എല്‍എല്‍ബിക്ക് ചേരാന്‍ ആഗ്രഹിച്ച് വഴി തെറ്റി സിനിമയിലെത്തിയ ആള്‍; ഹോം സിനിമ കഴിഞ്ഞപ്പോഴാണ് ആക്ടിങ് അല്ലാതെ വേറൊരു പ്രൊഫഷന്‍ ഇല്ല എന്ന തിരിച്ചറിവ് ഉണ്ടായത്; അവാര്‍ഡിലൊക്കെ എന്തര്‍ത്ഥം എന്നൊക്കെ തോന്നാറുണ്ട്;വീണാ നായരുടെ പോഡ്കാസ്റ്റില്‍ അതിഥിയായി എത്തി മഞ്ജു പിള്ള പങ്ക് വച്ചത്

Malayalilife
എല്‍എല്‍ബിക്ക് ചേരാന്‍ ആഗ്രഹിച്ച് വഴി തെറ്റി സിനിമയിലെത്തിയ ആള്‍; ഹോം സിനിമ കഴിഞ്ഞപ്പോഴാണ് ആക്ടിങ് അല്ലാതെ വേറൊരു പ്രൊഫഷന്‍ ഇല്ല എന്ന തിരിച്ചറിവ് ഉണ്ടായത്; അവാര്‍ഡിലൊക്കെ എന്തര്‍ത്ഥം എന്നൊക്കെ തോന്നാറുണ്ട്;വീണാ നായരുടെ പോഡ്കാസ്റ്റില്‍ അതിഥിയായി എത്തി മഞ്ജു പിള്ള പങ്ക് വച്ചത്

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങിയ നടിമാരായ വീണ നായരും മഞ്ജു പിള്ളയും തങ്ങളുടെ ആഴത്തിലുള്ള സൗഹൃദത്തെക്കുറിച്ച് തുറന്നു സംസാരിച്ചു. 'തട്ടീം മുട്ടീം' പരമ്പരയില്‍ ഇരുവരും സഹോദര ഭാര്യമാരായി അഭിനയിച്ചിരുന്നു. ഈ സൗഹൃദം പിന്നീട് യഥാര്‍ത്ഥ ജീവിതത്തിലും തുടരുകയായിരുന്നു. ഇപ്പോഴിതാ ഹോം സിനിമയില്‍ അഭിനയിച്ചതിനു ശേഷം ജീവിതത്തില്‍ ഉണ്ടായ മാറ്റങ്ങളെകുറിച്ച് 'ബ്ലാ ബ്ലാ വീണ' എന്ന പോഡ്കാസ്റ്റില്‍ വീണാ നായരുമായി സംസാരിക്കുകയായിരുന്നു മഞ്ജു പിള്ള. 

തങ്ങളുടെ തിരക്കിട്ട ജീവിതത്തിനിടയിലും സൗഹൃദങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതിനെക്കുറിച്ചാണ് ഇരുവരും വീണയുടെ യൂട്യൂബ് ചാനലിലൂടെയുള്ള അഭിമുഖത്തില്‍ സംസാരിച്ചത്. ഹോം സിനിമ കഴിഞ്ഞപ്പോഴാണ് എനിക്കിനി ആക്ടിങ് അല്ലാതെ വേറൊരു പ്രൊഫഷന്‍ ഇല്ല എന്ന തിരിച്ചറിവ് ഉണ്ടായത്. ഹോം സിനിമയിലെ കഥാപാത്രത്തിന് അംഗീകാരം കിട്ടണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്.

സ്റ്റേറ്റ് നമ്മളെ അംഗീകരിക്കുക എന്ന് പറയുന്നത് വലിയ കാര്യം തന്നെയാണ്. ചലച്ചിത്ര അവാര്‍ഡുകള്‍ അനൗണ്‍സ് ചെയ്യുന്ന അന്ന് എല്ലാ ചാനലുകളും എന്റെ വീട്ടില്‍ ഉണ്ടായിരുന്നു. അവര്‍ക്ക് കിട്ടിയ വിവരം അനുസരിച്ച് ഞാനായിരുന്നു വരേണ്ടിയിരുന്നത്. പക്ഷേ, എനിക്കില്ല എന്ന് അറിഞ്ഞപ്പോള്‍ എന്നെക്കാളും വിഷമം മീഡിയക്കാര്‍ക്കായിരുന്നു. അന്ന് രേവതി ചേച്ചിക്കാണ് കിട്ടിയത്. വര്‍ഷങ്ങളായി സിനിമയില്‍ നിന്നിട്ടും അവര്‍ക്ക് സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയിട്ടില്ല എന്നാണ് എന്റെ വിശ്വാസം. ഞാന്‍ വളരെയധികം ആരാധിക്കുന്ന നടിയാണ്. അവാര്‍ഡ് അവര്‍ക്ക് കിട്ടിയതില്‍ എനിക്ക് സന്തോഷമുണ്ട്.

ഏറ്റവും വിഷമം തോന്നിയത് ഇന്ദ്രന്‍ ചേട്ടന് കിട്ടാതെ പോയതിലാണ്. സിനിമകളെ ജനങ്ങളാണ് അംഗീകരിക്കേണ്ടത്. ഹോം സിനിമയില്‍ ഒരു മോശം ഡയലോഗ് ഇല്ല, മോശം സീന്‍ ഇല്ല, ഫാമിലി സിനിമയായിരുന്നു. ഒരു ക്ലീന്‍ ഇമേജ് ഉള്ള സിനിമയ്ക്ക് എന്തുകൊണ്ട് നല്ല സിനിമയ്ക്കുള്ള അവാര്‍ഡ് പോലും കൊടുത്തില്ല. എനിക്ക് അതാണ് ഏറ്റവും കൂടുതല്‍ വിഷമം തോന്നിയത്. എനിക്ക് കിട്ടാത്തതിലും ഇന്ദ്രന്‍സ് ഏട്ടന് കിട്ടാത്തതിലും ഉള്ള വിഷമം മാറ്റിവയ്ക്കാം. ആ സിനിമയ്ക്ക് അവാര്‍ഡ് കൊടുക്കാമായിരുന്നു. അപ്പോള്‍ അവാര്‍ഡിലൊക്കെ എന്തര്‍ത്ഥം എന്നൊക്കെ തോന്നാറുണ്ട്.


എല്‍എല്‍ബിക്ക് ചേരാന്‍ ആഗ്രഹിച്ച് വഴി തെറ്റി സിനിമയിലെത്തിയ ആളാണ് ഞാന്‍. എനിക്ക് നിയമം പഠിക്കണമെന്നുള്ളത് ഭയങ്കര ആഗ്രഹമായിരുന്നു. അച്ഛന് കലയോട് ഭയങ്കര താല്‍പര്യമായിരുന്നു. സൂര്യ കൃഷ്ണമൂര്‍ത്തിയുടെ അടുത്ത സുഹൃത്തായിരുന്നു അച്ഛന്‍. സൂര്യ കൃഷ്ണമൂര്‍ത്തി സാറിന്റെ ഒരു പരിപാടിക്ക് വരാനിരുന്ന പെണ്‍കുട്ടി വന്നില്ല. അന്ന് ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുകയാണ്. പരീക്ഷാ സമയമാണ്. മോളോട് ചോദിച്ചു നോക്കാമെന്നു പറഞ്ഞപ്പോള്‍ അമ്മ വാളെടുത്തു. പഠിത്തം കളഞ്ഞിട്ടുള്ള അഭിനയം വേണ്ടെന്നായിരുന്നു അമ്മയുടെ നിലപാട്. അമ്മ പറ്റത്തില്ലെന്നു തന്നെ പറഞ്ഞു. സ്ത്രീപര്‍വ്വം എന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയിലായിരുന്നു അന്ന് അഭിനയിച്ചത്. കേരളത്തില്‍ മൊത്തം ഷോ ഉണ്ടായിരുന്നു.

പിന്നീട് ആദ്യ കാലങ്ങളില്‍ ഞാന്‍ കുറേനാള്‍ അഭിനയിച്ചു. പിന്നീട് കല്യാണം കഴിഞ്ഞു മോള്‍ ഉണ്ടായി. വെള്ളിമൂങ്ങ പോലും വേണ്ടെന്ന് വെച്ചത് ഫാമിലിയായി കഴിഞ്ഞതു കൊണ്ടാണ്. എപ്പോഴെങ്കിലും സിനിമ ചെയ്യാം എന്ന തോന്നല്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴൊന്നും ജീവിതം ആക്ടിംഗ് ആണെന്ന് തോന്നിയിട്ടില്ല. പക്ഷേ ഹോം റിലീസ് ചെയ്ത് കഴിഞ്ഞപ്പോഴാണ് ഇനി ആക്ടിങ് അല്ലാതെ വേറൊരു പ്രൊഫഷന്‍ ഇല്ലെന്ന് തീരുമാനിച്ചത്.

വീണ അയച്ച ഒരു സന്ദേശത്തെക്കുറിച്ചാണ് മഞ്ജു പിള്ള പങ്ക് വച്ചു.'എന്തു തെറ്റാണ് ഞാന്‍ ചെയ്തത് ചേച്ചീ? എന്തിനാണ് എന്നോട് മിണ്ടാത്തത്? എന്തുകൊണ്ടാണ് കാണാന്‍ വരാത്തത്?' എന്നായിരുന്നു വീണയുടെ ചോദ്യം. തിരക്കിനിടയില്‍ ഒരു മണിക്കൂര്‍ പോലും കണ്ടെത്താന്‍ സാധിക്കാത്തതിനെക്കുറിച്ചും, എന്നാല്‍ ഒരിക്കല്‍ കണ്ടാല്‍ പിന്നെ വിടില്ല എന്ന വീണയുടെ സ്‌നേഹത്തെക്കുറിച്ചും മഞ്ജു പിള്ള വിശദീകരിച്ചു. സ്വന്തം അമ്മ പോലും വിഡിയോ കോളിലൂടെ കാണാന്‍ ആവശ്യപ്പെടുന്നത്ര തിരക്കിലാണ് താനെന്നും, അതുകൊണ്ടാണ് പലപ്പോഴും കാണാന്‍ സാധിക്കാത്തതെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു. 

 എന്നാല്‍, ജീവിതത്തിലേക്ക് കടന്നുവരുന്നവരെ താന്‍ സ്‌നേഹത്തോടെ ചേര്‍ത്തുപിടിക്കാറുണ്ടെന്നും, ആരെയും എളുപ്പത്തില്‍ വിട്ടു കളയാറില്ലെന്നും മഞ്ജു പിള്ള വ്യക്തമാക്കി. താന്‍ കണ്ടുമുട്ടിയവരില്‍ ആരും നെഗറ്റീവ് ആയി പെരുമാറിയിട്ടില്ലെന്നും, എല്ലാവരെയും പരമാവധി സ്‌നേഹിക്കാനാണ് താന്‍ ശ്രമിച്ചിട്ടുള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു

manju pillai in veena nair podcast

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES