വെളിച്ചം പോലെ തിളങ്ങുന്ന ചിരി, കഠിനാധ്വാനത്തിന്റെ ഫലം കിട്ടിയ വേദിയില്‍ ആഹ്ളാദങ്ങളും സന്തോഷങ്ങളും അഭിനന്ദങ്ങളും നിറഞ്ഞ് നില്‍ക്കുമ്പോള്‍ അതിന്റെ അടുത്ത നിമിഷം തന്നെ ആ സ്വപ്നങ്ങള്‍ എന്നാന്നേക്കുമായി ഇല്ലാതാകുമെന്ന് ആര് അറിഞ്ഞു. ഹയര്‍ സെക്കന്‍ഡറി വിജയത്തിന്റെ വാര്‍ത്ത കാത്തിരുന്നവരുടെ മധുര നിമിഷം ആയിരുന്നു അത് മൊബൈലിലൂടെയും വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയും ഇടവേളകളില്ലാതെ ആശംസകള്‍ നിറഞ്ഞുവീണു. അഭിദയുടെ റിസര്‍ട്ടും വന്നു. തുടര്‍ പഠനത്തിന് അവളും അര്‍ഹ. ആ വാര്‍ത്തയറിഞ്ഞ് അവളുടെ വീട്ടിലെ എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു. പെട്ടെന്നാണ് ആ വാര്‍ത്ത എല്ലാവരിലേക്കും എത്തുന്നത്. നിറചിരികളുമായി ജയച്ചിതിന്റെ വിജയം ആഘോഷിക്കാന്‍ സമ്മാനം വാങ്ങാന്‍ അമ്മയോടൊപ്പം പോയ അഭിദ ഇനി തിരിച്ച് വരില്ല എന്നത്. അമ്മയ്ക്കൊപ്പം മാര്‍ക്കറ്റില്‍ എത്തിയ അഭിദയും അമ്മയും ബസ് ഇറങ്ങി കുറുകെ കടക്കുന്നതിനിടെ കോട്ടയം കളക്ട്രേറ്റ് ഭാഗത്ത് നിന്ന് എത്തിയ കാര്‍ രണ്ട് പേരെയും ഇടിച്ച് വീഴ്ത്തുകയായിരുന്നു.
അഭിദ പാര്‍വതി ആര്‍. എലിജിബിള്‍ ഫോര്‍ ഹയര്‍ സ്റ്റഡീസ്. ഇന്നലെ പുറത്തുവന്ന വിഎച്ച്എസ്ഇ ഫലത്തില്‍ തിളക്കമുള്ള വിജയമായിരുന്നു അത്. വൈകിട്ട് മൂന്നരയോടെയാണ് ഫലം അറിഞ്ഞത്. ഉപരിപഠനത്തിനു യോഗ്യത നേടിയ സന്തോഷം അടുത്ത വീട്ടുകാരെയൊക്കെ അറിയിച്ചു. നാലരയോടെയാണ് അമ്മ നിഷയും അഭിദയും വീട്ടില്‍നിന്ന് ഇറങ്ങിയത്. മകള്‍ക്ക് സമ്മാനം വാങ്ങണം. അഭിദയുടെ അനിയത്തി അഭിജയ്ക്ക് സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കുറച്ച് സാധനങ്ങള്‍ വാങ്ങണം. എല്ലാത്തിനുമായി സന്തോഷത്തോടെ രണ്ട് പേരും ബസില്‍ കോട്ടയത്തേയ്ക്ക് യാത്ര തിരിച്ചു. ബസില്‍ ഇരുന്നപ്പോഴും അവള്‍ വളരെ സന്തോഷത്തിലായിരുന്നു. നല്ല രീതിയില്‍ വിജയച്ചതിന്റെ സന്തോഷം. സമ്മാനം കിട്ടാന്‍ പോകുന്നതിന്റെ സന്തോഷം. പക്ഷേ എല്ലാം തട്ടിത്തെറിപ്പിച്ചാണ് ആ കാര്‍ അവരിലേക്ക് ഇടിച്ച് കയറിയത്.
ഒരു കരിയര്‍ ഗൈഡന്‍സ് സ്ഥാപനത്തില്‍ റജിസ്റ്റര്‍ ചെയ്യണം എന്നതും അഭിദയുടെ ആഗ്രഹമായിരുന്നു. എന്നാല്‍ ആ യാത്ര അഭിദയ്ക്ക് മടക്കമില്ലാത്തതായി. നടത്ത മത്സരത്തില്‍ ജില്ലാതലത്തില്‍ വരെ അഭിദ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ഇതിനു പുറമേ കരകൗശല വസ്തുക്കള്‍ ഉണ്ടാക്കാന്‍ മിടുക്കിയായിരുന്നു. അമ്മയാണ് ഇത് അഭിദയെ പഠിപ്പിച്ചത്. പാട്ടുകാരിയാണ് അഭിദയുടെ സഹോദരി അഭിജ. ഇരുവരും നേടിയ സമ്മാനങ്ങള്‍ വീടിന്റെ ഷെല്‍ഫില്‍ നിരന്നിരിക്കുന്നു. ഇതിലേക്ക് ഇനിയും സമ്മാനങ്ങള്‍ കൂട്ടിവയ്ക്കാന്‍ അഭിദയില്ല. അത്രയേറെ സ്വപ്നങ്ങള്‍ ഉണ്ടായിരുന്ന മകള്‍, ഇനി ഒരിക്കലും കാണാനാകില്ലെന്ന് വിശ്വസിക്കാന്‍ പറ്റുമോ? തോട്ടയ്ക്കാട് മാടത്താനി വടക്കേമുണ്ടയ്ക്കല്‍ വി.ടി.രമേശിന്റെ മകളാണ് ആഭിദ. തൃക്കോതമംഗലം ഗവ. വിഎച്ച്എസ്എസ് പ്ലസ് ടു വിദ്യാര്‍ഥിനിയായിരുന്ന അഭിതയുടെ പരീക്ഷാ ഫലം പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് മരണം. അമ്മ കുറുമ്പനാടം സെന്റ് ആന്റണീസ് അധ്യാപിക കെ.ജി.നിഷ. ഇവരെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കോട്ടയം മാര്‍ക്കറ്റ് ജങ്ഷനിലായിരുന്നു അപകടം. വൈകിട്ട് ആയിരുന്നു അപകടം നടക്കുന്നത്. അപകടം നടന്ന സ്ഥലത്ത് വേണ്ടത്ര വെളിച്ചം ഇല്ലെന്നതാണ് അപകടത്തിന് കാരണം എന്നാണ് ആരോപണം. കഴിഞ്ഞ ദിവസം സംക്രാന്തി ജംക്ഷനില്‍ ബസ് കയറി വീട്ടമ്മ മരിച്ചതിനു പിന്നാലെയാണ് കോട്ടയം നഗരത്തില്‍ വിദ്യാര്‍ഥിനിയുടെ ജീവനെടുത്ത അടുത്ത അപകടം.