ബിഗ് ബോസ് മലയാളം സീസണ്‍ 8 ഹൗസില്‍ വമ്പന്‍ അവകാശവാദങ്ങളോടെയെത്തി, ഒടുവില്‍ സ്വന്തം നിലപാടുകളും ഗെയിം പ്ലാനുകളും പാടെ തോറ്റമ്പുന്ന കാഴ്ചയ്ക്കാണ് റിനി ആന്‍ ജോര്‍ജ്ജിയില്‍ പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചത്. പുറത്തുപറയുന്ന നിലപാടുകളും ഹൗസിനുള്ളിലെ പ്രവൃത്തികളും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് നടിയും അവതാരകയുമായ റിനി ആന്‍ ജോര്‍ജ്ജ് ഷോയില്‍ നിന്ന് പുറത്താകുന്നത്. കേവലം ഒരാഴ്ചത്തെ ആയുസ്സ് മാത്രമാണ് റിനിക്ക് ഹൗസില്‍ തുടരാനായത്.
ഈ സീസണിലെ മൂന്നാമത് എവിക്ഷനാണ് റിനിയുടേത്. കഴിഞ്ഞ ആഴ്ചയിലെ നോമിനേഷനില്‍ ഉള്‍പ്പെട്ട ഒമ്പത് പേരില്‍ നിന്നും ഫൈറ്റ് മാസ്റ്റര്‍ കാളിക്കൊപ്പമാണ് റിനിയും ഞായറാഴ്ചയിലെ വീക്കെന്‍ഡ് എപ്പിസോഡില്‍ പടിയിറങ്ങിയത്. നേരത്തെ ഡയറക്ട് എവിക്ഷന്‍ വഴി നടി ഗായത്രി സുരേഷും പുറത്തായിരുന്നു. തുടക്കം മുതല്‍ ഹൗസില്‍ പതറിയ റിനിക്ക് ആദ്യ ഓപ്പണ്‍ നോമിനേഷനില്‍ തന്നെ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിച്ചതും തിരിച്ചടിയായി.
ഹൗസില്‍ നിന്നും എട്ടു ദിവസം കൊണ്ട് പുറത്താകേണ്ടി വന്നതില്‍ വിഷമമുണ്ടെന്ന് പുറത്തിറങ്ങിയ ശേഷം ഏഷ്യാനെറ്റിലെ 'ലൈന്‍ കട്ട് വിത്ത് അഞ്ചന നമ്പ്യാര്‍' എന്ന അഭിമുഖ പരിപാടിയില്‍ റിനി പറഞ്ഞു. എന്നാല്‍ ഹൗസിനുള്ളിലെ തന്റെ പരാജയത്തിന് കാരണമായി പെട്ടെന്ന് ആളുകളുമായി സോഷ്യലൈസ് ആകാന്‍ കഴിയാത്ത വ്യക്തിത്വത്തെയാണ് താരം കുറ്റപ്പെടുത്തുന്നത്. സോഷ്യലൈസ് ആകാന്‍ കഴിയാത്തത് മറ്റുള്ളവര്‍ക്ക് നെഗറ്റീവായി തോന്നിയിട്ടുണ്ടാകാമെന്നാണ് റിനിയുടെ വിശദീകരണം. ബിഗ് ബോസ് പോലൊരു റിയാലിറ്റി ഷോയില്‍ എത്തുമ്പോള്‍ ആവശ്യമായ ഗെയിം സ്ട്രാറ്റജികള്‍ ഒന്നും തന്നെ റിനിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ല എന്നതുതന്നെയാണ് വോട്ട് കുറയാന്‍ കാരണമായത്.
താന്‍ ഹൗസില്‍ റിയല്‍ ആയി നില്‍ക്കാനാണ് ശ്രമിച്ചതെന്നും ഫേക്ക് ആയി ഗെയിം കളിക്കാനോ കാര്യങ്ങള്‍ മാനിപുലേറ്റ് ചെയ്യാനോ തനിക്ക് കഴിയില്ലെന്നും റിനി അവകാശപ്പെടുന്നു. ഹൗസിനുള്ളിലെ മറ്റുള്ളവര്‍ പലപ്പോഴും ഫേക്ക് ആയി പെരുമാറുന്നതായി തോന്നിയിട്ടുണ്ടെന്നും അത്തരം അന്തരീക്ഷത്തോട് ചേര്‍ന്നുപോകാന്‍ തനിക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു എന്നും താരം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ പുറത്തേക്ക് പോകും വഴി മോഹന്‍ലാലിന് മുന്നിലും റിനിയുടെ നിലപാടില്ലായ്മ തുറന്നുകാട്ടപ്പെട്ടു. എവിക്ഷന്‍ അനൗണ്‍സ്മെന്റിന് മുന്‍പ് പബ്ലിക് സപ്പോര്‍ട്ടിനെക്കുറിച്ച് തനിക്ക് വലിയ സംശയമുണ്ടെന്ന് റിനി പറഞ്ഞപ്പോള്‍, 'അങ്ങനെയാണെങ്കില്‍ നിങ്ങള്‍ എന്തിനാണ് ഈ ഷോയിലേക്ക് വന്നത്?' എന്ന് മോഹന്‍ലാലിന് തിരിച്ചുചോദിക്കേണ്ടി വന്നു. ഈ ചോദ്യത്തിനും കൃത്യമായ ഉത്തരമില്ലാതെയാണ് റിനി സംസാരിച്ചത്. താന്‍ വിജയിച്ചിട്ടാണ് പോകുന്നത് എന്നായിരുന്നു റിനിയുടെ വാദം. പൊതുസമൂഹത്തില്‍ തനിക്കെതിരെയുണ്ടായിരുന്ന ചില ഇമേജുകള്‍ മാറ്റാന്‍ സാധിച്ചുവെന്നും, അതിന് കാരണക്കാരനായ രാഹുല്‍ ഈശ്വറിനെക്കൊണ്ട് തന്നെ അത് തിരുത്തി പറയാന്‍ കഴിഞ്ഞുവെന്നുമാണ് താരം ചൂണ്ടിക്കാണിച്ചത്.
'കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷമിറക്കിച്ചു' എന്ന രീതിയിലായിരുന്നു രാഹുല്‍ ഈശ്വറുമായുള്ള വിഷയത്തില്‍ റിനിയുടെ പ്രതികരണം. എന്നാല്‍ ഈ വിഷയത്തിലും റിനിയുടെ ഇരട്ടത്താപ്പ് വ്യക്തമായിരുന്നു. ഹൗസിന് പുറത്തേക്ക് ഇറങ്ങുമ്പോള്‍ 'എനിക്ക് ഇവിടെ നില്‍ക്കണമെന്ന് വലിയ ആഗ്രഹമൊന്നും ഉണ്ടായിരുന്നില്ല' എന്ന് എല്ലാവരോടുമായി പറഞ്ഞ് മാന്യതയില്ലാത്ത നിലപാടാണ് താരം സ്വീകരിച്ചത്. ഉടന്‍ തന്നെ രാഹുല്‍ ഈശ്വര്‍ ഇടപെട്ട് 'അങ്ങനെ പറയരുത്, അത് ബിഗ് ബോസിനോടുള്ള അനാദരവാണ്, ഒരു താങ്ക്സ് പറഞ്ഞിട്ട് പോകൂ' എന്ന് റിനിയെ തിരുത്തുകയായിരുന്നു.
സ്ത്രീകള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താനും സ്വന്തം നിലപാടുകള്‍ സ്ഥാപിക്കാനുമാണ് വന്നതെന്ന് അവകാശപ്പെട്ട റിനിക്ക് ഹൗസില്‍ അതിനൊന്നും സാധിച്ചില്ല. ഹൗസിനുള്ളില്‍ ചില സന്ദര്‍ഭങ്ങളില്‍ കടുത്ത മാനസിക വിഷമങ്ങള്‍ നേരിടേണ്ടി വന്നുവെന്നും താരം പറഞ്ഞു. ബിഗ് ബോസ് നല്‍കിയ അനുഭവങ്ങളും നല്ല ഓര്‍മ്മകളും മാത്രമാണ് ഒപ്പം കരുതുന്നതെന്ന് പറയുമ്പോഴും, ഒരു സ്ട്രാറ്റജിയുമില്ലാതെ കളത്തില്‍ ഇറങ്ങി ആദ്യ വാരങ്ങളില്‍ തന്നെ കെട്ടുകെട്ടേണ്ടി വന്ന റിനിയുടെ ഗെയിം പ്ലാന്‍ പൂര്‍ണ്ണ പരാജയമായിരുന്നു എന്നാണ് പ്രേക്ഷക വിലയിരുത്തല്‍