ബിഗ് ബോസ് മലയാളം സീസണ്‍ 7ല്‍ നിന്ന് സ്വയം വാക്കൗട്ട് നടത്തിയ നടിയും അവതാരകയുമായ രേണു സുധി ആദ്യമായി മാധ്യമങ്ങളോട് പ്രതികരിച്ചു. ആരോഗ്യപരമായ കാരണങ്ങളും വ്യക്തിപരമായ മാനസിക സമ്മര്‍ദ്ദങ്ങളുമാണ് ഷോയില്‍ നിന്ന് പുറത്തുവരാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് രേണു സുധി വ്യക്തമാക്കി. ഷോയുടെ തുടക്കം മുതല്‍ പുറത്താവുമെന്ന് പ്രവചിക്കപ്പെട്ട പേരുകളിലൊന്നായിരുന്നു രേണുവിന്റേത്.
ആദ്യ ആഴ്ചകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചെങ്കിലും പിന്നീട് ടാസ്‌കുകളില്‍ വേണ്ടത്ര ശോഭിക്കാന്‍ കഴിഞ്ഞില്ലെന്ന് രേണു സമ്മതിച്ചു. പലതവണ ബിഗ് ബോസിനോട് വീട്ടില്‍ പോകാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. 'ഞാന്‍ ഓക്കെ അല്ല. മൈന്‍ഡ് ഔട്ട് ആണ്. ആരോഗ്യപരമായ ബുദ്ധിമുട്ടുകളുണ്ട്. സുധിച്ചേട്ടന്‍ മരിച്ചതിന്റെ ട്രോമയിലായിരുന്നു. ഷോയില്‍ വന്നപ്പോള്‍ വീണ്ടും ആ ഒറ്റപ്പെടല്‍ അനുഭവപ്പെട്ടു. അതുകൊണ്ടാണ് ഞാന്‍ ഇറങ്ങിപ്പോന്നത്,' രേണു പറഞ്ഞു.
താന്‍ ബിഗ് ബോസ് മെറ്റീരിയലല്ലെന്ന് പറഞ്ഞവര്‍ക്ക് മുന്നില്‍ ഒരു ദിവസമെങ്കിലും ലാലേട്ടന്‍ തന്നെ ഷോയില്‍ നിര്‍ത്തിയെന്ന് കാണിക്കാനാണ് താന്‍ ശ്രമിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒരു മാസവും അഞ്ച് ദിവസവുമാണ് താന്‍ ഷോയില്‍ നിന്നത്. ഇത് തനിക്കെതിരെ സംസാരിച്ചവര്‍ക്കുള്ള മറുപടിയാണെന്നും രേണു സുധി വ്യക്തമാക്കി.
വീക്കെന്റ് എപ്പിസോഡില്‍ അപ്പാനി ശരത്തും പുറത്തായിട്ടുണ്ട്. ഹൗസിലെ പ്രധാന ഗ്രൂപ്പുകളിലൊന്നിലെ തലവന്‍ ആയിരുന്നു അപ്പാനി.