മഴവില്‍ മനോരമയിലെ സൂപ്പര്‍ഹിറ്റ് സീരിയലായിരുന്നു ഭ്രമണം. പെണ്‍കുട്ടികളെ കാത്തിരിക്കുന്ന ചതിക്കുഴികളും കുടുംബ ബന്ധങ്ങളിലെ വിള്ളലുകളും വരച്ചുകാട്ടുന്ന സീരിയലിന് വലിയ പ്രേക്ഷക പ്രീതിയാണ് ഉണ്ടായിരുന്നത്. ലാവണ്യ നായര്‍, മുകുന്ദന്‍, ശരത് ദാസ് എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച സീരിയല്‍ ക്ലൈമാക്‌സിലേക്ക് അടുക്കുകയാണ്. വലിയ ആരാധക പിന്തുണ ഉണ്ടായിരുന്ന സീരിയലിന്റെ അവസാനം പ്രേക്ഷകര്‍ വളരെയേറെ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. സീരിയലിന്റെ അവസാനം എപിസോഡുകളില്‍ ഒന്നിലാണ് ശരത്തിന്റെ രവിശങ്കര്‍ എന്ന കഥാപാത്രം മരിക്കുന്നത്.. എന്നാല്‍ ആ രംഗം വലിയ രീതിയില്‍ ട്രോള്‍ ചെയ്യപ്പെട്ടു. വെടിയേല്‍ക്കുന്ന രംഗത്തെ അഭിനയത്തെക്കുറിച്ചാണ് ട്രോളുകള്‍ ഉണ്ടായത്. അഭിനയകുലപതി എന്നൊക്കെയാണ് താരത്തിന് ട്രോളുകള്‍ എത്തിയത്. ആദ്യമൊക്കെ ട്രോളുകളെ തമാശയായി എടുത്തെങ്കിലും പിന്നീട് അത് തന്നെ മാനസീകമായി തളര്‍ത്തിയെന്നാണ് ശരത് പറയുന്നത്. സീരിയലില്‍ വില്ലന്‍ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.
രവിശങ്കര്‍ എന്ന കഥാപാത്രം മരിക്കുന്ന രംഗത്തിന്റെ ട്രോളുകള്‍ ആദ്യത്തെ കുറച്ചു ദിവസം തമാശയായി കണ്ടെന്നും എന്നാല്‍ ട്രോളുകളുടെ എണ്ണം കൂടി കൂടി വന്നപ്പോള്‍ ടെന്‍ഷനായെന്നും താരം പറയുന്നു. ട്രോളുകള്‍ തമാശയും കടന്ന് വ്യക്തിഹത്യ വരെ എത്തിയെന്നും തന്റെ അഭിനയം ഇത്ര മോശമായിരുന്നോ എന്ന് ചിന്തിച്ചുവെന്നും താരം പറയുന്നു. 25 വര്‍ഷത്തിലധികമായി താരം അഭിനയരംഗത്ത് ഉണ്ട്. ട്രോളുകള്‍ വര്‍ദ്ധിച്ചതോടെ തന്റെ വീട്ടുകാരെ ഓര്‍ത്തായിരുന്നു വിഷമമെന്നും ശരത് പറയുന്നു. തന്റെ രണ്ട് പെണ്‍മക്കളേയും ട്രോളന്‍മാരുടെ ആഘോഷം വേദനിപ്പിച്ചെന്നാണ് അദ്ദേഹം പറയുന്നത്. മൂന്നിലും ഏഴിലും പഠിക്കുന്ന രണ്ട് പെണ്‍മക്കളാണുള്ളത്. അവരൊക്കെ മലയാളം വായിക്കാനറിയാവുന്നവരല്ലേ. ചിലര്‍ കമന്റിട്ടിരിക്കുന്നത് പോയി കിളച്ചുകൂടെ എന്നൊക്കെയാണ്. കുട്ടികള്‍ ഇതൊക്കെ വായിക്കുമ്ബോള്‍ വല്ലാതാകില്ലേയെന്നും ശരത് ചോദിക്കുന്നു. ഒടുവില്‍ ആരെങ്കിലും ട്രോളുകളെ കുറിച്ച് ചോദിച്ചാല്‍ അതൊക്കെ അച്ഛന്റെ പ്രൈവറ്റ് മാറ്റേഴ്‌സ് ആണ്. അതേക്കുറിച്ച് ഞങ്ങളോട് ചോദിക്കേണ്ട എന്നൊക്കെ പറയാന്‍ അവര്‍ക്ക് ക്ലാസെടുക്കേണ്ടി വന്നതായി ശരത് പറഞ്ഞു.ഏതായാലും വല്ലാതെ വിഷമിച്ചു. നല്ലത് വന്നാലും മോശം വന്നാലും സ്വീകരിക്കണം എന്ന് മനസിലാക്കി മുന്നോട്ട് തന്നെ നീങ്ങുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.