ശ്രീനിഷിന്റെയും പേളിയുടെയും വിവാഹം കഴിഞ്ഞ സന്തോഷത്തിലാണ് പേളിഷ് ആരാധകര്‍. ക്രിസ്ത്യന്‍ ആചാരപ്രകാരവും ഹിന്ദു ആചാരപ്രകാരവും നടന്ന ചടങ്ങുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പേളിയും ശ്രീനിഷും തങ്ങളുടെ വിവാഹചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. വിവാഹശേഷം പേളി പങ്കുവച്ച ഒരു ചിത്രവും കുറിപ്പുമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്.
ബിഗ്‌ബോസിലെ പ്രണയജോഡികളായിരുന്ന പേളി മാണിയുടെ ശ്രീനിഷ് അരവിന്ദും ക്രിസ്ത്യന്‍ ആചാരപ്രകാരം ഞായറാഴ്ചയാണ് വിവാഹിതരായത്. വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ വിവാഹച്ചടങ്ങുകള്‍ ആരംഭിച്ചിരുന്നു. വിവാഹശേഷം കൊച്ചിയില്‍ നടന്ന റിസെപ്ഷനില്‍ മമ്മൂക്കയടക്കമുളള പ്രമുഖ നടന്മാരും സിനിമാ-സീരിയല്‍ രംഗത്തെ പ്രമുഖരും പങ്കെടുത്തിരുന്നു. ഇന്നലെ ശ്രീനിയുടെ സ്വദേശമായ പാലക്കാട് ഹിന്ദു ആചാരപ്രകാരം ഇവര്‍ വീണ്ടും വിവാഹതിരായി. ക്രിസ്ത്യന്‍ വധുവായി തിളങ്ങിയ പേളി ഹിന്ദു വധുവായി അണിഞ്ഞൊരുങ്ങിയാണ് എത്തിയത്.
. ലളിതമായിരുന്നു പാലക്കാട്ടെ വിവാഹചടങ്ങുകള്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. ബിഗ്ബോസ് ഹൗസില്‍ നിന്നും സുരേഷും ഷിയാസും ചടങ്ങില്‍ എത്തിയിരുന്നു.
അതേസമയം പേളിയുടെ കല്യാണസാരിയിലെ സര്‍പ്രൈസും ആരാധകരെ അമ്പരപ്പിച്ചിരുന്നു. പേളിയുടെയും ശ്രീനിയുടെയും ചിത്രം മുന്താണിയില്‍ തുന്നിചേര്‍ത്ത് പ്രത്യേകം തയ്യാറാക്കിയ സാരിയായിരുന്നു പേളി കല്യാണത്തിന് ധരിച്ചത്. തനിക്ക് തന്റെ വരും തലമുറയ്ക്ക് കൈമാറാന്‍ പറ്റുന്ന ഒരു സാരിയാണ് അതെന്നും സാരി ആദ്യം കണ്ടപ്പോള്‍ തന്റെ കണ്ണു നിറഞ്ഞെന്നും പേളി പറഞ്ഞിരുന്നു. ചടങ്ങിനിടയിലെ ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മനോഹരമായ ടാഗുകളോടെയാണ് പേളി ചിത്രങ്ങള്‍ പങ്കുവച്ചത്. എന്നാല്‍ ഇന്ന് തന്റെ ജീവിതത്തിലെ രണ്ട് ഹീറോകളുടെ കൂടെയുളള ചിത്രം പങ്കുവച്ചതാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.
അച്ഛന്‍ മാണി പോളിന്റെയും ശ്രീനിഷിന്റെയും നടുക്ക് ചേര്‍ന്നാണ് പേളി നില്‍ക്കുന്നത്. മാണി പോളും ശ്രീനിഷും ക്യാമറയിലേക്ക് നോക്കുമ്പോള്‍ പേളി ഇവരെ രണ്ടു പേരെയും ചിരിയോടെ നോക്കുന്നതാണ് ചിത്രത്തിലുളളത്. വിവാഹശേഷം ഒരു പെണ്‍കുട്ടിക്ക് ജീവിതത്തില്‍ രണ്ട് ഹീറോകളാണ് ഉണ്ടാകുന്നതെന്നും തന്നില്‍ അവര്‍ക്കുളള വിശ്വാസത്തിന് താന്‍ അവരെ അഭിമാനമുളളവരാക്കുമെന്നും പേളി കുറിക്കുന്നു.
തന്റെ സ്വപ്നങ്ങള്‍ നേടാന്‍ എപ്പോഴും തന്റെ ഒപ്പം നിന്ന് പ്രോത്സാഹിപ്പിക്കുന്ന അച്ഛനെയും ഭര്‍ത്താവിനെയും താന്‍ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്നും പേളി കുറിച്ചിട്ടുണ്ട്. ഈ ചിത്രം കണ്ട് സന്തോഷം കൊണ്ട് താന്‍ കരയുകയായിരുന്നുവെന്നും പേളി പറയുന്നു. ചിത്രം അതിമനോഹരമാണെന്നും അത് ഫ്രെയിം ചെയ്ത് വയ്ക്കണമെന്നുമൊക്കെ ആരാധകര്‍ പറയുന്നുണ്ട്. മുന്‍പ് കുട്ടിയായിരിക്കുമ്പോള്‍ അച്ഛന്റെ കയ്യിലിരിക്കുന്ന തന്റെ ഒരു ചിത്രവും ശ്രീനിഷിനോടൊപ്പമുളള ഒരു ചിത്രവും പേളി പങ്കുവച്ചിരുന്നു. രണ്ടുപേരും തന്നെ നോക്കുന്നത് ഒരു പോലെ ആണെന്നായിരുന്നു ചിത്രം പങ്കുവച്ചുകൊണ്ട് പേളി പറഞ്ഞത്.