ഒരാള്‍ ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നത് സാധാരണയായി അവരുടെ മനസ്സില്‍ വലിയൊരു ഭാരമായി തോന്നുന്ന സമയത്താണ്. ജീവിതത്തില്‍ കിട്ടേണ്ടിയിരുന്ന സന്തോഷം, സ്വപ്‌നങ്ങള്‍, പ്രതീക്ഷകള്‍ എല്ലാം നഷ്ടമായതായി തോന്നുമ്പോള്‍ അവരുടെ മനസ്സ് ഇരുട്ടിലാകുന്നു. ഇനി മുന്നോട്ട് പോകാന്‍ വഴിയില്ല, പിടിച്ച് നില്‍ക്കാന്‍ ശക്തിയില്ല, ആരും സഹായിക്കാനോ രക്ഷിക്കാനോ വരില്ല എന്ന് കരുതുന്ന അവസ്ഥയിലായിരിക്കും. ജീവിതത്തിലെ കഷ്ടപ്പാടുകള്‍, നിരാശകള്‍, പരാജയങ്ങള്‍ എല്ലാം ഒരുമിച്ച് മനസ്സില്‍ അടിഞ്ഞുകൂടുമ്പോള്‍, അതില്‍ നിന്ന് രക്ഷപ്പെടാനുള്ള ഏക മാര്‍ഗം മരണമാണ് എന്ന് തെറ്റായി വിശ്വസിക്കാന്‍ തുടങ്ങും. ആ സമയത്ത് അവന്റെ ചിന്തകള്‍ എല്ലാം മങ്ങിയതായി തോന്നും, നനല്ലത് ഏതാ ശരി ഏതാ എന്ന് തിരിച്ചറിയാനാവാതെ പോകും. അങ്ങനെ സഹിക്കാനാകാത്ത വേദനയില്‍ നിന്നാണ് ആത്മഹത്യകള്‍ ഉണ്ടാകുന്നത്. ഇപ്പോഴിതാ ഒരു കുടുംബത്തിലെ മൂന്ന് പേരും ജീവനൊടുക്കി എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.
കാഞ്ഞങ്ങാട്ടെ അമ്പലത്തറ പറക്കളായിയില്‍ ഒരു കുടുംബത്തെ മുഴുവന്‍ നടുക്കുന്ന ദുരന്തമാണ് സംഭവിച്ചത്. സാമ്പത്തിക ബാധ്യതകളുടെ ഭാരം സഹിക്കാനാവാതെ, ഒരേ കുടുംബത്തിലെ മൂന്നുപേരാണ് ജീവനൊടുക്കിയത് എന്നാണ് പ്രാഥമികമായി അറിയുന്നത്. പറക്കളായിയില്‍ കര്‍ഷകനായിരുന്ന ഗോപി (58), ഭാര്യ ഇന്ദിര (54), മകന്‍ രഞ്‌ജേഷ് (34) എന്നിവരെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ ആസിഡ് കുടിച്ചാണ് ജീവന്‍ അവസാനിപ്പിച്ചത്. കുടുംബത്തിലെ മറ്റൊരു മകനായ രാകേഷ് (27) ഗുരുതരാവസ്ഥയിലാണ്. ഇയാളെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ചികിത്സ തുടരുകയാണ്. ഇവര്‍ ജീവനൊടുക്കിയ സംഭവത്തില്‍ നാട്ടുകാരും ബന്ധുക്കളും ഒരുപോലെ ഞെട്ടലിലാണ്്.
രഞ്‌ജേഷും രാകേഷും മുമ്പ് ദുബായില്‍ ജോലി ചെയ്തുവരികയായിരുന്നു. വിദേശത്ത് ജോലി ചെയ്തിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍, നാട്ടിലേക്ക് തിരിച്ചെത്തി സ്വന്തം നാട്ടില്‍ ഒരു നല്ല ബിസിനസ് ആരംഭിക്കാമെന്ന സ്വപ്‌നം ഇരുവരും കണ്ടു. അതിനാലാണ് രണ്ട് വര്‍ഷം മുന്‍പ് അവര്‍ നാട്ടിലെത്തിയത്. പലചരക്ക് സാധനങ്ങള്‍ വീടുകളിലെത്തിച്ച് നല്‍കുന്ന രീതിയിലുള്ള ഒരു ബിസിനസ് അവര്‍ ആരംഭിച്ചു. നാട്ടുകാരുടെ ആവശ്യങ്ങള്‍ക്ക് സഹായകരമാകുകയും, സ്വന്തം നിലയില്‍ നല്ലൊരു വരുമാനമുണ്ടാക്കുകയും ചെയ്യാമെന്നായിരുന്നു അവരുടെ പ്രതീക്ഷ. എന്നാല്‍, കാര്യങ്ങള്‍ പ്രതീക്ഷിച്ച പോലെ നടന്നില്ല. ബിസിനസില്‍ വലിയ വരുമാനം ഉണ്ടാകാതെ പോയി.
മറിച്ച്, തുടര്‍ച്ചയായി ചെലവുകള്‍ കൂടിയതോടെ വലിയ സാമ്പത്തിക ബാധ്യതകള്‍ ഇവര്‍ക്ക് നേരിടേണ്ടി വന്നു. കടബാധ്യതകള്‍ കൂടി കൂടി വന്നു. തുടര്‍ന്ന് ഏറെ പ്രതീക്ഷയോടെ തുടങ്ങിയ ബിസിനസ് അവസാനിപ്പിക്കേണ്ടി വന്നു. ബിസിനസ് നഷ്ടപ്പെട്ടതോടെ, കുടുംബത്തിന്റെ ചെലവുകള്‍ക്കായും കടങ്ങള്‍ തീര്‍ക്കുന്നതിനായും മാര്‍ഗം തേടി, ഇരുവരും കൂലിപ്പണിക്ക് ഇറങ്ങിത്തുടങ്ങി. ദിവസവേതനത്തിന് കഴിയുന്ന ചെറിയ ജോലികളിലൂടെയാണ് അവര്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിച്ചത്. എന്നാല്‍, പ്രതിസന്ധി അത്ര എളുപ്പത്തില്‍ മാറിയില്ല. കുടുംബം നേരിടുന്ന ഈ സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ഒടുവില്‍ വലിയ ദുരന്തത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു. സംഭവത്തിന് മുന്‍പുള്ള ദിവസം കുടുംബം സാധാരണ ജീവിതം നയിക്കുന്നതുപോലെ തന്നെയായിരുന്നു. അവര്‍ ബന്ധുവീടുകളിലും പോയി, ക്ഷേത്രത്തില്‍ ദര്‍ശനവും നടത്തി. പുറത്തുനിന്നാല്‍ ഒന്നും സംഭവിക്കാനിരിക്കുന്നതായി തോന്നിപ്പിക്കുന്ന തരത്തിലൊന്നും കാണാനായില്ലെന്ന് അയല്‍വാസികള്‍ പറയുന്നു.
എന്നാല്‍ പുലര്‍ച്ചെ മൂന്ന് മണിയോടെ ഗോപിയുടെ സഹോദരന്റെ ഭാര്യയ്ക്ക് അപ്രതീക്ഷിതമായി ഒരു ഫോണ്‍ കോളാണ് വന്നത്. ഫോണ്‍ വിളിച്ചത് രഞ്‌ജേഷായിരിക്കാമെന്നാണ് കരുതുന്നത്. ''തീരെ വയ്യ, ആശുപത്രിയില്‍ എത്തിക്കണം'' എന്നൊരു വാക്ക് മാത്രമാണ് മറുവശത്തുനിന്ന് കേള്‍ക്കാന്‍ കഴിഞ്ഞത്. ആ വാക്കുകള്‍ കേട്ട് ബന്ധുക്കള്‍ ഭീതിയിലായി. ഉടന്‍ തന്നെ അവര്‍ നാട്ടുകാരോടൊപ്പം വീട്ടിലെത്തി. എന്നാല്‍ അവരെ കാത്തിരുന്നത് അത്യന്തം ദാരുണമായ കാഴ്ചയായിരുന്നു. ഗോപി, ഭാര്യ ഇന്ദിര, മകന്‍ രഞ്‌ജേഷ് എന്നിവര്‍ മരിച്ച നിലയില്‍ കണ്ടെത്തപ്പെട്ടു. മറ്റൊരു മകനായ രാകേഷിനെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയതോടെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. ഇപ്പോള്‍ അദ്ദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
സംഭവവിവരം പുറത്തറിയുമ്പോള്‍ നാട്ടുകാരും ബന്ധുക്കളും വലിയ ഞെട്ടലിലായി. ക്ഷേത്രദര്‍ശനത്തോടും ബന്ധുവീടുകളിലേക്കുള്ള സന്ദര്‍ശനത്തോടുമൊത്ത് സാധാരണ ദിനങ്ങള്‍ ചെലവഴിച്ച കുടുംബം, ഏതാനും മണിക്കൂറുകള്‍ക്കകം ഇത്തരമൊരു ദുരന്തത്തിലേക്ക് വഴുതിപ്പോയി എന്നത് വിശ്വസിക്കാനാകാത്ത കാര്യമായി മാറി.