മലയാള ടെലിവിഷനില്‍ പുതിയ ചരിത്രം സൃഷ്ടിച്ച പരമ്പരയായിരുന്നു ഉപ്പും മുളകും. ആറ് വര്‍ഷത്തോളമായി മിനിസ്‌ക്രീനിലും യൂട്യൂബിലും പകരം വെക്കാനില്ലാത്ത തേരോട്ടമാണ് ഉപ്പും മുളകും ഓരോ എപ്പിസോഡുകളിലൂടെയും നടത്തിത്. ബാലുവും നീലുവും മുടിയനും ശിവയും കേശുവും പാറുവുമൊക്കെയായി പാറമടവീട്ടില്‍ ഓരോ ദിവസവും ആഘോഷമാക്കുകയായിരുന്നു. എന്നാല്‍ ഈ സന്തോഷം കഴിഞ്ഞ അഞ്ചു മാസമായി പ്രേക്ഷകരിലേക്ക് എത്തുന്നില്ല.
ഒരു മുന്നറിയിപ്പും കൂടാതെയായിരുന്നു ഷോ നിര്‍ത്തലാക്കിയത്. ക്ലൈമാക്‌സ് ഒന്നും ഷൂട്ട് ചെയ്തിരുന്നില്ലായെന്നും പലരും അന്ന് അവിടെ ഇല്ലായിരുന്നുവെന്നും ബിജു സോപാനം ഒരു ഇന്റര്‍വ്യൂവില്‍ വ്യക്തമാക്കിയികുന്നു. പെട്ടെന്ന് ഒരു ദിവസം ഷൂട്ട് നിര്‍ത്തിക്കോളാന്‍ സംവിധായകന്‍ പറഞ്ഞു. എന്താണെന്ന് അറിയില്ല, ഓഫീസിലേക്ക് പോകട്ടെ എന്നാണ് അദ്ദേഹം പറഞ്ഞത് എന്നും ബിജു സോപാനം പറയുന്നു.
ആരൊക്കെയോ രണ്ടാം ഭാഗം വരുമെന്ന് പറഞ്ഞിരുന്നു, കുറച്ചു നാള്‍ അങ്ങനെ ഒക്കെ പോയി. പിന്നെയാണ് മെയില്‍ വരുന്നതും ഇനി ഉണ്ടാവില്ലെന്ന് ഉറപ്പാകുന്നതും. മെയില്‍ വരുന്നതുവരെ ഉപ്പും മുളകും നിര്‍ത്തിയെന്ന് ഞാന്‍ വിശ്വസിച്ചിരുന്നില്ലായെന്നും ബിജു സോപാനം തുറന്നു പറഞ്ഞിരുന്നു.
ഇപ്പോഴിതാ, ഉപ്പും മുളകിലെ താരങ്ങളെല്ലാം അണിനിരക്കുന്ന ഒരു സിനിമ ഒരുങ്ങുകയാണ്. ബിജു സോപാനത്തിന്റേതാണ് കഥ. നവാഗതനായ ജയന്‍ വി കുറുപ്പ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബ്ലൂംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ അമേരിക്കന്‍ മലയാളിയും ബില്‍ഡറുമായ കൊല്ലങ്കോട് സ്വദേശി വേണുഗോപാലകൃഷ്ണനാണ്.
ഉപ്പും മുളക് സീരിയല്‍, കപ്പേള ക്രിയേറ്റീവ് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രശസ്തനായ സുരേഷ് ബാബു എന്ന കണ്ണന്‍ തിരക്കഥ സംഭാഷണമെഴുതുന്നു. നൗഷാദ് ഷെറീഫ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. പ്രൊജക്ട് ഹെഡ്-റഷീദ് മസ്താന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജാവേദ് ചെമ്പ്. കോവിഡ് നിയന്ത്രണങ്ങള്‍ മാറുന്നതനുസരിച്ച് എറണാകുളം,പട്ടാമ്പി എന്നിവിടങ്ങളിലായി ചിത്രീകരണമാരംഭിക്കും.