24 വര്‍ഷമായി മലയാള സീരിയല്‍ രംഗത്ത് സജീവസാന്നിധ്യമാണ് സാജന്‍ സൂര്യ. സ്ത്രീയിലെ ഗോപനും അമ്മതൊട്ടിലിലെ ശരത് ചന്ദ്രനും കുങ്കുമപൂവിലെ മഹേഷുമെല്ലാം സാജന്‍ സൂര്യയെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരനാക്കി. മിനിസ്‌ക്രീന്‍ മേഖലയിലെ തന്റെ നീണ്ട കരിയറിനെ കുറിച്ചും പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്ന പ്രതികരണത്തെ കുറിച്ചും സാജന്‍ സൂര്യ പങ്ക് വച്ചതാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
സീരിയലിലെ മമ്മൂട്ടി എന്ന വിശേഷണത്തെ കുറിച്ച് സാജന്‍ സൂര്യയുടെ പറയുന്നതിങ്ങനെ. ഇപ്പോഴും അങ്ങനെ പറയുന്നവരുണ്ട്. വര്‍ഷങ്ങളായി എന്നെ കാണുന്നുണ്ട്. കാര്യമായ മാറ്റമൊന്നും തോന്നാത്തത് കൊണ്ടാവും അങ്ങനെ വിളിക്കുന്നത്. പിന്നെ വര്‍ക്കൗട്ടും ജനറ്റിക് ആയിട്ടുള്ള കാര്യങ്ങളുമൊക്കെ കൊണ്ടായിരിക്കും. അല്ലാതെ മമ്മൂക്കയുമായി താരതമ്യപ്പെടുത്താന്‍ യാതൊരു യോഗ്യതയുമില്ലാത്ത ആളാണ് ഞാന്‍. അദ്ദേഹം കലാമേഖലയ്ക്ക് നല്‍കിയ സംഭവന ചിന്തിക്കാന്‍ പോലും പറ്റില്ല. കൊതിയോടെ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് അതൊക്കെ. അദ്ദേഹത്തിന്റെ പേര് വെച്ച് കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ടെന്നും' സാജന്‍ പറയുന്നു.
ഗീതാഗോവിന്ദം തുടങ്ങിയ സമയത്ത് ഭയങ്കര ഹേറ്റേഴ്സ് ആയിരുന്നു. ഈ കിളവന് വേറെ പണിയില്ലേ? ഇയാള്‍ ഇപ്പോഴും പ്രേമിച്ചോണ്ട് നടക്കുകയാണോ? എന്ന് തുടങ്ങി ആദ്യത്തെ അമ്പത് എപ്പിസോഡ് വരെ ഭയങ്കര നെഗറ്റീവ് കമന്റുകളായിരുന്നു. ഇതൊരു പ്രൊഫഷണല്‍ ജെലസി കാരണം നമ്മുടെ കൂടെയുള്ള ആരെങ്കിലുമാണോ ഇങ്ങനൊരു കമന്റ് ഇടുന്നതെന്ന് ചിന്തിച്ചിട്ടുണ്ട്. ആ സമയത്ത് വായിച്ചെങ്കിലും നെഗറ്റീവ് കൂടിയതോടെ കമന്റ് ശ്രദ്ധിക്കാതെയായി. പക്ഷേ പിന്നീട് ആ സീരിയലിലെ കഥാപാത്രങ്ങളെ ഏറ്റെടുത്ത് കുറച്ച് കുട്ടികള്‍ വന്നു.
അവര്‍ ഫാന്‍സ് പേജ് തുടങ്ങി. സീരിയലില്‍ കണ്ടെന്റ് മോശമായപ്പോള്‍ ഗീതാഗോവിന്ദം കാണുന്നത് നിര്‍ത്തിയെന്ന് പബ്ലിക്കായി പോസ്റ്റ് ഇട്ടു. അത്രയ്ക്കും താല്‍പര്യമുള്ള ഗീതാഗോവിന്ദം ഫാന്‍സുണ്ട്. സീരിയലുകളെ കുറിച്ച് ട്രോളുകള്‍ വരുന്നതൊക്കെ പ്രൊമോ മാത്രം കണ്ട് ചെയ്യുന്നവരാണ്. എന്റെ അമ്മയും ഭാര്യയുമൊക്കെ സീരിയല്‍ കണ്ടിട്ട് ആരുടെ സാരി ഉടുത്തതാണ് നല്ലതെന്ന് പറയാറുണ്ട്. കഥ മാത്രമല്ല വസ്ത്രവും ആളുകള്‍ ശ്രദ്ധിക്കും. ചില സമയത്ത് പരസ്യ ചിത്രങ്ങള്‍ ചെയ്യുമ്പോള്‍ മാക്സിമം സാരി കാണിക്കണം എന്നാണ് സംവിധായകന്‍ ആവശ്യപ്പെടുന്നത്. കാരണം അവിടെ വേറൊന്നും ചെയ്യാനില്ല. ഒപ്പം അത് കാണാന്‍ ആളുണ്ടാവും
ബംഗ്ലാവില്‍ ഔത എന്ന സിനിമയില്‍ ഭാവനയുടെ കൂടെ നായകനായി അഭിനയിച്ചതിനെക്കുറിച്ച് സാജന്‍ പറഞ്ഞത് ഇങ്ങനെ. ഈ സിനിമയ്ക്ക് ശേഷം ഒന്നര രണ്ട് വര്‍ഷത്തോളം ഞാന്‍ വെറുതേ വീട്ടിലിരുന്നു. അന്ന് എന്റെ ധാരണ ഈ സിനിമയില്‍ ഭാവനയുടെ കൂടെ നല്ലൊരു പാട്ട് ഉണ്ട്. അത് ഇറങ്ങുമ്പോള്‍ എല്ലാവരും എന്നെ പൊക്കിക്കൊണ്ട് പോകുമെന്നാണ്. അങ്ങനെ വിചാരിച്ച മണ്ടനാണ് ഞാന്‍. സിനിമയ്ക്ക് നമ്മളെ ആവശ്യമില്ല. നമുക്കാണ് സിനിമയെ ആവശ്യം. നമ്മള്‍ ശ്രമിച്ച് കൊണ്ടിരിക്കണം. എന്റെ ഭാഗത്ത് നിന്ന് അങ്ങനൊരു ശ്രമം ഉണ്ടായില്ല. അത് ഉണ്ടാവണമെന്നാണ് എനിക്ക് പറയാനുള്ളത്. സീരിയലിലെ ഇന്നത്തെ പ്രധാന മുഖങ്ങളെടുക്കുമ്പോള്‍ അതിലൊരാള്‍ ഞാനാണ്.
തിങ്കല്‍ മുതല്‍ വെള്ളി വരെ എന്ന സിനിമയില്‍ റിമി ടോമി എന്റെ പേര് ഇതുപോലെ പറയുന്നുണ്ട്. സത്യത്തില്‍ പത്ത് വര്‍ഷത്തില്‍ അഞ്ചോ ആറോ സീരിയലുകളാണ് ഞാന്‍ ചെയ്തത്. സീരിയലുകള്‍ ഹിറ്റായത് കൊണ്ടാണ് ആളുകളുടെ മനസില്‍ ഞാന്‍ നിറഞ്ഞ് നില്‍ക്കുന്നതിന് കാരണം. സീരിയലില്‍ ദിവസവും കാണുന്നു, ഇനി സിനിമയിലെങ്ങനെ കാണിക്കും എന്ന് ചിന്തിച്ചിട്ടാവാം തനിക്ക് സിനിമയിലേക്കുള്ള അവസരങ്ങള്‍ വരാത്തത്. ഇപ്പോള്‍ കാര്യങ്ങളും സാഹചര്യവും മാറി വരുന്നുണ്ട്. അങ്ങനൊരു മാറ്റം ഉണ്ടാവുമെന്നാണ് പ്രതീക്ഷ, സാജന്‍ പറയുന്നു.
അഭിനയിച്ച സിനിമയിലെ എന്റെ പാട്ട് നല്ലതായിരുന്നു. അന്നെനിക്ക് ഡാന്‍സ് കളിക്കാന്‍ മടിയായിരുന്നു. കുറച്ചൂടി നന്നായി കളിച്ചിരുന്നെങ്കില്‍ ആ പാട്ട് നന്നായേനെ എന്നെനിക്ക് പിന്നീട് തോന്നി. ഡാന്‍സ് എനിക്ക് പറ്റില്ലെന്ന് എന്നോ മനസില്‍ കയറി കൂടിയിരുന്നു. പക്ഷേ അടുത്തിടെ എന്തും ചെയ്യാന്‍ സാധിക്കുമെന്ന ബോധ്യം വന്നു. ഈ ആറ്റിറ്റിയൂഡ് അന്നുണ്ടായിരുന്നെങ്കില്‍ ഇതുപോലെ ആയിരിക്കില്ല സംഭവിക്കുക. കുറച്ചൂടി ഉയരത്തിലേക്ക് പോകാമായിരുന്നുവെന്നും സാജന്‍ പങ്ക് വച്ചു.