ധ്രുവ് വിക്രം നായകനായി എത്തിയ ബൈസണ്‍ എന്ന ചിത്രം വലിയ വിജയത്തില്‍ മുന്നേറുകയാണ്. സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെ മാരി സെല്‍വരാജിനോട് ചോദിച്ച ഒരു ചോദ്യം ഇപ്പോള്‍ വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. സിനിമയിലെ കഥാപാത്രങ്ങളായി ഇരുണ്ട നിറമുള്ള താരങ്ങളെ ഉള്‍പ്പെടുത്താത്തത് എന്താണ് എന്നാണ് അദ്ദേഹത്തോട് ചോദിച്ചത്. അതിന് മറുപടിയായി അദ്ദേഹം പറഞ്ഞത് അഭിനയത്തിനോടുള്ള സമര്‍പ്പണമാണ് തന്റെ ചിത്രങ്ങളില്‍ അഭിനയിക്കുന്നവരെ തിരഞ്ഞെടുക്കാനുള്ള പ്രധാന മാനദണ്ഡമെന്ന് സെല്‍വരാജ് വ്യക്തമാക്കി.
''തൊലിയുടെ നിറമോ രൂപസൗന്ദര്യമോ അല്ല, കലയില്‍ മുഴുകാനുള്ള തയ്യാറെടുപ്പും കഴിവുമാണ് എനിക്ക് പ്രധാനമെന്ന്'' സംവിധായകന്‍ പറഞ്ഞു. ഓരോ വേഷത്തിനും അനുയോജ്യരായ കലാകാരന്മാരെ തിരഞ്ഞെടുക്കുമ്പോള്‍ അവരുടെ പ്രകടനശേഷിയും ആത്മാര്‍ത്ഥതയും മാത്രമാണ് പരിഗണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അനുപമ പരമേശ്വരനും രജിഷ വിജയനുമായിരുന്നു 'ബൈസണ്‍'യിലെ നായികമാര്‍. ഇവരെ ബ്രൗണ്‍ ഫെയ്‌സിംഗ് ചെയ്തതിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കുമൊടുവില്‍ മാരി സെല്‍വരാജ് അത് സാങ്കേതികമായൊരു തീരുമാനം മാത്രമാണെന്നും കഥാപാത്രത്തിന്റെ യാഥാര്‍ഥ്യം പുനഃസൃഷ്ടിക്കാനായുള്ള ശ്രമമാണെന്നും വ്യക്തമാക്കി.
അര്‍ജുന അവാര്‍ഡ് ജേതാവായ കബഡി താരം മണത്തി ഗണേശന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം. ലാല്‍, പശുപതി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച 'ബൈസണ്‍' പ്രേക്ഷകശ്രദ്ധ നേടിയിരിക്കുകയാണ്.