മിനി സ്‌ക്രീന്‍ പേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ഗൗരി കൃഷ്ണന്‍. ഇപ്പോള്‍ അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന താരം തന്റെ വിശേഷങ്ങള്‍ യുട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഗൗരിയുടെ ഏറ്റവും പുതിയ വ്‌ലോഗും ശ്രദ്ധിക്കപ്പെടുകയാണ്. താന്‍ ഡിപ്രഷനെ അതിജീവിച്ചത് എങ്ങനെയാണ് എന്നാണ് ഗൗരി പുതിയ വീഡിയോയില്‍ വിശദീകരിക്കുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും മോശമായ സമയത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരുന്നതെന്നും ഒന്നിനോടും താത്പര്യം തോന്നാത്ത അവസ്ഥയായിരുന്നുവെന്നും ഗൗരി പറയുന്നു. തിരിച്ചുവരണം എന്നു തനിക്കു തന്നെ തോന്നിയിടത്തു നിന്നാണ് മാറ്റം ആരംഭിച്ചതെന്നും താരം കൂട്ടിച്ചേര്‍ത്തു.
''കട്ടിലില്‍ നിന്നും എഴുന്നേല്‍ക്കാന്‍ പോലും തോന്നില്ലായിരുന്നു. ഒന്നിനോടും താത്പര്യം ഇല്ലാത്ത അവസ്ഥ. അതോടൊപ്പം ഒരുപാട് ഭക്ഷണം കഴിക്കുന്നതും ശീലമായി. ഡിപ്രഷന്‍ ഉള്ള ചിലരില്‍ ഓവര്‍ ഈറ്റിങ്ങ് ഒരു പ്രശ്‌നമാണ്. എന്തോ പ്രശ്നമുണ്ടല്ലോ എന്ന് എനിക്ക് തന്നെ തോന്നിത്തുടങ്ങിയപ്പോഴാണ് ഞാന്‍ ഭര്‍ത്താവിനോടും വീട്ടുകാരോടും പറഞ്ഞത്. അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്തതല്ലേ, അതുകൊണ്ടായിരിക്കും ഇങ്ങനെയൊക്കെ തോന്നുന്നതെന്നായിരുന്നു കരുതിയത്. എനിക്കേറ്റവും പ്രിയപ്പെട്ട കാര്യമായിരുന്നു അഭിനയം. അതില്‍ നിന്നും എങ്ങനെ മാറാന്‍ തോന്നിയെന്ന് എനിക്കറിയില്ല
ഡിപ്രഷന്റെ തുടക്കത്തിലായിരുന്നു അങ്ങനെയൊരു തീരുമാനം, അത് പിന്നീടാണ് മനസിലായത്. ഒരു കാരണവുമില്ലാതെ ദേഷ്യവും, സങ്കടവും, കരച്ചിലുമൊക്കെ വരുന്ന അവസ്ഥയായിരുന്നു. എന്തിനാണ് ജീവിക്കുന്നതെന്ന തോന്നല്‍ വരെ വരുമായിരുന്നു. ഡോക്ടറെ കണ്ടപ്പോളാണ് എനിക്ക് ഡിപ്രഷനും ആംങ്‌സൈറ്റി ഡിസോര്‍ഡറും, പാനിക്ക് അറ്റാക്കും ഉണ്ടെന്ന് മനസിലായത്.
ആരെങ്കിലും എന്നെ രക്ഷപ്പെടുത്തട്ടെ എന്നായിരുന്നു ആദ്യമൊക്കെ തോന്നിയത്. പിന്നെ ഒരു പോയിന്റ് എത്തിയപ്പോഴാണ് ഞാന്‍ തന്നെ തിരിച്ച് വരണം. എന്നെക്കൊണ്ടേ ഇതിന് സാധിക്കൂ എന്ന് മനസിലാക്കിയത്. ഒന്നര വര്‍ഷമായി ഞാന്‍ മെഡിസിന്‍ എടുക്കുന്നുണ്ട്. ഇതൊരു നോര്‍മല്‍ അവസ്ഥയാണ്. ചികില്‍സ തേടേണ്ട അസുഖം തന്നെയാണ്. ഇങ്ങനെയൊരു അവസ്ഥയിലൂടെ കടന്നുപോകുന്നവര്‍ പെട്ടെന്ന് ഡോക്ടറെ കാണുക. എന്നെ കൂടുതലും തിരിച്ചുകൊണ്ടുവന്നത് യാത്രകളാണ്. എല്ലാവര്‍ക്കും അത് പറ്റിയെന്ന് വരില്ല. പറ്റുമെങ്കില്‍ യാത്രകള്‍ ചെയ്യുക. സ്വയം സ്‌നേഹിക്കുക, ശ്രദ്ധിക്കുക, മറ്റുള്ളവര പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്നത് നിര്‍ത്തുക, നിങ്ങളുടെ എനര്‍ജി നശിപ്പിക്കുന്നവരെ ജീവിതത്തില്‍ നിന്നും അകറ്റി നിര്‍ത്തുക'', ഗൗരി കൃഷ്ണന്‍ പറഞ്ഞു.