Latest News

ഹൃദയം തുറന്ന് സീ കേരളത്തിന്റെ സംഗീത റിയാലിറ്റി ഷോ സരിഗമപയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട  അക്ബറും ശ്രീജിഷും

Malayalilife
ഹൃദയം തുറന്ന് സീ കേരളത്തിന്റെ സംഗീത റിയാലിറ്റി ഷോ സരിഗമപയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട  അക്ബറും ശ്രീജിഷും

സീ കേരളത്തിന്റെ സംഗീത റിയാലിറ്റി ഷോ സരിഗമപയുടെ ഫിനാലെ ഈ വരുന്ന സ്വാന്തത്ര്യ ദിനത്തില്‍ വൈകുന്നേരം 5.30 നു സീ കേരളത്തില്‍ പ്രേക്ഷപണം ചെയ്യാനൊരുങ്ങുകയാണ്. ഒരു വര്ഷം നീണ്ടു നിന്ന ഷോ ഒരു പിടി മികച്ച ഗായകരെ മലയാളത്തിന് സംഭാവന നല്‍കി കഴിഞ്ഞു. മത്സരാര്‍ത്ഥികളില്‍ ഭൂരിഭാഗവും ഇപ്പോള്‍ പിന്നണി ഗായകരാണ്. തങ്ങളുടെ സ്വരവൈവിധ്യം കൊണ്ടും ആലാപന ചാരുത കൊണ്ടും പ്രേക്ഷകരുടെ പ്രിയ ഗായകരാണ് സരിഗമപയുടെ അക്ബര്‍ ഖാനും ശ്രീജിഷും. ജീവിതത്തിലെ പല പ്രതിസന്ധികളെ തരണം ചെയ്‌തെത്തിയ രണ്ട് ഗായകരാണ് ഇവര്‍. സരിഗമപയിലെ 'ബാക്ക് ബെഞ്ചേഴ്സ്' എന്നാണ് ഇവര്‍ അറിയപ്പെടുന്നത് തന്നെ. അക്ബര്‍ തൃശ്ശൂര്‍ ചൂണ്ടല്‍ സ്വദേശിയും ശ്രീജിഷ് പാലക്കാട് എടപ്പാള്‍ സ്വദേശിയുമാണ്. അക്ബര്‍ ഗായകനാകുന്നതിന് മുന്‍പേ ഡ്രൈവര്‍ ആയിരുന്നു. ഇപ്പോള്‍ ഫൈനലിലെത്താന്‍ ഉള്ള അവസാനകടമ്പയിലാണ് രണ്ട് ഗായകരും. സരിഗമപയിലെ ആറാമത്തെ മത്സരാര്‍ത്ഥികള്‍ ഇവരില്‍ ഒരാളാകും. പ്രേക്ഷകരുടെ വോട്ടിംഗ് അടിസ്ഥാനമാക്കിയായിരിക്കും ഇവരില്‍ ഒരാളുടെ ഫിനാലെ പ്രവേശം. ഈ പശ്ചാത്തലത്തിലാണ് രണ്ടു പേരും ഒരുമിച്ചു തങ്ങളുടെ സരിഗമപ യാത്രയെക്കുറിച്ചും ഭാവി പരിപാടികളെക്കുറിച്ചും മനസ്സ് തുറക്കുന്നത്. 

എങ്ങനെയാണു സരിഗമപയിലെ നിങ്ങളുടെ യാത്രയും അത് നിങ്ങളില്‍ കൊണ്ട് വന്ന മാറ്റത്തെയും കാണുന്നത് ?

അക്ബര്‍ ഖാന്‍: ജീവിതത്തെ മാറ്റിമറിച്ച ഒരു യാത്രയായിരുന്നു അത്. ഒരു ഗായകനെന്ന നിലയില്‍ എന്നെയും എന്റെ കാഴ്ചപ്പാടിനെയും പൂര്‍ണ്ണമായും മാറ്റിയ ഒന്നായിരുന്നു സരിഗമപ. നമ്മളെ ആളുകള്‍ തിരിച്ചറിയുകയും പാട്ടിനെപ്പറ്റി സ്‌നേഹത്തോടെ സംസാരിക്കുകയും ചെയ്യാന്‍ ഈ ഷോ കാരണമായിട്ടുണ്ട്. മാത്രമല്ല സംഗീത, ഒരു കരിയര്‍ ചോയിസായി എടുക്കാനുള്ള ആത്മവിശ്വാസം നല്‍കുകയും ചെയ്തു.

ശ്രീജേഷ്: അവിചാരിതമായാണ് ഞാന്‍ സരിഗമപയുടെ ഭാഗമാകുന്നത്. പാലക്കാട് ചെമ്പൈ സംഗീത കോളേജില്‍ സംഗീതം പഠിച്ചുകൊണ്ടിരുന്ന കാലത്താണ് സരിഗമപയുടെ ഓഡിഷന്‍ നടക്കുന്നത്. വെറുതെ പോയതാണ്. കിട്ടുമെന്നൊന്നും കരുതിയില്ല. എന്തായാലും ആദ്യ16ല്‍  ഒരാളാകാന്‍ കഴിഞ്ഞത് തന്നെ മഹാഭാഗ്യം. ശരിക്കും നമ്മളില്‍ ഒരാത്മവിശ്വാസം ഉണ്ടാക്കി തന്ന ഒരു ഷോയാണ് സരിഗമപ.  ആ കൂട്ടായ്മയില്‍ എത്തിയത് കൊണ്ട് മാത്രമാണ് പലകാര്യങ്ങളും പഠിക്കാനും അത് നമ്മുടെ ജീവിതത്തില്‍ പ്രയോഗിക്കാനും കഴിഞ്ഞത്. സംഗീതത്തെക്കുറിച്ച് വിധികര്‍ത്താക്കളില്‍ നിന്നും സരിഗമപയില്‍ സഹകൂട്ടാളികളില്‍  നിന്നും ഞാന്‍ പലതും പഠിച്ചു.

ഫൈനല്‍ കഴിഞ്ഞാല്‍ സരിഗമപയില്‍  നിങ്ങള്‍ ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്യുന്നത്  എന്തായിരിക്കും?

 അക്ബര്‍ ഖാന്‍: സരിഗമപ തന്നെയാകും മിസ് ചെയ്യുക. എല്ലാ മാസവുമുള്ള ഗ്രൂമിങ് സെഷന്‍ പിന്നെ കൂട്ടുകാര്‍ ഇവരെയൊക്കെ തീര്‍ച്ചയായും മിസ് ചെയ്യും. ശരിക്കും! ഇവരൊക്കെയായിരുന്നു നമ്മുടെ ഒരു പിന്‍ബലം. സരിഗമപ വലിയ മാറ്റങ്ങളാണ് ജീവിതത്തില്‍ കൊണ്ട് വന്നത്.

ശ്രീജിഷ്: തീര്‍ച്ചയായും ടീമിനെയായിരിക്കും മിസ് ചെയ്യുക. നഷ്ടമാകും. എനിക്ക് അത് ഒരു കുടുംബം പോലെയാണ്. എല്ലാ മാസവും ഞങ്ങള്‍ കുറച്ചു ദിവസം ഒത്തു ചേര്‍ന്ന് രസകരമാക്കിയ ആ ദിനങ്ങളും മിസ് ചെയ്യും. സരിഗമപ ഒരു ആഘോഷമായിരുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട ജഡ്ജസ് സരിഗമപ ഫ്‌ലോര്‍ ഒക്കെ നഷ്ടപ്പെടും.


ഫിനാലെയില്‍ നിങ്ങളില്‍ ഒരാള്‍ക്ക് മാത്രമാകും പ്രവേശനം. അത് നഷ്ടമായാല്‍ സങ്കടം ഉണ്ടാകുമോ?

അക്ബര്‍ ഖാന്‍: സരിഗമപ ഷോയില്‍ വിജയിക്കുമെന്ന പ്രതീക്ഷയോടെയൊന്നുമല്ല ഞാന്‍ പങ്കെടുത്തത്. സംഗീതത്തോടുള്ള ഇഷ്ട്ടം മാത്രമാണ് എന്നെ ഇവിടം വരെ എത്തിച്ചത്. ഞാന്‍ എന്റെ കഴിവിന്റെ പരമാവധി കൊടുത്തു. ഏറ്റവും മികച്ച പെര്‍ഫോമന്‍സ് നല്‍കാന്‍ ഓരോ പ്രാവശ്യവും ശ്രമിച്ചിട്ടുണ്ട്.  എന്ത് സംഭവിച്ചാലും അത് എനിക്ക് ഒരു ബോണസാണ്. എന്നെ ഒരു ഗായകനാക്കി മാറ്റുന്നതില്‍ സരിഗമപ വഹിച്ച പങ്ക് വലുതാണ്. ഇവിടെ വരുന്നതിന് മുന്‍പേ ഞാന്‍ ഒരു ജെസിബി ഓപ്പറേറ്ററായും യൂബര്‍ ഡ്രൈവര്‍ ഒക്കെയായും ജോലി ചെയ്തിരുന്നു.  അതിനാല്‍ തന്നെ ജീവിതത്തില്‍ സംഭവിക്കാവുന്ന പരാജയങ്ങളെ  എങ്ങനെ നേരിടാമെന്ന് എനിക്കറിയാം. തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കില്‍ എല്ലാ മനുഷ്യനെ പോലെയും വിഷമം ഉണ്ടാവും. എന്നാല്‍ അതങ്ങു പെട്ടന്ന് പോകുകയും ചെയ്യും.

ശ്രീജിഷ്: എനിക്ക് അല്‍പ്പം സങ്കടമുണ്ടാകും. അക്ബര്‍ പറഞ്ഞതുപോലെ സരിഗമപ ഷോ ഞങ്ങളുടെ ജീവിതത്തില്‍ മികച്ച പലതും നല്‍കി. ഒരു പക്ഷേ ഈ ഷോയില്‍ പങ്കെടുത്തില്ലായിരുന്നെങ്കില്‍ ജീവിതം തന്നെ മറ്റൊരു വഴിക്ക് ആകുമായിരുന്നു. ഇവിടം വരെയെത്തിയത് കൊണ്ടാണ് ലോകം ഞങ്ങളെ അറിഞ്ഞത്. തോറ്റുപോയാലും ഇനി സങ്കടം ഇല്ല.

ഭാവിയെക്കുറിച്ചു...?

 അക്ബര്‍ ഖാന്‍: സരിഗമപ ഷോ പാട്ടില്‍ തന്നെ തുടരാന്‍ ആവശ്യമായ ആത്മവിശ്വാസം നല്‍കി. ഒരു നല്ല അവസരത്തിനായാണ് ഇപ്പോള്‍ കാത്തിരിക്കുന്നത്.  ഇതിനിടയില്‍, ഞാന്‍ ഒരു യൂ ട്യൂബ്  ചാനല്‍ ആരംഭിച്ചു. അതും മോശമല്ലാത്ത വിധത്തില്‍ സ്വീകാര്യത നേടുന്നുണ്ട്.  ഹിന്ദിയിലും അറബിയിലും പാട്ടുകള്‍ പാടണം എന്നതാണ് ആഗ്രഹം. യാത്രയില്‍  സഹായിച്ച എന്റെ പ്രേക്ഷകരുടെ സഹായം തുടര്‍ന്നും എനിക്ക് ആവശ്യമാണ്. പാട്ടല്ലാതെ മറ്റൊന്നിനെക്കുറിച്ചും ഞാന്‍ ചിന്തിക്കുന്നില്ല.

 ശ്രീജിഷ്: പാട്ട് തന്നെയാണ് ഭാവി വഴി. അതിലാണ് ഞാന്‍ ഒരു കരിയര്‍ സ്വപ്നം കാണുന്നത്. സരിഗമപയുടെ വേദി തന്ന ആത്മവിശ്വാസം തന്നെയാണ് അതിന് പിന്നില്‍. എനിക്കറിയാം ഇതൊരു യാത്രയുടെ തുടക്കം മാത്രമാണെന്ന്. ഇനിയും ഒരുപാടു ദൂരം എനിക്ക് സഞ്ചരിക്കേണ്ടതുണ്ട്.

സരിഗമപ കേരളത്തിന്റെ ഗ്രാന്‍ഡ് ഫൈനല്‍ ഓഗസ്റ്റ് 15, വൈകുന്നേരം 5.30 ന് സംപ്രേഷണം ചെയ്യും. ആറാമത്തെ ഫൈനലിസ്റ്റിന്റെ ഫലം  ഷോയുടെ തുടക്കത്തില്‍ പ്രഖ്യാപിക്കും.

saregamapa akbar and sreejish interview zee keralam

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES