ഏഷ്യാനെറ്റിലെ ജനപ്രിയ ഷോയായി മുന്നേറിക്കൊണ്ടിരിക്കുന്ന ബിഗ്‌ബോസ് അവസാനഘട്ടത്തിലെത്തി നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസത്തെ എലിമിനേഷനില്‍ അര്‍ച്ചന പുറത്തു പോയതോടുകൂടി ഇനി ആറുപേരാണ് ഹൗസില്‍ ഉളളത്. സാബു, പേളി,ശ്രീനിഷ്,അദിതി, ഷിയാസ്, സുരേഷ് എന്നിവരാണ് നിലവിലെ മത്സരാര്‍ത്ഥികള്‍. ഇവരില്‍ ആരൊക്കെയാണ് പുറത്താകുന്നതെന്നും ആരാണ് വിജയിക്കുന്നതെന്നുമുളള ആകാംഷയിലാണ് പ്രേക്ഷകര്‍. അതേസമയം ബിഗ്‌ബോസിലെ അടുക്കളയിലെ പൊട്ടിത്തെറിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ബിഗ്ബോസിലെ പ്രധാന അടുക്കളക്കാരിയായിരുന്നു അര്‍ച്ചന. പാചകം ചെയ്യാനും വീട് വൃത്തിയാക്കാനുമെല്ലാം അര്‍ച്ചനയായിരുന്നു മുന്നില്‍. ഇന്നലെത്തെ എലിമിനേഷന്‍ എപ്പിസോഡില്‍ അര്‍ച്ചന ഔട്ടായ ശേഷം അര്‍ച്ചനയ്ക്കു പകരം പേളിയാണ് സാബുവിനൊപ്പം അടുക്കളയില്‍ പാചകത്തിന് കൂടിയിരിക്കുന്നത്. ഇന്നലെ ഒടുവില്‍ കാണിച്ച പ്രമോ വീഡിയോയിലാണ് സാബുവും പേളിയുമൊന്നിച്ച് പാചകം ചെയ്യുന്നത് കാണിച്ചിരിക്കുന്നത്. എന്നാല്‍ സാബുവിന്റെ ഒപ്പമുളള പേളിയുടെ പാചകത്തിന്റെ പ്രമോ ഇപ്പോള്‍ പ്രേക്ഷകരെ ചിരിപ്പിക്കുകയാണ്.
പേളിയും സാബുവും പുതിയൊരു പലഹാരം ഉണ്ടാക്കി പരീക്ഷിക്കുന്നതാണ് പുതിയ പ്രമോ. അരിപ്പൊടി കുഴച്ച് അതില്‍ ജീരകവും മറ്റും ചേര്‍ത്ത് ചെറിയ ഉരുളകളാക്കി തിളച്ച എണ്ണയില്‍ ഇടുന്ന രംഗങ്ങളാണ് കാണിച്ചത്. ആദ്യം ചെറുതായി പൊട്ടിതുടങ്ങിയ ബോളുകള്‍ പിന്നെ എണ്ണ പുറത്ത് തെറിക്കുന്ന വിധത്തില്‍ വലിയ ശബ്ദത്തോടെ പൊട്ടാന്‍ തുടങ്ങി. ഇതു കണ്ട് സാബുവും പേളിയും പേടിച്ച് മാറി. അപ്പോഴും ഇരുവരും പൊട്ടിച്ചിരിക്കുകയായിരുന്നു, കുറച്ച് പ്രയോഗങ്ങള്‍ കൂടുന്നുണ്ടെന്ന് പറഞ്ഞ് അവിടേക്കെത്തിയ അതിഥിയും പൊട്ടിത്തെറി കണ്ട് പേടിച്ചു. തുടര്‍ന്ന് സാബു പതിയെ ചെന്ന് ഗ്യാസ് ഓഫ് ആക്കി. സംഭവം കണ്ട് പേടിച്ചെങ്കിലും ചിരിയുടെ മേളമാണ് ബിഗ്‌ബോസിലെന്നാണ് പ്രമോ സൂചിപ്പിക്കുന്നത്. പ്രമോ കണ്ട പ്രേക്ഷകരും ഇന്നത്തെ എപിസോഡിനായി കാത്തിരിക്കുകയാണ്.