ആമസോണ്‍ ഷോയായ കേസ് തോ ബന്‍താ ഹേയില്‍ അതിഥിയായി എത്തിയ അഭിഷേക് ബച്ചന്റെവീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. പരിപാടിക്കിടെ അമിതാഭ് ബച്ചനെ കുറിച്ചുള്ള തമാശ അഭിഷേകിനെ പ്രകോപിതനാക്കിയതായാണ് വാര്‍ത്ത. കേസ് തോ ബത്താ ഹേ എന്ന പരിപാടിയുടെ പുതിയ പ്രൊമോയിലാണ് അഭിഷേക് ഇറങ്ങി പോകുന്നത് കാണിക്കുന്നത്.
നടന്‍ റിതേഷ് ദേശ്മുഖ്, വരുണ്‍ ശര്‍മ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന കോര്‍ട്ട് റൂം സംവാദ രൂപത്തിലാണ് പരിപാടി രൂപപ്പെടുത്തിയിരിക്കുന്നത്. പ്രതിയുടെ കൂട്ടിലായിരിക്കും സെലിബ്രിറ്റികള്‍ ഇരിക്കുക. പരിപാടിക്കിടയില്‍ അമിതാഭിനെ കുറിച്ച് തമാശ പറഞ്ഞപ്പോള്‍ അഭിഷേക് പ്രകോപിതനാവുകയായിരുന്നു.
പരിപാടിക്കിടെ കൊമേഡിയനായ പാരിതോഷ് ബച്ചനെക്കുറിച്ച് പറഞ്ഞ തമാശ അഭിഷേകിന് അത്ര പിടിച്ചില്ല. ഇതോടെ താരം ഷോയുടെ ചിത്രീകരണം നിര്‍ത്താന്‍ ആവശ്യപ്പെടുകയും ഷോയുടെ സംവിധായകനെ അടുത്തേക്ക് വിളിച്ച് അതൃപ്തി അറിയിക്കുകയുമായിരുന്നു.
അമിതാഭ് ബച്ചനെക്കുറിച്ച് പറഞ്ഞ തമാശയായിരുന്നു അഭിഷേകിനെ ചൊടിപ്പിച്ചത്. എന്തിനും ഒരു പരിധിയുണ്ടെന്നും അദ്ദേഹം തന്റെ പിതാവാണെന്നുമായിരുന്നു അഭിഷേക് പറഞ്ഞത്. താരത്തിന്റെ മുഖഭാവം മാറിയതോടെ കൊമേഡിയനും അസ്വസ്ഥനാകുന്നുണ്ട്.
''കുറച്ച് ബഹുമാനമൊക്കെയാകാം. കോമഡിയുടെ പേരില്‍ ഇത്രയൊന്നും ചെയ്യരുത്. പരിധി മറന്നു പോകരുത്'' എന്നാണ് അഭിഷേക് പറയുന്നത്. തന്നെ എന്തും പറയാം പക്ഷെ തന്റെ മാതാപിതാക്കളെ പറയരുതെന്നും ആ പരിധി മറക്കരുതെന്നും അഭിഷേക് പറയുന്നുണ്ട്.