ഒരുത്സവാഘോഷത്തിന്റെ പ്രതീതിയില്‍ ഉപ്പും മുളകും പ്രേക്ഷകര്‍ ഏറ്റെടുത്ത വിവാഹമായിരുന്നു ലെച്ചുവിന്റേത്. സസ്പെന്‍സുകള്‍ക്കൊടുവില്‍ സിദ്ധാര്‍ത്ഥ് സുകുമാരന്‍ എന്ന കഥാപാത്രമായി മലയാളികളുടെ സ്വന്തം ഡീഡീ എന്ന ഡെയിന്‍ ഡേവിസ് എത്തിയപ്പോള്‍ ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ആര്‍മി ഉദ്യോഗസ്ഥനായ സിദ്ധാര്‍ത്ഥ് ആയി എത്തിയ ഡെയിന്‍ അധികം എപ്പിസോഡുകളിലൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ഫോണ്‍ വിളികളിലൂടെയും മറ്റും ദൂരെയുള്ള ഭര്‍ത്താവായി സിദ്ധുവിന്റെ കഥാപാത്രം എത്തിയിരുന്നു. ഇപ്പോഴിതാ, സിദ്ധു വീണ്ടും പരമ്പരയിലേക്ക് തിരിച്ചെത്തുകയാണ്. എന്നാല്‍ ഇക്കുറി സിദ്ധാര്‍ത്ഥായി വരുന്നത് പഴയ ഡെയിന്‍ ഡേവിസല്ല. ഇന്നലെ ചാനല്‍ പുറത്തുവിട്ട പ്രമോ വീഡിയോയിലാണ് പുതിയ സിദ്ധാര്‍ത്ഥ് എത്തുന്നതായി കാണിച്ചിരിക്കുന്നത്.
വിമാനത്തില്‍ പറന്നിറങ്ങി വീട്ടിലേക്ക് കാറില്‍ വന്നിറങ്ങുന്ന സിദ്ധുവിന്റെ മുഖം എല്ലായിടത്തും മറച്ചു വച്ചിരിക്കുകയാണ്. വീട്ടില്‍ വന്നുടനെ സന്തോഷത്തോടെ എല്ലാവരും കെട്ടിപിടിക്കുന്നതും കാണാം. അതിലെല്ലാം മുഖം മറച്ചു വച്ചിട്ടുണ്ടെങ്കിലും കയ്യില്‍ പതിച്ചിരിക്കുന്ന ടാറ്റൂവിലൂടെ കക്ഷിയെ കണ്ടെത്തിയിരിക്കുകയാണ് ആരാധകര്‍. തട്ടീം മുട്ടീം പരമ്പരയിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതനായ സിദ്ധാര്‍ത്ഥ് പ്രഭുവാണ് പുതിയ സിദ്ധാര്‍ത്ഥായി ഉപ്പും മുളകിലേക്ക് എത്തുന്നത്. തട്ടീം മുട്ടീമില്‍ കണ്ണന്‍ എന്ന കഥാപാത്രമായിട്ടാണ് സിദ്ധാര്‍ത്ഥ് തിളങ്ങിയത്. വര്‍ഷങ്ങളോളം തട്ടീം മുട്ടീം പരമ്പരയുടെ ഭാഗമായി നിന്ന സിദ്ധാര്‍ത്ഥ് അതിവേഗമാണ് മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയത്. പരമ്പരയില്‍ മീനാക്ഷിയായി എത്തിയ ഭാഗ്യ ലക്ഷ്മി സിദ്ധാര്‍ത്ഥിന്റെ സ്വന്തം ചേച്ചി തന്നെയായിരുന്നു. മഴവില്‍ മനോരമയിലെ വെറുതെ അല്ല ഭാര്യ എന്ന ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെ തിളങ്ങിയ പ്രഭുവിന്റെയും അനിലയുടേയും മക്കളാണ് ഇരുവരും. അതുവഴിയാണ് ഇരുവര്‍ക്കും തട്ടീം മുട്ടീം പരമ്പരയില്‍ മോഹനവല്ലിയുടെയും അര്‍ജുനന്റെയും മക്കളായി എത്തുവാന്‍ സാധിച്ചത്.
2006 ഒക്ടോബര്‍ 23ന് കൊച്ചിയില്‍ ജനിച്ച സിദ്ധാര്‍ത്ഥ് ഇപ്പോള്‍ 19 വയസുകാരനാണ്. കോട്ടയത്തെ മൗണ്ട് കാര്‍മല്‍ വിദ്യാനികേതനില്‍ പത്താം ക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സിദ്ധാര്‍ത്ഥ് 2011ല്‍ പുറത്തിറങ്ങിയ 'ആകാശ്മീകം' എന്ന ചിത്രത്തിലൂടെയാണ് അഭിനയ യാത്ര ആരംഭിച്ചത്. വിജയകരമായ ഒരു കരിയറിന് തുടക്കം കുറിച്ചു. എന്നിരുന്നാലും, 2012ല്‍ മഴവില്‍ മനോരമയില്‍ അരങ്ങേറ്റം കുറിച്ച ജനപ്രിയ മലയാള സിറ്റ്‌കോം 'തട്ടീം മുട്ടീം' എന്നതിലെ കണ്ണന്റെ വേഷമാണ് അദ്ദേഹത്തെ വലിയ പ്രശസ്തിയിലേക്ക് നയിച്ചത്. ഒപ്പം ചേച്ചി ഭാഗ്യ ലക്ഷ്മിയും എത്തി. എങ്കിലും കുറച്ചു കാലം കഴിഞ്ഞപ്പോള്‍ നഴ്‌സിംഗ് പൂര്‍ത്തിയാക്കി ലണ്ടനില്‍ ജോലി കിട്ടിയ ഭാഗ്യ ലക്ഷ്മി പരമ്പര ഉപേക്ഷിക്കുകയും യുകെയിലേക്ക് മാറുകയും ചെയ്തിരുന്നു. എങ്കിലും ഇപ്പോഴും ചേച്ചിയുടെ വിശേഷങ്ങള്‍ ആരാധകര്‍ തിരക്കാറുണ്ട്.