സ്വന്തം സ്ഥാപനമായ 'ഓ ബൈ ഓസി'യില് നിന്ന് ലക്ഷക്കണക്കിന് രൂപ കവര്ന്ന കേസിലെ പ്രതികളിലൊരാള് വിവാഹം കഴിഞ്ഞ് തായ്ലന്ഡില് ഹണിമൂണ് ആഘോഷിക്കുകയാണെന്ന വെളിപ്പെടുത്തലുമായി ദിയ കൃഷ്ണ. അമ്മ സിന്ധു കൃഷ്ണയ്ക്കൊപ്പമുള്ള പുതിയ യൂട്യൂബ് വ്ലോഗിലൂടെയാണ്, തന്റെ സ്ഥാപനത്തില് ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി കേസില്പ്പെട്ട മുന് ജീവനക്കാരികളില് ഒരാളായ ദിവ്യയുടെ വിവാഹത്തെ കുറിച്ചും വിദേശയാത്രയെ കുറിച്ചും തികഞ്ഞ അമര്ഷത്തോടെയും പരിഹാസത്തോടും ദിയ പങ്കുവെച്ചത്.
ലുലു മാളിലെ വെസ്റ്റ് സൈഡില് വെച്ചാണ് പ്രതികളിലൊരാളായ ദിവ്യ വിവാഹിതയായെന്നും തായ്ലന്ഡില് ഹണിമൂണ് ആഘോഷിക്കുകയാണെന്നുമുള്ള വിവരം ലഭിച്ചതെന്ന് ദിയ പറയുന്നു. ഇത്രയും വലിയ സാമ്പത്തിക കുറ്റകൃത്യത്തില്പ്പെട്ടവരുടെ പാസ്പോര്ട്ട് പോലീസ് കണ്ടുകെട്ടാത്തതിലെ അമ്പരപ്പും നിരാശയും ദിയ പങ്കുവെച്ചു.
വലിയ സാമ്പത്തിക തട്ടിപ്പ് നടത്തിയവര് യാതൊരു ഭയവുമില്ലാതെ വിദേശത്ത് കറങ്ങിനടക്കുന്നത് ഏറെ വിഷമകരമാണെന്നും ദിയ കൂട്ടിച്ചേര്ത്തു. ദിയയുടെ സ്ഥാപനമായ ഓ ബൈ ഓസിയില് നിന്നും 69 ലക്ഷം രൂപയാണ് ജീവനക്കാരായിരുന്ന മൂന്ന് യുവതികള് ചേര്ന്ന് തട്ടിയെടുത്തത്.
നിന്റെ കാശില് ഒരാളുടെ കല്യാണം നടന്നില്ലേ എന്ന് വിചാരിച്ച് സന്തോഷിക്കാം' എന്ന് അമ്മ സിന്ധു കൃഷ്ണ തമാശയായി പറഞ്ഞപ്പോള്, എന്റെ കാശിന് കല്യാണം മാത്രമല്ല ഹണിമൂണും നടന്നു എന്നും ഇനി കുഞ്ഞുണ്ടായാല് അതിന്റെ ഇരുപത്തിയെട്ടും എന്റെ വകയായിരിക്കും എന്നും ദിയ പരിഹാസത്തോടെ പ്രതികരിച്ചു.
ദിയയുടെ വീഡിയോ പുറത്തുവന്നതോടെ കേസില് കൂടുതല് ശ്രദ്ധ കേന്ദ്രീകരിച്ച് തുടര്നടപടികളുമായി ശക്തമായി മുന്നോട്ട് പോകണമെന്ന് ആരാധകരും ആവശ്യപ്പെടുന്നുണ്ട്. ഗര്ഭകാലത്ത് വലിയ മാനസിക സമ്മര്ദ്ദവും പീഡനവും നല്കിയവര് യാതൊരു പ്രശ്നവുമില്ലാതെ സ്വതന്ത്രമായി ജീവിക്കുന്നത് ശരിയല്ലെന്നും ചെയ്ത തെറ്റിന് അവര് ശിക്ഷിക്കപ്പെടണമെന്നും ആരാധകര് ദിയയെ ഓര്മ്മിപ്പിച്ചു.
ദിയ കൃഷ്ണയുടെ ഉടമസ്ഥതയിലുള്ള 'ഓ ബൈ ഓസി' എന്ന സ്ഥാപനത്തിലെ ജീവനക്കാരായിരുന്ന വിനീത, ദിവ്യ, രാധാകുമാരി എന്നിവര് ചേര്ന്ന് സ്ഥാപനത്തിന്റെ ക്യുആര് കോഡിന് പകരം സ്വന്തം ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ച ക്യുആര് കോഡ് ഉപയോഗിച്ചാണ് പണം തട്ടിയത്. സ്ഥാപനത്തില് നിന്ന് ഏകദേശം 69 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില് പോലീസ് നടത്തിയ അന്വേഷണത്തിലും ക്രൈംബ്രാഞ്ച് സമര്പ്പിച്ച കുറ്റപത്രത്തിലും 66 ലക്ഷം രൂപയോളം ഇവരുടെ അക്കൗണ്ടുകളിലേക്ക് എത്തിയതായി കണ്ടെത്തിയിരുന്നു. മൂന്ന് ജീവനക്കാരെയും ഇവരില് ഒരാളുടെ ഭര്ത്താവിനെയും പ്രതിയാക്കിയ കേസില്, ഇവര് തട്ടിയെടുത്ത പണം സ്വര്ണം വാങ്ങാനും വിനോദയാത്രകള്ക്കുമായാണ് ഉപയോഗിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.