കുട്ടിക്കാലത്തു നമുക്കുണ്ടാകുന്ന ചില ദുരനുഭവങ്ങള്‍.. അതു വലുതായാല്‍ പോലും മനസില്‍ നിന്നും മായാതെ ഉള്ളില്‍ കിടന്നിങ്ങനെ നീറും. അതുപോലൊരു അനുഭവത്തിലൂടെയാണ് സീരിയല്‍ നടി അവന്തികാ മോഹന്റെ അഞ്ചു വയസുള്ള മകനും കഴിഞ്ഞ ദിവസം കടന്നു പോയത്. കളിക്കാന്‍ പോയ സ്ഥലത്തുനിന്നാണ് ആ ദുരനുഭവം ഉണ്ടായത്. രണ്ടു ദിവസം മുമ്പാണ് ഇവര്‍ താമസിക്കുന്ന കോളനിയിലെ പ്ലേ ഏരിയയില്‍ കളിക്കാന്‍ പോകണമെന്ന് മകന്‍ ആവശ്യപ്പെട്ടത്. അങ്ങനെ മകന്‍ രുദ്രുവിനേയും കൂട്ടി അവന്തിക പ്ലേ ഏരിയയില്‍ എത്തി. അപ്പോഴായിരുന്നു ആദ്യത്തെ സംഭവം. അവിടെ മറ്റു കുട്ടികളും ഉണ്ടായിരുന്നു. എന്നാല്‍, അതില്‍ 10 വയസുള്ള ഒരു പെണ്‍കുട്ടി മകനെ വല്ലാതെ കോര്‍ണര്‍ ചെയ്ത് ഒഴിവാക്കുന്നതും പെരുമാറുന്നതും ശ്രദ്ധയില്‍പ്പെട്ടു.
മകന് ആ ഒഴിവാക്കല്‍ ഫീല്‍ ചെയ്യുമെന്ന് തോന്നിയ ഉടന്‍ അവന്തിക മകനോട് വരൂ.. നമുക്ക് വേറെ കളിസ്ഥലത്തേക്ക് പോകാം.. മമ്മയും നിന്റെ കൂടെ കളിക്കാം എന്നു പറഞ്ഞ് മകനേയും കൂട്ടി പോവുകയായിരുന്നു. അപ്പോള്‍ മകന്‍ അവരോട് ഞാന്‍ അവിടെ കളിക്കാന്‍ പോവുകയാണ് എന്ന് നിഷ്‌കളങ്കമായി തന്നെ യാത്ര പറഞ്ഞു. നീ പോകുന്നത് നന്നായി എന്നായിരുന്നു ആ പെണ്‍കുട്ടിയുടെ മറുപടി. ഒപ്പമുള്ള കുട്ടികളും അതുകേട്ട് ചിരിക്കാന്‍ തുടങ്ങി. പക്ഷെ.. ഭാഗ്യത്തിന് രുദ്രുവിന് അവര്‍ എന്തുകൊണ്ടാണ് ചിരിച്ചതെന്നും അങ്ങനെ പറഞ്ഞതെന്നുമുള്ള കാര്യം മനസിലായില്ല.
പിന്നീട് വീണ്ടും രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ മകന്‍ വീണ്ടും കളിസ്ഥലത്തേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. അവന്തിക സമ്മതിച്ചു. അപ്പോഴും അവിടെ ആ പെണ്‍കുട്ടി ഉണ്ടായിരുന്നു. അവന്‍ പതിവു പോലെ ആ പെണ്‍കുട്ടിയ്ക്കൊപ്പം കളിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പെട്ടെന്ന്.. വളരെ ദേഷ്യപ്പെട്ട് എന്ന തൊടരുത് എന്ന് മകനോട് പറയുകയായിരുന്നു. ആ പെണ്‍കുട്ടിയുടെ വാക്കുകള്‍ മകനെ വേദനിപ്പിച്ചോ എന്നായിരുന്നു അവന്തിക നോക്കിയത്. അതു സാരമില്ലാ മമ്മാ എന്നായിരുന്നു മകന്‍ പറഞ്ഞത്. എന്നാല്‍ ഇത്തവണ താനെന്തെങ്കിലും ചെയ്യണം എന്ന് അവന്തികയ്ക്ക് തോന്നി. അങ്ങനെ ആ പെണ്‍കുട്ടിയേയും മകനേയും വിളിച്ചു.
ശേഷം മകനെ ഒരു കുഞ്ഞനുജനായി കാണണമെന്ന് അഭ്യര്‍ത്ഥിച്ചു. മകനോടും ചേച്ചിയോട് നന്നായി പെരുമാറണമെന്ന് പറഞ്ഞു. അങ്ങനെ ഒരു നല്ല കാര്യം ചെയ്തെന്ന ബോധ്യത്തില്‍ ഇരിക്കവേയാണ് പെട്ടെന്ന് അവിടേക്ക് ആ പെണ്‍കുട്ടിയുടെ അമ്മ ദേഷ്യത്തോടെ എത്തിയത്. രുദ്രുവിനെ ചൂണ്ടിക്കാണിച്ച് അവനെ പെരുമാറാന്‍ പഠിപ്പിക്കൂ എന്ന് ആക്രോശിച്ചു. അവന്‍ അഞ്ചു വയസുള്ള ഒരു കുട്ടിയാണെന്നും മുതിര്‍ന്നയാളെപോലെ പെരുമാറുമെന്ന് ഞാന്‍ കരുതുന്നില്ലെന്നും അവന്തിക പറഞ്ഞെങ്കിലും അതൊന്നും ഉള്‍ക്കൊള്ളാന്‍ ആ സ്ത്രീ തയ്യാറായിരുന്നില്ല. അവന്‍ ഒന്നും ചെയ്തിട്ടില്ലായെന്നും അവള്‍ക്കൊപ്പം കളിക്കുക മാത്രമാണ് ചെയ്തതെന്നു പറഞ്ഞിട്ടും നിങ്ങളെ മകനെ പെരുമാറാന്‍ പഠിപ്പിക്കൂ എന്ന് വീണ്ടും വീണ്ടും ആക്രോശിക്കുകയായിരുന്നു ആ സ്ത്രീ.
അവിടെ നിന്ന് കൂടുതല്‍ ബഹളമുണ്ടാക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ മകനോട് വരൂ നമുക്ക് പോകാം എന്ന് അവന്തിക പറഞ്ഞപ്പോഴും നിഷ്‌കളങ്കമായ മുഖത്തോടെ അമ്മേ എനിക്ക് അവരോടൊപ്പം കളിക്കണം എന്നായിരുന്നു മകന്റെ മറുപടി. രുദ്രുവിന്റെ ആ വാക്കുകള്‍ അവന്തികയെ വേദനിപ്പിച്ചു. എന്താണ് സംഭവിച്ചതെന്നു പോലും അവനു മനസിലായിട്ടില്ല. പക്ഷെ.. ആ പെണ്‍കുട്ടിയെ ഒരിക്കലും താന്‍ കുറ്റം പറയില്ല. അവള്‍ ഒരു കുട്ടിയാണ്. പക്ഷെ, അവളുടെ പെരുമാറ്റത്തെ പിന്തുണയ്ക്കുന്ന മാതാപിതാക്കളെ താന്‍ കുറ്റപ്പെടുത്തും എന്നാണ് തന്റെയും മകന്റെയും അനുഭവം സോഷ്യല്‍ മീഡിയയില്‍ കുറിച്ച് നടി പറഞ്ഞത്.
താന്‍ ഒരിക്കലും ഒരു കുട്ടിയ്ക്കു നേരെ വിരല്‍ ചൂണ്ടുകയോ കുറ്റപ്പെടുത്തുകയോ ചെയ്യില്ല. അത് അവരുടെ ആത്മവിശ്വാസം കെടുത്തും. ആ പെണ്‍കുട്ടിയുടെ അമ്മ ഒരു ടീച്ചര്‍ കൂടിയാണെന്ന് അറിഞ്ഞപ്പോള്‍ ശരിക്കും അത്ഭുതപ്പെടുകയായിരുന്നു അവന്തിക. ചുരുങ്ങിയ വര്‍ഷം കൊണ്ട് മലയാള സിനിമാ-സീരിയല്‍ പ്രേക്ഷകര്‍ക്ക് പരിചിതയായ നടിയാണ് അവന്തികാ മോഹന്‍. ആത്മസഖി, പ്രിയപ്പെട്ടവള്‍, തൂവല്‍സ്പര്‍ശം, മണിമുത്ത് തുടങ്ങിയ സീരിയലുകളിലൂടെ പ്രിയങ്കരിയായി മാറിയ അവന്തിക പ്രേക്ഷകര്‍ക്കു മുന്നിലാണ് വളര്‍ന്നത്.