കൊല്ലം സുധി എന്ന കലാകാരന്‍ വിടവാങ്ങിയിട്ട് ഒരു വര്‍ഷം കഴിഞ്ഞിരിക്കവേ അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്നമായ ഒരു വീട് എന്ന ആഗ്രഹം പൂര്‍ത്തീകരിക്കാനുള്ള ഓട്ടത്തിലാണ് പ്രിയപ്പെട്ടവര്‍. ഇപ്പോഴിതാ, ചങ്ങനാശ്ശേരിയില്‍ നോബിള്‍ ഫിലിപ്പ് അമ്പലവേലില്‍ എന്ന പുരോഹിതന്‍ സൗജന്യമായി നല്‍കിയ ഭൂമിയില്‍ സുധിയുടെ വീട് പൂര്‍ത്തിയായിരിക്കുകയാണ്.
സ്വപ്ന വീടിന്റെ അവസാന വട്ട മിനുക്കു പണികള്‍ നടക്കവേ വീടിന് ഇടാന്‍ പറ്റിയ ഏറ്റവും മികച്ച പേര് കണ്ടെത്തി അതു നല്‍കിയിരിക്കുകയാണ് സുധിയുടെ ഭാര്യ രേണു. സുധിച്ചേട്ടന്റെ ഏറ്റവും വലിയ ആഗ്രഹമായ ഈ വീടിന് ഇതിനേക്കാള്‍ മികച്ച മറ്റൊരു പേരില്ലെന്ന് രേണു പറയുന്നു. രേണുവും മൂത്തമകന്‍ കിച്ചുവും ചേര്‍ന്നു കണ്ടെത്തിയ ഈ പേര് ഇരുകയ്യും നീട്ടിയാണ് പ്രിയപ്പെട്ടവരും സ്വീകരിച്ചിരിക്കുന്നത്.
രേണുവിനും തന്റെ രണ്ടു മക്കള്‍ക്കും അടച്ചുറപ്പുള്ള വീട്ടില്‍ കിടന്നുറങ്ങാന്‍ സാധിക്കണമെന്നതായിരുന്നു കൊല്ലം സുധിയുടെ ഏറ്റവും വലിയ ആഗ്രഹം. അതിനായുള്ള നെട്ടോട്ടത്തിലും പരിശ്രമത്തിലും ഇടയിലാണ് അപ്രതീക്ഷിതമായ അപകടം ആ പാവപ്പെട്ടവന്റെ ജീവനെടുത്തത്. പിന്നാലെ അദ്ദേഹത്തിന്റെ സ്വപ്ന പൂര്‍ത്തീകരണത്തിന് സന്മനസുള്ളവര്‍ കൈകോര്‍ത്തപ്പോഴാണ് സ്വന്തമായി ഒരു വീടെന്ന സ്വപ്നത്തിലേക്ക് രേണുവും മക്കളും എത്തിയത്. ഒരു നിലയിലായി മൂന്നു ബെഡ്റൂമുകളുള്ള പുതിയ വീടിന്റെ പാലുകാച്ചിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിനില്‍ക്കുന്നത്. അതിനിടെയാണ് വീടിനിട്ട പേര് പ്രിയപ്പെട്ടവരെ അറിയിച്ചു കൊണ്ട് രേണു എത്തിയിരിക്കുന്നത്. സുധിയുടെ സ്വപ്നമായിരുന്ന ഈ വീടിന് സുധിലയം എന്നാണ് രേണുവും മക്കളും നല്‍കിയിരിക്കുന്നത്.
ആ വീട്ടില്‍ സുധിച്ചേട്ടനും ഞങ്ങള്‍ക്കൊപ്പം ഉണ്ടെന്നാണ് രേണു എപ്പോഴും പറയുന്നത്. അടിയുറച്ച ആ വിശ്വാസമാണ് രേണുവിനേയും മക്കളേയും പുതിയ വീട്ടിലേക്ക് എത്തിക്കുന്നതും. സുധിയുടെ വിയോഗം സംഭവിച്ച് ആഴ്ചകള്‍ കഴിഞ്ഞപ്പോഴാണ്. ചങ്ങനാശ്ശേരിയിലെ ഏഴ് സെന്റ് സ്ഥലം നോബിള്‍ ഫിലിപ്പ് എന്ന പുരോഹിതന്‍ സുധിയുടെ കുടുംബത്തിന് വീട് വെക്കാന്‍ സൗജന്യമായി രജിസ്‌ട്രേഷന്‍ ചെയ്തു നല്‍കിയത്. സുധിയുടെ രണ്ട് മക്കളായ റിഥുലിന്റെയും രാഹുലിന്റെയും പേരിലാണ് സ്ഥലം രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്.
ആംഗ്ലിക്കന്‍ സഭയുടെ ഡയസിസ് ഓഫ് ട്രാവന്‍കൂര്‍ ആന്‍ഡ് കൊച്ചിന്‍ രൂപതയുടെ പതിമൂന്നാമത് മിഷനറി ബിഷപ് ആയി സേവനം ചെയ്യുകയാണ് അദ്ദേഹം. ചങ്ങനാശ്ശേരി മാടപ്പള്ളിയിലാണ് സുധിക്ക് വീടൊരുങ്ങിയിരിക്കുന്നത്. കേരള ഹോം ഡിസൈന്‍സ് എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങള്‍ ചേര്‍ന്നാണ് സുധിയുടെ കുടുംബത്തിനുള്ള വീട് സൗജന്യമായി പണിതു കൊടുക്കുന്നത്. സുധിച്ചേട്ടന്റെ സ്വപ്നമാണ് സഫലമാകുന്നതെന്നും ഇതൊന്നും കാണാന്‍ അദ്ദേഹം ഇല്ല എന്നതാണ് വിഷമകരമായ കാര്യമെന്നുമാണ് നിറകണ്ണുകളോടെ അന്ന് രേണു പറഞ്ഞത്.
ജീവിതത്തിലെ പ്രതിസന്ധികള്‍ അതിജീവിച്ച് നല്ലൊരു ജീവിതം ജീവിച്ച് തുടങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി മരണം കടന്നു വരുന്നതും സുധിയെ കവര്‍ന്നെടുക്കുന്നതും. കോഴിക്കോട് വടകരയില്‍ സ്റ്റേജ് പരിപാടി അവതരിപ്പിച്ച് തിരിച്ചു വരുന്നത് വഴിയായിരുന്നു സുധിയും സംഘവും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുന്നത്. പിറ്റേന്ന് കേരളം കണ്ണ് തുറന്നത് കൊല്ലം സുധി മരണപ്പെട്ടു എന്ന ഞെട്ടിക്കുന്ന വാര്‍ത്തയിലേക്കായിരുന്നു.