അഗസ്ത്യക്കോട് മഹാദേവ ക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും ഉത്സവത്തിന് അച്ഛനോടൊപ്പം കഥകളി കാണാനെത്തിയിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി സാബ്രി ഒരാഗ്രഹം പറഞ്ഞു. എനിക്ക് കഥകളി പഠിക്കാന്‍ പറ്റുമോ അച്ഛാ... ആ ചോദ്യത്തില്‍ നിന്നാണ് കേരള കലാമണ്ഡലത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു മുസ്ലിം വിദ്യാര്‍ത്ഥിനി കഥകളി അരങ്ങേറ്റത്തിനായി ഇന്ന് ഒരുങ്ങുന്നത്. ചെറുപ്പക്കാലം മുതല്‍ തന്റെ മനസ്സില്‍ വളര്‍ന്ന വന്ന ആഗ്രഹം ഒടുവില്‍ ആ പത്താംക്ലാസുകാരി നിറവേറ്റാന്‍ പോകുകയാണ്. കേരള കലാമണ്ഡലത്തിലെ ആദ്യ മുസ്ലീം വിദ്യാര്‍ഥിനിയായ സാബ്രിയുടെ അരങ്ങേറ്റം ഒക്‌ടോബര്‍ രണ്ടിനാണ് നടക്കാന്‍ ഇരിക്കുന്നത്. സാബ്രി കഥകളിയിലേക്ക് എത്തിയതിന്റെ പിന്നില്‍ ഒരു കഥയുണ്ട്. കേട്ടിരിക്കാന്‍ രസമുള്ള ഒരു കുഞ്ഞ് കഥ.
സാബ്രിയുടെ അച്ഛന്‍ അറിയപ്പെടുന്ന ഒരു പരിസ്ഥിതി ഫോട്ടോഗ്രഫറാണ്. നിസാം അമ്മാസ് എന്നാണ് അദ്ദേഹത്തിന്റെ പേര്. ചിത്രങ്ങള്‍ എടുക്കാന്‍ പോകുമ്പോള്‍ നിസാമിന്റെ കൂടെ എപ്പോഴും മകള്‍ സാബ്രിയും ഉണ്ടാകുമായിരുന്നു. അവധി ഉള്ളപ്പോഴും വൈകിട്ട് പുറത്തേക്ക് പോകുമ്പോഴും മകളെ കൂട്ടിയില്ലെങ്കില്‍ പിന്നെ പിണക്കമാണ് സാബ്രിക്ക്. അതുകൊണ്ട് തന്നെ അച്ഛന്റെ ഒപ്പം എപ്പോഴും മകളും ഉണ്ടാകുമായിരുന്നു. പരിസ്ഥിതി ഫോട്ടോ കൂടാതെ കലാരൂപങ്ങളുടെ ഫോട്ടോയും അദ്ദേഹം എടുത്തിരുന്നു. കലാരൂപങ്ങളുടെ ഫോട്ടോകള്‍ എടുത്ത് വയ്ക്കുന്നത് നിസാമിന്റെ ഒരു ഹോമി കൂടിയായിരുന്നു. ഈ ഫോട്ടോകള്‍ ഒക്കെ എടുക്കാന്‍ പോകുമ്പോള്‍ മകള്‍ സാബ്രിയും ഒപ്പം ഉണ്ടാകും. അതുകൊണ്ട് തന്നെ കുഞ്ഞിലെ തൊട്ട് സാബ്രിക്ക് കലാരൂപങ്ങളോടുമൊക്കെ വലിയ ഇഷ്ടമായിരുന്നു.
അഞ്ചല്‍ മഹാദേവ ക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും ആറ് ദിവസം കഥകളി ഉണ്ടാകാറുണ്ട്. ചിത്രങ്ങള്‍ എടുക്കാന്‍ മുടങ്ങാതെ എല്ലാ വര്‍ഷം നിസാമും പോയിരുന്നു. ഒപ്പം സാബ്രിയും ഉണ്ടാകും. എന്നാല്‍ കുറച്ച് നാള്‍ കഴിഞ്ഞ് കുഞ്ഞ് സാബ്രി ഇല്ലാതെ ഫോട്ടോ എടുക്കാന്‍ പോയപ്പോള്‍ അവള്‍ വാശിപ്പിടിച്ച് കരയുന്ന അവസ്ഥയിലേക്ക് വരെ എത്തിയിരുന്നു കാര്യങ്ങള്‍. അതോടെ മകളെ പിന്നെയും കൂട്ടാന്‍ തുടങ്ങി. കഥകളിക്ക് ഒരുങ്ങുന്ന സ്ഥലങ്ങളില്‍ ചിത്രങ്ങള്‍ എടുക്കാന്‍ നിസാം കയറുമ്പോള്‍ പിന്നില്‍ നിന്ന് ഒരുങ്ങുന്ന കഥകളി കലാകാരന്‍മാരുടെ എടുത്തായിരിക്കും സാബ്രി എപ്പോഴും ഉണ്ടാകുക. അവര്‍ ചുട്ടി കുത്തുന്നതും ആഭരണങ്ങള്‍ അണിയുന്നതും ഒക്കെ നോക്കി നില്‍ക്കുമായിരുന്നു. വെളുപ്പിനെ വരെ നീളുന്ന കഥകളി ഉറങ്ങാതെ ഇരുന്ന് കാണുമായിരുന്നു സാബ്രി. മകള്‍ക്ക് കഥകളി വെറുമൊരു കൗതുകം മാത്രമല്ല മറിച്ച് പാഷനാണെന്ന് അറിയാന്‍ ആ അച്ഛന് അധികം താമസം വന്നില്ല.
എന്നാല്‍ മകളുടെ ആഗ്രഹം എങ്ങനെ സാധിച്ച് കൊടുക്കണം എന്ന്് ആ അച്ഛന് അറിയില്ലായിരുന്നു. കേരള കലാമണ്ഡലത്തില്‍ അഡ്മിഷന്‍ എങ്ങനെ എടുക്കണമെന്ന് പല രീതിയില്‍ ആ അച്ഛന്‍ മകള്‍ക്ക് വേണ്ടി അന്വേഷിക്കാന്‍ തുടങ്ങി. അങ്ങനെയാണ് കലാമണ്ഡലത്തിലെ അധ്യാപകന്‍ കൂടിയായ കലാമണ്ഡലം ആരോമലിനെക്കുറിച്ച് അറിയുന്നത്. കൊല്ലം ചടയമംഗലം ആണ് അദ്ദേഹത്തിന്റെ സ്ഥലം. ആരോമല്‍ മാഷിനെ നേരില്‍ കണ്ട് ആവശ്യം അറിയിച്ചു. കേരള കലാമണ്ഡലത്തില്‍ അഡ്മിഷന്‍ ലഭിക്കുന്നത് വളരെ പ്രയാസകരമായ കാര്യമാണെന്നാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ആദ്യം കിട്ടിയ മറുപടി. എന്നാലും ശ്രമിക്കാം എന്ന പോസിറ്റീവായ ഒരു സമീപനം അദ്ദേഹത്തില്‍ നിന്നും ഉണ്ടായി.
മാത്രമല്ല കഥകളി ചുവടുകളെക്കുറിച്ചുള്ള ആദ്യപാഠങ്ങള്‍ സ്വായത്തമാക്കാന്‍ മകളെ ആരോമല്‍ മാഷിന്റെ പക്കല്‍ ശിഷ്യപ്പെടുത്തുകയും ചെയ്തു. 2021ലാണ് സ്ത്രീകള്‍ക്ക് കേരള കലാമണ്ഡലത്തില്‍ അഡ്മിഷന്‍ നല്‍കാം എന്നുള്ള തീരുമാനം ഉണ്ടാകുന്നത്. ആദ്യ ശ്രമം പരാജയപ്പെട്ടു. രണ്ടാം ശ്രമത്തില്‍ അഡ്മിഷന്‍ ലഭിക്കുമെന്നുള്ള ശുഭപ്രതീക്ഷ ലഭിച്ചു. എന്നാല്‍ അഡ്മിഷന് മുന്‍പ് വീണ്ടും മകള്‍ക്ക് ലഭിക്കില്ല എന്നൊരു കാര്യം അറിഞ്ഞു. രണ്ടാം തവണയും അഡ്മിഷന്‍ ലഭിക്കില്ല എന്ന അറിയിപ്പ് വന്ന സമയം മകള്‍ ഇതുകേട്ട് മുറിയിലിരുന്ന് കരഞ്ഞു. കാരണം അപ്പോള്‍ പഠിച്ചിരുന്ന സ്‌കൂളില്‍നിന്നും കലാമണ്ഡലത്തിലേക്ക് പഠിക്കാന്‍ പോകുന്നു എന്ന തരത്തില്‍ യാത്ര വരെ അവള്‍ ചോദിച്ചിരുന്നു. മകള്‍ക്ക് അഡ്മിഷന്‍ എന്ത് വിലകൊടുത്തും വാങ്ങണമെന്നുള്ള രീതിയില്‍ പിന്നീട് താന്‍ ചിന്തിച്ചതായി പിതാവ് പറയുന്നു. ഒരുപക്ഷേ അഡ്മിഷന്‍ ലഭിച്ചില്ലെങ്കില്‍ സാബ്രി മാനസികമായി വരെ തളര്‍ന്നുപോകുമായിരുന്നു.
എന്നാല്‍ പക്ഷേ ഇതുപോലൊരു പെണ്‍കുട്ടിക്ക് തീര്‍ച്ചയായും അഡ്മിഷന്‍ നല്‍കണമെന്ന രീതിയില്‍ കേരള കലാമണ്ഡലത്തെ പ്രേരിപ്പിച്ചത് കലാമണ്ഡലം ഗോപി ആശാന്‍ ആയിരുന്നു. ഗോപി ആശാന്റെ ശക്തമായ പിന്തുണയാണ് ആദ്യമായി ഒരു മുസ്ലിം പെണ്‍കുട്ടി കഥകളി പഠിക്കാന്‍ കലാമണ്ഡലത്തിന്റെ മണ്ണില്‍ ചുവടു വയ്ക്കുന്നതിന് കാരണമായത്. ഗോപി ആശാന്റെ അനുഗ്രഹം വാങ്ങിത്തന്നെയാണ് സാബ്രി കേരള കലാമണ്ഡലത്തില്‍ പഠനം ആരംഭിക്കുന്നത്. നാട്ടില്‍ നിന്നും എതിര്‍പ്പുകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഒടുവില്‍ തന്റെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചെടുക്കാന്‍ പോകുകയാണ് ഈ കൊച്ച് മിടുക്കി. തന്റെ ഇഷ്ടവേഷം കൃഷ്ണനായി തന്നെയാണ് സാബ്രി കഥകളി അരങ്ങേറ്റത്തിലും എത്തുന്നത്. പരിസ്ഥിതി ഫോട്ടോഗ്രഫര്‍ നിസാം അമ്മാസിന്റെയും അനീസയുടെയും മകളാണ് സാബ്രി. സൈബര്‍ ഫോറന്‍സിക് സെക്യൂരിറ്റി പഠന വിദ്യാര്‍ഥി മുഹമ്മദ് യാസീനാണ് സഹോദരന്‍.