ഷോര്‍ട്ട് ഫിലിം, റീല്‍സ്, പരസ്യം എന്നിങ്ങനെ സോഷ്യല്‍ മീഡിയയില്‍ അടുത്ത കാലത്തായി നിറഞ്ഞ് നില്‍ക്കുന്ന താരമാണ് രേണു സുധി. പ്രശസ്തിയോടൊപ്പം വിവാദങ്ങളും വിമര്‍ശനങ്ങളും ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന രേണു ഇപ്പോള്‍ പുതിയ തുടക്കം കുറിച്ചിരിക്കുകയാണ്.
താനൊരു യൂട്യൂബ് ചാനല്‍ തുടങ്ങിയ വാര്‍ത്തയാണ് രേണു പങ്കുവെച്ചിരിക്കുന്നത്. രേണു സുധി എന്ന പേരില്‍ തന്നെയാണ് ചാനല്‍ തുടങ്ങിയിരിക്കുന്നത്. തന്നെ ഇഷ്ടപ്പെടുന്നവരും പിന്തുണക്കുന്നവരും ഒരുപാടു നാളായി ആവശ്യപ്പെടുന്ന കാര്യമാണ് ഇതെന്ന് രേണു പറയുന്നു. 'സുധിച്ചേട്ടന്റെ അനുഗ്രഹത്തോടെ ഞങ്ങളുടെ പുതിയ തുടക്കം' എന്ന തലക്കെട്ടോടെയാണ് രേണു ആദ്യത്തെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സുധിക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു പാട്ടും രേണു വീഡിയോയില്‍ പാടുന്നുണ്ട്. നന്നായി പാടുന്നുണ്ടല്ലോ എന്നും സുധിച്ചേട്ടന്റെ ഫോട്ടോയ്ക്ക് അരികില്‍ ഇരുന്നു പാട്ട് പാടിയപ്പോ കരഞ്ഞു പോയെന്നുമാണ് കമന്റ് ബോക്‌സില്‍ ചിലര്‍ കുറിച്ചത്. ഇളയ മകനും രേണുവിനൊപ്പം ഉണ്ടായിരുന്നു.
''രണ്ടു വര്‍ഷത്തോളമായി സുധിച്ചേട്ടന്‍ നമ്മളെ വിട്ടുപോയിട്ട്. അന്നു മുതല്‍ ഞങ്ങള്‍ക്ക് കൈത്താങ്ങായി നിന്ന ഒരുപാട് പേരുണ്ട്. അവര്‍ക്കെല്ലാം ഒരുപാട് നന്ദി. അവരെല്ലാം കുറേ നാളായി എന്നോട് ആവശ്യപ്പെടുന്ന ഒരു കാര്യമാണ് ഒരു യൂട്യൂബ് ചാനല്‍ തുടങ്ങുക എന്നത്. അന്നൊന്നും അതിനെപ്പറ്റി എനിക്ക് അറിയില്ലായിരുന്നു. എന്തായാലും ഒരെണ്ണം തുടങ്ങിയേക്കാം എന്ന് ഞാനിപ്പോള്‍ തീരുമാനിച്ചു. മൂത്ത മകന്‍ കിച്ചുവും ഇളയ മകന്‍ റിതുക്കുട്ടനും ചാനലില്‍ ഉണ്ടാകും'', എന്ന് രേണു സുധി പറഞ്ഞു.