മിമിക്രി വേദികളില്‍ എകെ ആന്റണിയായി തിളങ്ങിയ രാജീവ് കളമശ്ശേരിയെ മലയാളികള്‍ എങ്ങനെ മറക്കും. ടിവിയില്‍ കാണുമ്പോള്‍ എല്ലാവരും പറയും ആന്റണിയെപ്പോലെ തന്നെയുണ്ടെന്ന്. പല പരിപാടികളിലും നമ്മള്‍ ആ മുഖം കണ്ട് ചിരിച്ചു. എന്നാല്‍ ഇപ്പോള്‍ ആ കലാകാരന്‍ എവിടെ ആണെന്നും എന്ത് അവസ്ഥയിലാണെന്നും പലര്‍ക്കും അറിയില്ല. ഓര്‍മകള്‍ നഷ്ടപ്പെട്ട് പഴയത് പോലെ സംസാരിക്കാനാകാതെ ആരോരുമറിയാതെ ജീവിക്കുകയാണ് രാജീവ്.
മിമിക്രി കലാവേദിയിലും ടെലിവിഷന്‍ ചാനലിലും ഒരുകാലത്ത് ഒരു പോലെ തിളങ്ങിയ പ്രതിഭയാണ് രാജീവ് കളമശേരി ഇന്ന് ജീവിതത്തോട് മല്ലിടുകയാണ്. രാജീവിന് അടിയന്തരമായി ആന്‍ജിയോപ്ലാസ്റ്റി ചെയ്യണമെന്നും അതിനായി ഏവരുടെയും സഹായം ആവശ്യമാണെന്നും അഭ്യര്‍ത്ഥിച്ച് നിര്‍മ്മാതാവ് ശാന്തിവിള ദിനേശ് കുറിച്ച വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പെട്ടെന്നുണ്ടായ ഹൃദയസ്തംഭനമാണ് രാജീവിന്റെ ജീവിതത്തെ പ്രതീക്ഷിക്കാത്ത ദുരിതക്കയത്തിലേക്ക് തള്ളിയിട്ടത്. ഹൃദയ സ്തംഭനം അനുഭവപ്പെട്ട രാജീവിനെ ബന്ധുക്കള്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. സ്‌കാനിങ്ങിലൂടെ രക്തക്കുഴലുകളില്‍ ബ്ലോക്കുണ്ടെന്ന് കണ്ടെത്തിയ ഡോക്ടര്‍മാര്‍ അടുത്ത ദിവസം തന്നെ ആന്‍ജിയോപ്ലാസ്റ്റിയും ചെയ്തു. ഒരാഴ്ചത്തെ ആശുപത്രി വാസത്തിനു ശേഷം വീട്ടിലെത്തിയ രാജീവ് അതിനടുത്ത ദിവസം കുളിമുറിയില്‍ കുഴഞ്ഞു വീണു.
ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് രാജീവിന് ഓര്‍മ നഷ്ടമാകുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ തിരിച്ചറിഞ്ഞത്. കുഴഞ്ഞ് വീണതിന് ശേഷം ആശുപത്രിയിലെത്തിച്ചത് മുതല്‍ സംസാരം വളരെ പതുക്കെ ആയിരുന്നു. പല കാര്യങ്ങളും ഓര്‍മ്മയില്‍ ഇല്ലാത്ത അവസ്ഥയിലായി. പിറ്റേന്ന് ഡോക്ടര്‍മാര്‍ സ്‌കാന്‍ ചെയ്തപ്പോഴാണ് തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്. ഭാര്യ സൈനബയുടെയും മക്കളായ നസ്‌നിന്‍, നസ്‌റിന്‍, നെഹ്‌റിന്‍, നെഫ്‌സിന്‍ എന്നിവരുടെയൊന്നും പേരു പോലും പറയാന്‍ അപ്പോഴൊന്നും രാജീവിന് ഓര്‍മയുണ്ടായിരുന്നില്ല. പിന്നീട് പതിയെ ആരോഗ്യം വീണ്ടെടുക്കുന്ന സ്ഥിതിയെത്തി. ഇതിനിടെ വീണ്ടും വില്ലനായി അസുഖമെത്തി.
ശാന്തിവിള ദിനേശിന്റെ കുറിപ്പ് വായിക്കാം
A S Rajeev
A/c No. 10120100187644
IFSC Code FDRL0001012
Federal Bank
Kalamassery Branch
Kochi
അവതരിപ്പിക്കാനിരുന്ന ടെലിവിഷന്‍ പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വീട്ടിലെത്തിയ രാജീവിന് ജൂലൈ 12നു നേരിട്ട ഹൃദയസ്തംഭനത്തെത്തുടര്‍ന്നായിരുന്നു തുടക്കം. ആന്‍ജിയോപ്ലാസ്റ്റി ചെയ്തു വിശ്രമത്തിലിരിക്കെ രാജീവ് കുഴഞ്ഞുവീണതിനെത്തുടര്‍ന്നു വീണ്ടും ആശുപത്രിയിലെത്തിച്ചു. 30നു നടത്തിയ പരിശോധനയില്‍, അസുഖമെല്ലാം മാറിയെന്നും പരിപാടികള്‍ അവതരിപ്പിക്കാമെന്നും ഡോക്ടര്‍ സാക്ഷ്യപ്പെടുത്തി.
വീട്ടിലെത്തിയ രാജീവിന് അര മണിക്കൂറിനകം വീണ്ടും അസ്വസ്ഥത തോന്നി. ഹൃദയത്തിനു കുഴപ്പമില്ലെങ്കിലും കടുത്ത തലവേദന സഹിക്കാനാവാത്ത അവസ്ഥയായി. വാക്കുകള്‍ ശരിയാംവണ്ണം പറയാനാവില്ലെന്നതായിരുന്നു പ്രകടമായ തകരാര്‍. അന്ന് തുടങ്ങിയ പ്രശ്നങ്ങള്‍ പിന്നെ താരത്തെ വിട്ടുമാറിയില്ല. അത് ഇപ്പോഴും തുടരുന്നു.