ബിഗ് ബോസ് മലയാളം സീസണ്‍ 6 ലൂടെ ശ്രദ്ധേയായ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ ജാസ്മിന്‍ ജാഫര്‍ യൂറോപ്പിലേക്കുള്ള തന്റെ സ്വപ്നതുല്യമായ യാത്രയുടെ പാക്കിങ് വിശേഷങ്ങളും മുന്നൊരുക്കങ്ങളുമായി എത്തിയ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യലിടത്തില്‍ വൈറലാണ്.
ബിഗ് ബോസിന് ശേഷം പോകാന്‍ ആഗ്രഹിച്ച ഒരുപാട് സ്ഥലങ്ങളിലേക്ക് ജാസ്മിന്‍ യാത്രകള്‍ നടത്തിയത് ഹൈലൈറ്റ് ആയിരുന്നു. ആ യാത്രകളില്‍ പലപ്പോഴും ബിഗ് ബോസ് സഹ മത്സരാര്‍ത്ഥിയായിരുന്ന ഗബ്രിയും ഉണ്ടായിരുന്നു. ഇപ്പോള്‍ താന്‍ ഒറ്റയ്ക്ക് ഒരു വിദേശ യാത്ര പോകുന്നു എന്നത് തനിക്ക് തന്നെ വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നാണ് വീഡിയോയില്‍ ജാസ്മിന്‍ പറയുന്നത്. ''ഞാന്‍ എവിടെ കിടന്നവളാ ഗായിസ്, ഇന്ന് ഇവിടെ എത്തി നില്‍ക്കുന്നത് എനിക്ക് തന്നെ അത്ഭുതം തോന്നുന്നു. എനിക്കിത് സങ്കല്‍പിക്കാന്‍ പോലും കഴിയുന്നില്ല,'' എന്നാണ് താരം വൈകാരികമായി പ്രതികരിച്ചത്. മുന്‍പ് പലതവണ യാത്രകള്‍ പ്ലാന്‍ ചെയ്തെങ്കിലും പല കാരണങ്ങളാല്‍ അവയെല്ലാം മുടങ്ങിപ്പോയിരുന്നു.
ഈ വര്‍ഷം തുടക്കം മുതല്‍ യൂറോപ്പ് ട്രിപ്പിനായി ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും 'കണ്ടകശനി' കാരണം ഒന്നിനും സാധിച്ചില്ലെന്ന് ജാസ്മിന്‍ പറയുന്നു. താന്‍ യാത്രകളെക്കുറിച്ച് റീലുകളിലൂടെയും മറ്റും മുന്‍കൂട്ടി പറഞ്ഞിരുന്നത്‌കൊണ്ടാണോ അവ മുടങ്ങിയതെന്ന് സംശയമുള്ളതുകൊണ്ട്, ഇത്തവണ ഈ ട്രിപ്പിനെക്കുറിച്ച് അടുത്ത സുഹൃത്തുക്കളോട് പോലും താരം പറഞ്ഞിരുന്നില്ല.
വരും ദിവസങ്ങളില്‍ പല എപ്പിസോഡുകളായി യൂറോപ്പ് യാത്രയുടെ കൂടുതല്‍ വിശേഷങ്ങളും വ്ളോഗുകളും ആരാധകര്‍ക്കായി പങ്കുവെക്കുമെന്ന് ജാസ്മിന്‍ വ്യക്തമാക്കിയിട്ടുണ്ട്. തനിക്ക് തികച്ചും അപരിചിതമായൊരു നാട്ടിലേക്ക് ആദ്യമായി ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിന്റെ എല്ലാ ത്രില്ലോടും ആകാംഷയോടും കൂടിയാണ് താരം ഇപ്പോള്‍ യാത്ര തിരിക്കുന്നത്. ബിഗ് ബോസിന് ശേഷമുള്ള കരിയര്‍ തിരക്കുകള്‍ക്കൊപ്പം പുതിയ യാത്രാ വിശേഷങ്ങളുമായി സജീവമാകാന്‍ ഒരുങ്ങുന്ന ജാസ്മിന്റെ പുതിയ വീഡിയോ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.