ബിഗ് ബോസ് താരവും നടനുമായ ഫിറോസ് ഖാനെതിരെ മുന്‍ ഭാര്യയും നടിയുമായ സജ്‌ന നൂര്‍ സോഷ്യല്‍ മീഡിയ വഴി നടത്തിയ വെളിപ്പെടുത്തലുകള്‍ ഏറെ വിവാദമായിരുന്നു. ഈ ആരോപണങ്ങള്‍ വാര്‍ത്തകളുമായി. ഫിറോസുമായി പിരിയാനുണ്ടായ കാരണങ്ങള്‍ വെളിപ്പെടുത്തവെ ബിഗ് ബോസിലെ ഒരു വനിതാ മത്സരാര്‍ത്ഥിയുമായി ഫിറോസിന് ബന്ധമുണ്ടായിരുന്നുവെന്ന് സജ്‌ന വെളിപ്പെടുത്തിയിരുന്നു. പിന്നാലെ ഈ വ്യക്തി ആരെന്ന അന്വേഷണവുമായി സോഷ്യല്‍ മീഡിയ ഇറങ്ങിത്തിരിച്ചു.
സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം ആ മത്സരാര്‍ത്ഥി നടി സൂര്യ ജെ മേനോന്‍ ആണെന്ന് ആരോപിച്ചിരുന്നു. ഈ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സൂര്യ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തനിക്കെതിരെ ആരോപണമുന്നയിക്കുന്നവരെ ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെന്നാണ് സൂര്യ വിളിക്കുന്നത്. ''ബിഗ് ബോസ് മുതലേ എന്നെ ഹേറ്റ് ചെയ്യുന്ന കുറച്ച് പേര്‍ അതിന്റെ ഇടയില്‍ കൂടെ എന്റെ പേര് നശിപ്പിക്കാന്‍ വേണ്ടി കമന്റ്‌സ് ഇടുന്നതായിട്ട് അറിഞ്ഞു. ആ ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളോടാണ് പറയുന്നത് ആ വ്യക്തി ഞാനല്ല കെട്ടോ. നിങ്ങളെ വിഷമിപ്പിക്കുന്നതില്‍ സങ്കടമുണ്ട്. പക്ഷെ ഞാനല്ല ആ വ്യക്തി'' സൂര്യ പറയുന്നു.
''അവരുടെ കുടുംബജീവിതത്തില്‍ ഒരു ഗസ്റ്റ് അപ്പിയറന്‍സ് പോലും ഞാന്‍ ചെയ്തിട്ടില്ല. സജ്‌ന ഇപ്പോഴും എന്റെ നല്ല സുഹൃത്ത് മാത്രമാണ്. ഒരിക്കലും അവരുടെ ജീവിതം നശിപ്പിക്കാന്‍ വേണ്ടിയിട്ടൊന്നും ചെയ്തിട്ടില്ല. ഞാന്‍ അത്രയും ലോക്കല്‍ അല്ല. നിങ്ങള്‍ അങ്ങനെ ആഗ്രഹിക്കുന്നുണ്ടാകും, കമന്റ്‌സ് ഇട്ട ആളുകള്‍. പക്ഷെ നിങ്ങളുടെ സ്വഭാവം അല്ല എനിക്ക്. അത് ആദ്യം മനസിലാക്കുക. അതുകൊണ്ട് ഇപ്പോഴേ പറയുകയാണ് ആ വ്യക്തി ഞാനല്ല'' എന്നും സൂര്യ പറയുന്നു. ഫിറോസ് ഖാനെതിരെ വീണ്ടും അതീവ ഗുരുതരമായ ആരോപണങ്ങളുമായി സജ്‌ന നൂര്‍ ഉന്നയിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു ടെലിവിഷന്‍ പരിപാടി കഴിഞ്ഞുള്ള പാര്‍ട്ടിക്കിടയില്‍ ഫിറോസ് ഖാന്‍ മറ്റൊരു നടിയെ പരസ്യമായി ചുംബിക്കുന്നത് താന്‍ നേരിട്ട് കണ്ടുവെന്നാണ് സജ്‌ന വെളിപ്പെടുത്തിയിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വിഡിയോയിലൂടെയാണ് സജ്‌ന ഈ ഞെട്ടിക്കുന്ന അനുഭവങ്ങള്‍ പങ്കുവച്ചത്. ഏഴെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംപ്രേഷണം ചെയ്ത ടെലിവിഷന്‍ ഷോയുടെ ഷൂട്ടിങ്ങിനു ശേഷം നടന്ന പാര്‍ട്ടിക്കിടയിലാണ് ഈ സംഭവം നടന്നതെന്ന് സജ്‌ന പറയുന്നു. ഈ സംഭവം നടക്കുമ്പോള്‍ സഹപ്രവര്‍ത്തകരായ ജിഷിന്‍, പ്രമോദ് തുടങ്ങിയ ആര്‍ട്ടിസ്റ്റുകള്‍ അവിടെയുണ്ടായിരുന്നുവെന്നും അവര്‍ സ്തബ്ധരായി തന്നെ നോക്കുകയായിരുന്നുവെന്നും സജ്‌ന വെളിപ്പെടുത്തി. ആകെ ഉലഞ്ഞുപോയ താന്‍ ആ രാത്രി നടി മൃദുലയുടെ മുറിയിലാണ് കിടന്നതെന്നും ആ നടി ആരാണെന്ന് ആ ടീമിലുള്ള എല്ലാവര്‍ക്കും അറിയാമെന്നും സജ്‌ന കൂട്ടിച്ചേര്‍ത്തു.
ഇന്‍സ്റ്റഗ്രാം വീഡിയോയിലാണ് സജ്‌ന ആരോപണങ്ങള്‍ ഉന്നയിച്ചത്. താന്‍ മാത്രമല്ല, ഫിറോസിന്റെ ആദ്യ ഭാര്യയും സമാനമായ ക്രൂരതകള്‍ക്ക് ഇരയായിട്ടുണ്ടെന്നും സ്വന്തം മകളുടെ പ്രായമുള്ള 17 വയസുകാരിയെ പോലും ഫിറോസ് ലൈംഗികമായി ഉപയോഗിച്ചുണ്ടെന്നും സജ്‌ന വീഡിയോയില്‍ പറയുന്നു. തന്നെയോ തന്റെ മക്കളെയോ കൊല്ലാന്‍ മടിക്കില്ലെന്നും തന്റെ പേരിലുള്ള വസ്തുവകകള്‍ തട്ടിയെടുക്കാന്‍ ഫിറോസ് ശ്രമിക്കുന്നുണ്ടെന്നും സജ്‌ന ആരോപിക്കുന്നു. തന്റെ മക്കളുടെ ഭാവിക്കും അന്തസ്സിനും വേണ്ടി നടത്തുന്ന പോരാട്ടമാണ് ഇതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.