2026-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍, രാഷ്ട്രീയ ലോകത്തെ അമ്പരപ്പിക്കുന്ന ഫലസൂചനകളാണ് പുറത്തുവരുന്നത്. കോടിക്കണക്കിന് രൂപ ചിലവാക്കി, വോട്ടര്‍മാര്‍ക്ക് പണവും പാത്രങ്ങളും മറ്റ് സമ്മാനങ്ങളും വാരിക്കോരി നല്‍കിയ ഡിഎംകെ, എഐഎഡിഎംകെ എന്നീ വന്‍ശക്തികളെ പിന്നിലാക്കി നടന്‍ വിജയ്‌യുടെ തമിഴക വെട്രി കഴകം ആരും പ്രതീക്ഷിക്കാത്ത മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്.
നിലവിലെ വിവരങ്ങള്‍ പ്രകാരം തമിഴക വെട്രി കഴകം 108 സീറ്റുകളിലും, എഐഎഡിഎംകെ 65 സീറ്റുകളിലും, ഭരണകക്ഷിയായ ഡിഎംകെ 61 സീറ്റുകളിലുമാണ് മുന്നിട്ടുനില്‍ക്കുന്നത്. വോട്ടെണ്ണലില്‍ തങ്ങളുടെ പാര്‍ട്ടി വ്യക്തമായ ആധിപത്യം തുടരുന്ന പശ്ചാത്തലത്തില്‍, വിജയ്‌യുടെ കുടുംബാംഗങ്ങള്‍ ഈ വിജയം ആഘോഷിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.
വിജയിന്റെ പിതാവും പ്രശസ്ത സംവിധായകനുമായ എസ്.എ. ചന്ദ്രശേഖര്‍ കുടുംബാംഗങ്ങളോടൊപ്പം ഈ ചരിത്ര വിജയം ആഘോഷിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. വീഡിയോയില്‍, വിജയ്‌യുടെ കുടുംബാംഗങ്ങള്‍ പിതാവിനെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കിടുന്നത് കാണാം. വീട്ടിലെ സോഫയിലിരുന്ന് ടിവിയില്‍ ഫലങ്ങള്‍ നോക്കിക്കൊണ്ട്, പാര്‍ട്ടിയുടെ അടയാളമായ വിസില്‍ അടിച്ചാണ് അവര്‍ തങ്ങളുടെ ആഹ്ലാദം പ്രകടിപ്പിച്ചത്. തമിഴ്‌നാട് രാഷ്ട്രീയ ചരിത്രത്തില്‍ വലിയൊരു മാറ്റത്തിന് ഈ തിരഞ്ഞെടുപ്പ് ഫലം വഴിതെളിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.