16 മത്സരാര്‍ഥികളുമായി ജൂണ്‍ 24 ന് ആരംഭിച്ച ഷോയാണ് ബിഗ്ബോസ്. ഒരോ ആഴ്ചയും ഓരോ മത്സരാര്ഥിവീതം പുറത്തായി ഇപ്പോള്‍ 16 പേരില്‍ നിന്ന് 8 പേര് മാത്രമാണ് ഷോയിലെത്തിയിരിക്കുന്നത്. ഈ വാരം വീണ്ടുമൊരു എലിമിനേഷന് എപിസോഡിലേക്ക് ഷോ എത്തിയതോടെ ആരൊക്കെയാകും ഇക്കുറി പുറത്തുപോവുകയെന്നതിനെകുറിച്ച് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്.
ഷിയാസും അതിഥിയുമൊഴിച്ച് എല്ലാവരും ബിഗ്ബോസ് എലിമിനേഷനില്‍ എത്തിയിരിക്കുകയാണ് എന്നതാണ് ഈ വാരത്തിലെ എലിമിനേഷന് പ്രക്രിയയെ ഏറ്റവും ആകാംക്ഷാഭരിതമാക്കുന്നത്. സാബുവിനും അര്‍ച്ചനയ്ക്കും ശ്രീനിക്കും പേളിക്കും നാലുവോട്ട് വീതവും ബഷീറിന് രണ്ടു വോട്ടും, സുരേഷിന് ഒരു വോട്ടുമാണ് നോമിനേഷനില്‍ ലഭിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ സാബു, അര്‍ച്ചന, ശ്രീനി, പേളി എന്നിവരില്‍ ആരെങ്കിലുമാകും ഇത്തവണ പുറത്തേക്ക് പോവുകയെന്നാണ് ലഭിക്കുന്ന സൂചനകള്‍.
അതേസമയം നറുക്ക് സാബുവിന് തന്നെയെന്നാണ് സോഷ്യല്‍മീഡിയയില്‍ ഒരു കൂട്ടം ആള്ക്കാര് പറയുന്നത്. വനിതാ നേതാവിനെ അശ്ലീല പോസ്റ്റിലൂടെ അപമാനിച്ച കേസില്‍ അറസ്റ്റ് നേരിടുന്ന വ്യക്തിയാണ് സാബു. സാബുവിനെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് സമ്മര്ദ്ദമേറിയതോടെ ബിഗ്ബോസ് അണിയറ പ്രവര്‍ത്തകരെ പോലീസ് ബന്ധപ്പെട്ടിരുന്നു എന്നാണ് സൂചന. പെട്ടെന്ന് സാബുവിനെ പുറത്താക്കിയാല്‍ ഷോ പ്രതിസന്ധി നേരിടേണ്ടി വരുമെന്നതിനാല്‍ തന്നെ ഒരു എലിമിനേഷനിലൂടെ സാബുവിനെ പുറത്താക്കാനാകും അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുകയെന്നാണ് കരുതുന്നത്. എന്നാല്‍ ശക്തനായ മത്സരാര്‍ഥിയായ സാബു പോയാല്‍ പിന്നെ ഷോ കാണാന്‍ ആളില്ലാതെ വരുമെന്നും അതുകൊണ്ട് തന്നെ സാബു ഫൈനല്‍ വരെ എത്തുമെന്നുമാണ് സാബു ഫാന്‍സ് പറയുന്നത്. മികച്ച പ്രേക്ഷക പിന്തുണയുളള പേളിയും ശ്രീനിയും സേഫ് ആകും എന്നതിനാല്‍ തന്നെ അര്‍ച്ചന ആകും ഈ വാരം പുറത്തുപോവുകയെന്നാണ് ഒരു വിഭാഗം പറയുന്നത്. അതേസമയം അര്‍ച്ചന പുറത്തുപോയാല്‍ സ്ത്രീ പുരുഷ അനുപാതം നേര്‍പകുതി ആകുമെന്നതിനാല്‍ ഏതെങ്കിലും പുരുഷനെ ആകും ഇക്കുറി എലിമിനേറ്റ് ചെയ്യുകയെന്നും അതിനാല്‍ സാബു അല്ല പുറത്തുപോകുന്നതെങ്കില്‍ പിന്നെ നറുക്ക് ബഷീറിനാണെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.