മരണവാര്‍ത്ത അറിഞ്ഞതുമുതല്‍ ഉറക്കമില്ല; എന്റെ കൊച്ചുമകളെ ഇനി കാണാന്‍ കഴിയില്ല; അവള്‍ക്ക് മരിക്കാന്‍ മാത്രം എന്തായിരുന്നു; നെഞ്ചുപൊട്ടി വിപഞ്ചികയുടെ അച്ഛന്‍ മണിയന്‍ പിള്ള

Malayalilife
മരണവാര്‍ത്ത അറിഞ്ഞതുമുതല്‍ ഉറക്കമില്ല; എന്റെ കൊച്ചുമകളെ ഇനി കാണാന്‍ കഴിയില്ല; അവള്‍ക്ക് മരിക്കാന്‍ മാത്രം എന്തായിരുന്നു; നെഞ്ചുപൊട്ടി വിപഞ്ചികയുടെ അച്ഛന്‍ മണിയന്‍ പിള്ള

മകളുടെ അച്ഛനായാല്‍ അവളുടെ കല്ല്യാണം ഒക്കെ കഴിഞ്ഞ് ഒരു കുട്ടി ഉണ്ടാകുമ്പോള്‍ താലോലിക്കാന്‍ ആഗ്രഹിക്കുന്നയാളാണ് അപ്പൂപ്പനും അമ്മൂമ്മയും. അവരുടെ അപ്പൂപ്പാ എന്നുള്ള വിളികേള്‍ക്കാന്‍ കൊതിക്കാത്തവരായി ആരും തന്നെ ഇല്ല. മക്കളുടെ മുന്‍പില്‍ ടെറര്‍ ആയിരുന്ന അച്ഛന്‍ കൊച്ചുമക്കള്‍ എത്തുമ്പോഴേക്കും അവരുടെ താളത്തിന് തുള്ളുന്ന നല്ലൊരു സുഹൃത്തായി മാറുന്നു. എന്നാല്‍ ആറ്റ് നോറ്റ് ഉണ്ടായ കൊച്ചുമകളുടെ മുഖം ഒരിക്കല്‍ പോലും കാണാന്‍ സാധിക്കാതെ ആയാലോ. അതില്‍പരം വേദനാജനകമായ കാര്യം തന്നെ ഇല്ല എന്നതാണ്. ആ വേദനയിലൂടെ ഇപ്പോള്‍ കടന്ന് പോകുന്ന വ്യക്തിയാണ് മണിയന്‍ പിള്ള. യുഎഇയിലെത്തി മകളെയും മരുമകനെയും കൊച്ചുമകളെയും കാണാന്‍ എത്തിയ ആ അച്ഛന് പക്ഷേ വിധി കാത്ത് വെച്ചത് മറ്റൊന്നായിരുന്നു. മകളുടെയും കൊച്ചുമകളുടെയും മരണവാര്‍ത്ത. 

കഴിഞ്ഞ 20 വര്‍ഷമായി കുവൈത്തില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ് മണിയന്‍ പിള്ള. കുടിയേറ്റ രേഖാ പ്രശ്നം മൂലം മൂന്ന് വര്‍ഷമായി നാട്ടില്‍ പോകാന്‍ അദ്ദേഹത്തിന്സാധിച്ചില്ല. 2019 കൊവിഡ് സമയത്തായിരുന്നു മകള്‍ വിപഞ്ചികയുടെ വിവാഹം. ആ സമയത്ത് നാട്ടില്‍ എത്താന്‍ സാധിച്ചില്ല. കുടിയേറ്റ രേഖ പ്രശ്‌നം ആയതിനാല്‍ പിന്നീട് കുറെ നാള്‍ നാട്ടിലേക്ക് എത്താന്‍ മണിയന് സാധിച്ചില്ല. പിന്നീടാണ് മകള്‍ക്ക് കുഞ്ഞ് പിറന്നത്. കൊച്ചുമകളുടെ ഫോട്ടോ അയച്ച് തരാന്‍ പറഞ്ഞ് മരുമകനെ വിളിച്ചിരുന്നു. കുഞ്ഞിന്റെ ഫോട്ടോയും അയച്ച് തന്നിരുന്നു. താമസ രേഖ ശരിയാക്കി അവരെ കാണാന്‍ എത്തിയപ്പോള്‍ അറിഞ്ഞത് മരണ വാര്‍ത്തയും. 

മണിയന്‍ പിള്ളയുടെ മകന്‍ വിനോദും കുടുംബവും നേരത്തെ ഖത്തറിലായിരുന്നു. ഭാര്യ ഷൈലജയും കൂടെയുണ്ടായിരുന്നു. പിന്നീട് എന്‍ജിനീയറായ മകനും ഭാര്യയും കാനഡയിലേക്ക് പോയപ്പോള്‍ ഷൈലജ നാട്ടിലേക്ക് മടങ്ങി. വിപഞ്ചികയും നിതീഷും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നതായ അറിയില്ലായിരുന്നു. നിതീഷിന്റെ പിതാവുമായി നിരന്തരം സംസാരിച്ചിരുന്നു. അപ്പോഴൊന്നും മകളും മരുമകനും തമ്മില്‍ അസ്വാരസ്യമുണ്ടായിരുന്നതായി മനസ്സിലായിരുന്നില്ല. ഇന്നലെ രാവിലെ നാട്ടില്‍ നിന്ന് സുഹൃത്തിന്റെ മകനായിരുന്നു ദുരന്ത വിവരം അറിയിച്ചത്. തുടര്‍ന്ന് യുഎഇയിലുള്ളവരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ഭാര്യയെ വിളിച്ചെങ്കിലും ബന്ധപ്പെടാന്‍ സാധിച്ചില്ല. അവര്‍ മകന്റെ ഭാര്യാ വീടായ തൃശൂര്‍ ഗുരുവായൂരായിരുന്നു. പിന്നീട് ഭാര്യയുടെ സഹോദരിയുമായി സംസാരിച്ചു. അപ്പോഴും മണിയന് കാര്യങ്ങള്‍ വ്യക്തമായില്ല. 

കൊല്ലം  ചന്ദനത്തോപ്പ് രജിത ഭവനില്‍ കുവൈത്തില്‍ പ്രവാസിയായ മണിയന്‍ പിള്ളയുടെയും ഷൈലജയുടെയും മകളായ വിപഞ്ചിക(33)യെയും ഒന്നര വയസ്സുകാരിയായ മകളെയും ചൊവ്വാഴ്ചയാണ് ഷാര്‍ജ അല്‍ നഹ്ദയിലെ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബപ്രശ്‌നം കാരണം മകളുടെ കഴുത്തില്‍ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു.

ദുബായിലെ സ്വകാര്യ കമ്പനിയില്‍ എച്ച്ആര്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന വിപഞ്ചികയും നിതീഷും കഴിഞ്ഞ കുറച്ച് കാലമായി സ്വരച്ചേര്‍ച്ചയിലായിരുന്നില്ല. മാത്രമല്ല ഇരുവരും വെവ്വേറെ സ്ഥലത്തായിരുന്നു താമസിച്ചിരുന്നത്. സ്ത്രീധനത്തിന്റെ പേരില്‍ നിതീഷ് വിപഞ്ചികയെ നിരന്തം മാനസികമായി പീഡിപ്പിച്ചിരുന്നതായും  വിവാഹമോചനത്തിന് സമ്മര്‍ദം ചെലുത്തിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും ഇവരുടെ ബന്ധു പറഞ്ഞു. എന്നാല്‍ വിപഞ്ചികയ്ക്ക് വിവാഹമോചനത്തിന് താത്പര്യമുണ്ടായിരുന്നില്ല. വിവാഹമോചനമുണ്ടായാല്‍ താന്‍ പിന്നെ ജീവിച്ചിരിക്കില്ലെന്ന് യുവതി വീട്ടു ജോലിക്കാരിയോട് എപ്പോഴും പറയുമായിരുന്നു.

കഴിഞ്ഞ ദിവസം വിവാഹമോചനവുമായി ബന്ധപ്പെട്ട് വിപഞ്ചികയ്ക്ക് വക്കീല്‍ നോട്ടിസ് ലഭിച്ചിരുന്നതായി പറയുന്നു. അന്ന് രാത്രിയോടെ ഫ്‌ലാറ്റിലെത്തിയ വീട്ടുജോലിക്കാരി കുറേ വിളിച്ചിട്ടും  വാതില്‍ തുറക്കാത്തത് കൊണ്ട് നിതീഷിനെ വിവരം അറിയിക്കുകയും അയാള്‍ വന്ന് വാതില്‍ തുറന്നപ്പോള്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. മരണം സംബന്ധിച്ച് ബന്ധുക്കള്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് അധികൃതരെ സമീപിക്കാന്‍ തയ്യാറെടുപ്പുകള്‍ നടക്കുന്നുണ്ട്. ഷാര്‍ജ അല്‍ ഖാസിമി ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകണമെന്നാണ് ബന്ധുക്കളുടെ തീരുമാനം. എന്നാല്‍ മകളുടെ മൃതദേഹം ഇവിടെ തന്നെ സംസ്‌കരിക്കണമെന്നാണ് നിതീഷ് ആവശ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ ഒരു തീരുമാനമുണ്ടായ ശേഷമേ മൃതദേഹം സംസ്‌കരിക്കുകയുള്ളൂ.
 

maniyan pilla vipanchika father

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES