തതാണെന്ന ഒരു ഭയം ജനമനസുകളില്‍ നിറക്കാന്‍ സോഷ്യല്‍ മീഡിയ വഴി രേണുവിനും സുഹൃത്തുക്കള്‍ക്കും കഴിഞ്ഞു. അതില്‍ അവര്‍ വിജയിച്ചു. അന്ന് ഞങ്ങളുടെ ഗ്രൂപ്പില്‍ വര്‍ക്കൊക്കെ എല്ലാവര്‍ക്കും നല്ല രീതിയില്‍ കിട്ടിയിരുന്നു. ഇപ്പോള്‍ വര്‍ക്കൊക്കെ കുറവാണ്. രേണുവിനെ സഹായിച്ചു എന്നതിന്റെ പേരില്‍ ഒരുപാട് പേരെ പട്ടിണിക്കിടാന്‍ പറ്റില്ല. ഞങ്ങളുടെ വര്‍ക്കിനെ ആശ്രയിച്ചു നില്‍ക്കുന്ന ഒരുപാട് തൊഴിലാളികളും അവരുടെ കുടുംബങ്ങളുമുണ്ട്. അവരെയൊക്കെ ഇത് ഭയങ്കരമായി ബാധിച്ചിട്ടുണ്ട്. ഒരുപാട് പേര് ഇതിന്റെ പേരില്‍ ബുദ്ധിമുട്ടുന്നുണ്ട്.
ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ചാണ് വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. വീടിന്റെ ഉള്ളില്‍ ജിപ്സം പ്ലാസ്റ്ററിങ് ചെയ്തു തന്ന വ്യക്തിയോട് തന്നെ വീടിന്റെ പുറത്തും ജിപ്സം പ്ലാസ്റ്ററിങ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് ഇത്ര വലിയ പ്രശ്നമാകുമെന്ന് വിചാരിച്ചില്ല. അവരിങ്ങനെ പ്രതികരിക്കുമെന്നും വിചാരിച്ചില്ല. വീടിനൊരു വിള്ളലോ, കോണ്‍ക്രീറ്റിന് എന്തെങ്കിലും തകരാറുകളോ ഒന്നും ഉണ്ടായിട്ടില്ല. രേണുവും രേണുവിന്റെ അച്ഛനും കൂടി ഒരുപാട് ഞങ്ങളെ ഉപദ്രവിച്ചു. ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ഒരുപാട് ആള്‍ക്കാര് ഇപ്പോള്‍ ജോലിയില്ലാത്ത അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. പുതിയ കസ്റ്റമേഴ്സ് ഒന്നും ഞങ്ങളെ തേടി വരുന്നില്ല. പലരും ജോലിയില്ലാതെ ബുദ്ധിമുട്ടിലാണെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു. ഇനിയെങ്കിലും ഞങ്ങളെ വെറുതെ വിടണം. ഞങ്ങള്‍ക്ക് ഫണ്ട് കിട്ടിക്കഴിഞ്ഞാല്‍ രേണുവിന്റെ വീടിന്റെ പ്ലാസ്റ്ററിങ് ഫ്രീ ആയിട്ട് ചെയ്തു തരാമെന്നും ഫിറോസ് വാഗ്ദാനം ചെയ്തു.