ലോക്ക്ഡൗണിന് ശേഷം മലയാളം ടെലിവിഷനില്‍ നിരവധി പുതിയ പരിപാടികള്‍ അവതരിപ്പിച്ച സീ കേരളം പ്രേക്ഷകര്‍ക്കായി നവംബര്‍ അവസാനത്തോടെ പുതിയ ഒരു സീരിയലുമായി എത്തുന്നു. 'കൈയ്യെത്തും ദൂരത്ത്' എന്ന് പേരിട്ടിരിക്കുന്ന പുതിയ പരമ്പര രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന ചാനലിന്റെ പ്രേക്ഷകര്‍ക്കുള്ള സമ്മാനം കൂടിയാണ്. പുതിയ സീരിയൽ ഈ വരുന്ന തിങ്കളാഴ്ച വൈകുന്നേരം 8.30 മുതൽ സീ കേരളത്തിൽ സംപ്രേഷണം ചെയ്തു തുടങ്ങും.
മലയാളികളുടെ പ്രിയ നടന്‍ സായ്കുമാറിന്റെ മകള്‍ വൈഷ്ണവി അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന സീരിയലാണെന്ന സവിശേഷത കൂടി 'കയ്യെത്തും ദൂരത്തി'നുണ്ട്. കനക ദുര്‍ഗ എന്ന വില്ലൻ സ്വഭാവമുള്ള കഥാപാത്രത്തെയാണ് വൈഷ്ണവി സീരിയലില്‍ അവതരിപ്പിക്കുന്നത്. മലയാളത്തിലെ പ്രമുഖ മിനിസ്‌ക്രീന്‍ താരങ്ങളുടെ ഒരു നിര തന്നെ ഈ സീരിയലിലും ഉണ്ട്. പ്രശസ്ത നടി ലാവണ്യ നായര്‍ കൃഷ്ണ പ്രിയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സജീഷ് നമ്പ്യാര്‍, കൃഷ്ണ പ്രിയ എന്നിവരാണ് സീരിയലിലെ പ്രണയജോഡികളുടെ വേഷം ചെയ്യുന്നത്. ആദിത്യനും തുളസിയുമായിട്ടാകും ഇവർ 'കയ്യെത്തും ദൂരത്തിലൂടെ' മലയാളി പ്രേക്ഷകർക്ക് മുന്നിൽ എത്തുക. പ്രശസ്ത താരം തൃശൂര്‍ ആനന്ദ് കൃഷ്ണപ്രിയയുടെ ഭർത്താവായ ജയശീലൻ എന്ന കഥാപാത്രത്തെ സീരിയലിൽ അവതരിപ്പിക്കുന്നു. കൃഷ്ണപ്രിയയുടെ സഹോദരൻ കൃഷ്ണപ്രസാദിന്റെ വേഷത്തിൽ എത്തുക പ്രമുഖ താരം ശരൺ ആണ്.
സമീപകാലത്ത് സീ കേരളം അവതരിപ്പിച്ച 'കാര്‍ത്തികദീപം' സീരിയലിനും വിനോദ പരിപാടികളായ 'മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ്', 'ലെറ്റ്‌സ് റോക്ക് എന്‍ റോള്‍' എന്നിവയ്ക്കും മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. ഇവയുടെ തുടര്‍ച്ചയായാണ് പുതിയ സീരിയലും വരുന്നത്.
കൈയ്യെത്തും ദൂരത്തായിട്ടും കാതങ്ങള്‍ അകലെയായിപ്പോയ ഒരു കുടുംബത്തിന്റെ കഥയാണ് സീരിയല്‍ പറയുന്നത്. പരസ്പരം സ്‌നേഹിച്ചു സന്തോഷത്തോടെ ജീവിക്കുന്ന ഒരു സഹോദരനും സഹോദരിയും അവരുടെ കുടുംബവും. എന്നാല്‍ സഹോദരന്റ ഭാര്യ തനിക്ക് ഉണ്ടാകാന്‍ പോകുന്ന കുഞ്ഞു ആണ്‍കുട്ടിയാകാന്‍ ആഗ്രഹിക്കുന്നു. എന്നാൽ വിധി മറ്റൊന്നാകുന്നു. പരസ്പരം വൈരികളായി തീരുന്ന സഹോദരന്റെ മകനും സഹോദരിയുടെ മകളും ഒരുനാൾ പരസ്പരം ഇഷ്ടപ്പെടുന്നിടത്താണ് സീരിയലിന്റെ തുടക്കം. വീട്ടിൽ പല പ്രതിസന്ധികളേയും അതിജീവിച്ച ഒന്നാകാനാകുമോ ഇവർക്കെന്നതാണ് 'കയ്യെത്തും ദൂരത്ത്' പറയുന്നത്.സീരിയലിന്റെ ഒരു പ്രോമോ സീ കേരളം സോഷ്യല്‍ മീഡിയയിലൂടെ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്ത് വിട്ടിരുന്നു.