എല്ലാവരും ലോക്ഡൗണിലിരിക്കുമ്പോള്‍ വാനമ്പാടിയുടെ ഷൂട്ട് തകൃതി; 30തോളം പേര്‍ ഷൂട്ടിങ്ങ് സെറ്റില്‍; പേടിച്ചരണ്ട് നാട്ടുകാര്‍; പ്രതിഷേധിച്ച് താരങ്ങളും

Malayalilife
എല്ലാവരും ലോക്ഡൗണിലിരിക്കുമ്പോള്‍ വാനമ്പാടിയുടെ ഷൂട്ട് തകൃതി; 30തോളം പേര്‍ ഷൂട്ടിങ്ങ് സെറ്റില്‍;  പേടിച്ചരണ്ട് നാട്ടുകാര്‍; പ്രതിഷേധിച്ച് താരങ്ങളും

ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശം ലംഘിച്ച് തിരുവനന്തപുരത്തെ ആര്യങ്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സീരിയല്‍ ഷൂട്ടിങ് നടത്തുന്നതായി നാട്ടുകാരുടെ പരാതി. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന വാനമ്പാടി സീരിയലാണ് ഈ രീതിയില്‍ ഷൂട്ട് ചെയ്യുന്നത്. ഉന്നത സ്വാധീനം മറയാക്കിയാണ് സീരിയല്‍ ഷൂട്ടിങ് നടത്തുന്നത് എന്നാണ് ഉയരുന്ന പരാതി. പത്ത് പേരില്‍ താഴെ എന്ന് പറഞ്ഞു മുപ്പതോളം പേരെ സംഘടിപ്പിച്ചിട്ടുള്ള ഷൂട്ടിങ് ആണ് നടക്കുന്നത് എന്നാണ് പുറത്ത് വരുന്ന സൂചനകള്‍. ഇതിനെതിരെ പ്രതിഷേധവുമായി സീരിയലിലെ അഭിനേതാക്കള്‍ തന്നെ രംഗത്തെത്തിയിരിക്കയാണ് എന്നാണ് റിപ്പോര്‍ട്ടെത്തുന്നത്.

പ്രമുഖ സിനിമാ നിര്‍മ്മാതാവായ രജപുത്ര രഞ്ജിത്ത് ആണ് വാനമ്പാടി സീരിയലിന്റെ നിര്‍മ്മാതാവ്. വീടിനകത്ത് പത്ത് പേരെ വെച്ച് സീരിയല്‍ ഷൂട്ടിങ് നടത്താമെന്നാണ് ലോക്കേഷനില്‍ നിന്നും ലഭിക്കുന്ന വിവരം. എന്നാല്‍ ഈ ഉത്തരവ് ഇറങ്ങിയോ എന്ന് സംശയമാണ്. ഇതിന്റെ മറവിലാണ് വാനമ്പാടി ഷൂട്ട് പുരോഗമിക്കുന്നത് എന്നാണ് അറിയുന്നത്. പത്ത് പേരെ മാത്രം വെച്ച് ഒരു സീരിയല്‍ എങ്ങിനെ ഷൂട്ട് ചെയ്യും എന്ന ചോദ്യവും ഉദിക്കുന്നുണ്ട്. ലൈറ്റ് അപ്പ് ചെയ്യാന്‍ തന്നെ അഞ്ചോളം പേര്‍ വേണം. ഡയരക്ടര്‍, നടീനടന്മാര്‍, ക്യാമറ, മറ്റ് അണിയറ പ്രവര്‍ത്തകര്‍ എന്നിവര്‍ തന്നെ വരുമ്പോള്‍ പത്തില്‍ കൂടുതല്‍ പേര്‍ നിര്‍ബന്ധമായും സംഘത്തില്‍ കാണും. ദിവസവും ഷൂട്ട് ആര്യങ്കോട് നടക്കുന്നുണ്ട്. 25ലധികം പേര്‍ സ്ഥലത്തുള്ളതിനാലാണ് നാട്ടുകാര്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ സീരിയലിലെ ഉന്നതസ്വാധീനം കൊണ്ട് പരാതികള്‍ ഒതുക്കപ്പെട്ടിരിക്കയാണ്. ഒരു മന്ത്രി ഓഫീസില്‍ നിന്നുള്ള സ്‌പെഷ്യല്‍ പെര്‍മിഷന്‍ ഷൂട്ടിങ് സംഘത്തിനു ലഭിച്ചിട്ടുണ്ട് എന്നാണ് അറിയുന്ന വിവരം

കഴിഞ്ഞ ദിവസം ആര്യങ്കോട് എസ്‌ഐയും സംഘവും ഷൂട്ടിങ് സ്ഥലത്ത് പോയിരുന്നു. ഷൂട്ടിങ് സംഘത്തെ താക്കീത് ചെയ്തു മടങ്ങി എന്നാണ് ലഭിക്കുന്ന വിവരം. കൊറോണ ചാര്‍ജ് ഉള്ള ഒരു ഡിവൈഎസ്പി കൂടി ഷൂട്ടിംഗില്‍ പങ്കെടുക്കുന്നുണ്ട്. ഇദ്ദേഹത്തെ കണ്ടിട്ടാണ് എസ്‌ഐയും സംഘവും മടങ്ങിയത് എന്നാണ് ലഭിക്കുന്ന വിവരം. ചെയ്യുന്നത് ശരിയാണോ സാറേ എന്ന് എസ്‌ഐ ചോദിച്ചതായാണ് സൂചന.

ഷൂട്ടിങ് സ്ഥലത്ത് പോയ കാര്യം ആര്യങ്കോട് എസ്‌ഐ സിനിലൈഫിനോട് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ പത്ത് പേരില്‍ താഴെ മാത്രമേ ആളുകള്‍ ലൊക്കേഷനില്‍ കണ്ടുള്ളൂ എന്നാണ് എസ്‌ഐ മറുനാടനോട് ഇന്നു പറഞ്ഞത്. ഇന്‍ഡോറില്‍ പത്ത് പേരെ വെച്ച് ഷൂട്ടിങ് നടത്താം എന്ന് ഉത്തരവ് ഉണ്ട് എന്നാണ് അറിയുന്നത് എന്നാണ് എസ്‌ഐ പറഞ്ഞത്. പത്തില്‍ കുറവ് ആളുകള്‍ അല്ല മുപ്പതോളം ആളുകള്‍ ഉണ്ട് എന്നാണ് നാട്ടുകാര്‍ സിനിലൈഫിന് നല്‍കിയ വിവരം. പ്രത്യേക റൂമുകളില്‍ നടീനടന്മാരെയും മറ്റു അണിയറ പ്രവര്‍ത്തകരെയും താമസിപ്പിച്ചിട്ടുണ്ട് എന്നും നാട്ടുകാര്‍ പറയുന്നു.

സീരിയലില്‍ അഭിനയിക്കുന്ന ഡിവൈഎസ്പിയും ഈ കാര്യത്തില്‍ ഖിന്നനാണ് എന്നാണ് റിപ്പോര്‍ട്ട്. കൊറോണ, ലോക്ക് ഡൗണ്‍ പ്രശ്‌നങ്ങളുടെ സീരിയസ്‌നെസ് ഡിവൈഎസ്പിക്ക് അറിയാം. അതുകൊണ്ട് തന്നെ എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് സീരിയല്‍ സംവിധായകനായ ആദിത്യനോട് ഡിവൈഎസ്പി തന്നെ പറഞ്ഞതായാണ് സൂചന. നടികളും ഈ കാര്യത്തില്‍ സംവിധായകനോട് പൊട്ടിത്തെറിച്ചതെന്നും വിവരമെത്തുന്നു. എന്തെങ്കിലും കാര്യത്തില്‍ ക്വാറന്റൈനില്‍ പോകേണ്ടി വന്നാല്‍ കുട്ടികളുടെ സംരക്ഷണം സംവിധായകന്‍ തന്നെ ഏറ്റെടുക്കേണ്ടി വരും എന്നാണ് അഭിനേതാക്കള്‍ സംവിധായകനെ അറിയിച്ചത്.

സംവിധായകനും അസ്വസ്ഥനാണ് എന്നാണ് ലൊക്കേഷനില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ട്. ഇവിടുത്തെ ചോറ് തിന്നുന്ന ചിലര്‍ തന്നെയാണ് ഒറ്റിക്കൊടുക്കുന്നതും ലോക്കേഷനില്‍ സംവിധായകന്‍ പ്രതികരിച്ചത്. സീരിയല്‍ സംഘടനകളും ഷൂട്ടിങ് കാര്യത്തില്‍ പ്രതിഷേധിക്കുന്നുണ്ട്. ഇവര്‍ സംവിധായകനെ വിളിച്ച് പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. ഷൂട്ടിങ് ഇപ്പോഴും തുടരുന്നുണ്ട്. നാട്ടുകാരും ഭീതിയിലാണ്. ലോക്ക് ഡൗണ്‍ കാലത്ത് പുറത്ത് നിന്നുള്ളവര്‍ എത്തുന്നതിലാണ് ആശങ്ക പടരുന്നത്. ആളുകള്‍ കൂടുതലുണ്ട് എന്ന് മനസിലാക്കിയിട്ടും പൊലീസ് അനങ്ങാത്തതിലാണ് നാട്ടുകാരുടെ പ്രതിഷേധം.

Vnampadi serial shooting restarted

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES