ടെലിവിഷന്‍ രംഗത്ത് തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ കഴിഞ്ഞ ആര്‍ട്ടിസ്റ്റാണ് ആര്യ ബാബു എന്ന ആര്യ ബഡായി. ആര്‍ട്ടിസ്റ്റിനൊപ്പം ബിസിനസിലും തിളങ്ങുന്ന താരം അടുത്തിടെ നല്കിയ അഭിമുഖത്തില്‍ തന്റെ വിശേഷങ്ങളും കടന്ന് വന്ന വഴികളെക്കുറിച്ചും മനസ് തുറന്നു.നടി അശ്വതി അശോക് വിശാലിന്റെ പോഡ്കാസ്റ്റിലാണ് ആര്യ തന്റെ ബിഗ് ബോസ് അനുഭവങ്ങളും അതിന് ശേഷമുണ്ടായ സംഭവങ്ങളും പങ്കുവെച്ചത്
അച്ഛന്റെ മരണം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം ഒന്ന് ഹീല്‍ ആയ ശേഷമാണ് ബിഗ് ബോസിലേക്ക് ആര്യ കയറുന്നത്. ബി?ഗ് ബോസിലേക്ക് പോകാനുള്ള കാരണം സാമ്പത്തികമായിരുന്നു. അച്ഛന്‍ ആശുപത്രിയിലായപ്പോള്‍ ഞങ്ങളുടെ സമ്പത്ത് പൂര്‍ണമായും ഇല്ലാതായി. ഞാന്‍ അത്രയും കാലം ഉണ്ടാക്കിയത് മുഴുവനും അച്ഛന്റെ ട്രീറ്റ്‌മെന്റും കാര്യങ്ങള്‍ക്കും പോയി. ഇനി ഒന്നില്‍ നിന്ന് തുടങ്ങണം. അപ്പോഴേക്കും ഞാന്‍ ചെയ്ത് കൊണ്ടിരുന്ന ബഡായി ബംഗ്ലാവ് കഴിഞ്ഞിരുന്നുവെന്നും താരം പറുയുന്നു.
അങ്ങനെ നില്‍ക്കുമ്പോഴാണ് എനിക്ക് ബി?ഗ് ബോസില്‍ നിന്നുള്ള ഓഫര്‍ വരുന്നത്. നല്ലാെരു ഓഫറായതിനാല്‍ നോ പറയാനായില്ല. അച്ഛന്‍ പോയി. ഇനി ആ കുടുംബം ഞാന്‍ നോക്കണം. എന്റെ പ്രധാന ആശങ്ക അനിയത്തിയുടെ വിവാഹമായിരുന്നു. അവളുടെ കല്യാണത്തിന് വേണ്ടി അച്ഛനുണ്ടാക്കി വെച്ച കുറച്ച് പൈസയും കൂടി ഹോസ്പിറ്റല്‍ ചെലവില്‍ പോയി. അതുകൊണ്ട് ബിഗ് ബോസിലെ അവസരം എനിക്ക് ദൈവമായി തന്നതാണെന്ന് തോന്നിയെന്നും ആര്യ ബഡായി പറഞ്ഞു.
ബിഗ്‌ബോസില്‍ നിന്നും പുറത്തുവന്നതിനു ശേഷമുള്ള അനുഭവത്തെക്കുറിച്ചും ആര്യ സംസാരിക്കുന്നുണ്ട്. ''കോവിഡിനെ തുടര്‍ന്ന് ബിഗ് ബോസ് സീസണ്‍ 2 നിര്‍ത്തിവെച്ചിരുന്നു. ബിഗ് ബോസ് കഴിഞ്ഞ് പുറത്തിറങ്ങുന്ന മത്സരാര്‍ഥികള്‍ക്ക് സുഹൃത്തുക്കളും കുടുംബവും നല്‍കുന്ന പിന്തുണ വലിയൊരു ആശ്വാസമാകാറുണ്ട്. എന്നാല്‍ ഞങ്ങളുടെ സീസണില്‍ അത്തരമൊരു സാഹചര്യം ഉണ്ടായിരുന്നില്ല. 75 ദിവസത്തെ ലോക്ക്ഡൗണില്‍ നിന്ന് ഇറങ്ങി വന്നത് അടുത്ത ഒരു വലിയ ലോക്ക്ഡൗണിലേക്കായിരുന്നു. മാസ്‌ക് ധരിച്ച ആളുകള്‍ക്ക് പരസ്പരം മുഖത്ത് നോക്കാന്‍ പോലും കഴിയാത്ത സാഹചര്യമായിരുന്നു. എന്നെ ഏറ്റവും കൂടുതല്‍ പിന്തുണക്കും എന്ന് കരുതിയ വ്യക്തി ഞാന്‍ പുറത്ത് വരുമ്പോള്‍ ഇല്ല. സുഹൃത്തുക്കള്‍ ഫോണില്‍ വിളിച്ചാണ് ആശ്വസിപ്പിച്ചിരുന്നത്. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് ആ സമയത്ത് കടന്നുപോയത്'', എന്നും ആര്യ കൂട്ടിച്ചേര്‍ത്തു.
ഷോ കഴിഞ്ഞ് തിരികെ വരുമ്പോള്‍ ഏറ്റവും വലിയ പിന്തുണയായി കൂടെയുണ്ടാകുമെന്ന് ഉറച്ചു വിശ്വസിച്ച പങ്കാളി തള്ളിപ്പറഞ്ഞു പോയതും, അതുണ്ടാക്കിയ മാനസിക ആഘാതവും, ഒരു സിംഗിള്‍ മദര്‍ എന്ന നിലയില്‍ നേരിടേണ്ടി വന്ന സൈബര്‍ അറ്റാക്കുകളും സമൂഹത്തിന്റെ ചോദ്യങ്ങളും തന്നെ എത്രത്തോളം തളര്‍ത്തി എന്ന് താരം ഓര്‍ക്കുന്നു. കരഞ്ഞു കാലുപിടിച്ച് യാചിക്കേണ്ടി വന്ന അവസ്ഥയില്‍ നിന്ന്, സ്വന്തം ബിസിനസ്സ് സംരംഭമായ 'കാഞ്ചീവരം' കെട്ടിപ്പടുത്ത് ജീവിതത്തിലേക്ക് തിരികെ നടന്ന ആര്യയുടെ വാക്കുകള്‍ ഏതൊരു തകര്‍ച്ചയിലും പ്രകാശം തപ്പുന്നവര്‍ക്ക് വലിയൊരു പ്രചോദനമാണ്.
ബിഗ് ബോസിനുള്ളില്‍ പോകുന്നതിന് മുന്‍പ് ഞാന്‍ ഒരു റിലേഷന്‍ഷിപ്പില്‍ ആയിരുന്നു. ഷോ കഴിഞ്ഞ് തിരികെ വരുമ്പോള്‍ എന്നെ സപ്പോര്‍ട്ട് ചെയ്യാനും കൂടെ നില്‍ക്കാനും ഉണ്ടാകും എന്ന് ഞാന്‍ ഉറച്ചു വിശ്വസിച്ചിരുന്ന, ഏറ്റവും കൂടുതല്‍ പ്രതീക്ഷ വച്ചിരുന്ന വ്യക്തി ഞാന്‍ പുറത്തിറങ്ങിയപ്പോഴേക്കും എന്നെ ഇട്ടിട്ടു പോയിരുന്നു. ആ ഒരു അവസ്ഥയില്‍ നിന്ന് കിട്ടിയ റിജക്ഷന്‍ എനിക്ക് താങ്ങാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു. കാരണം, നമ്മള്‍ അത്രയും ഇന്‍വോള്‍വ്ഡ് ആയി, ഇമോഷനലി ഇന്‍വെസ്റ്റ് ചെയ്ത ഒരു ബന്ധത്തില്‍ നിന്ന് വളരെ ഹാപ്പി ആയി നമ്മളെ ഷോയിലേക്ക് പറഞ്ഞുവിട്ടിട്ട്, തിരിച്ചു വരുമ്പോള്‍ ആ ആളില്ല എന്ന് പറയുന്നത് ഒരു വലിയ ട്രോമയാണ്.
ലോക്ക്ഡൗണും ഈ വേര്‍പിരിയലും കൂടിച്ചേര്‍ന്നപ്പോള്‍ ഒരു വലിയ പടുകുഴിയില്‍ വീണ അവസ്ഥയായിരുന്നു എനിക്ക്. കരകയറാന്‍ പറ്റാത്ത അവസ്ഥ. ഉറങ്ങാന്‍ സാധിക്കാതെ രാത്രി മുഴുവന്‍ ഇരിക്കും. ക്ഷീണം കാരണം രാവിലെ ആകുമ്പോള്‍ സ്വയം പാസ് ഔട്ട് ആയിപ്പോകുന്ന അവസ്ഥ. ഇതിനെ ഡിപ്രഷന്‍ എന്ന് വിളിക്കാമോ എന്ന് എനിക്കറിയില്ല. കാരണം മുന്‍പ് ഇതുപോലെ സംസാരിച്ചപ്പോള്‍ കുറെപേര്‍ പറഞ്ഞിരുന്നു ട്രീറ്റ്‌മെന്റ് എടുക്കാതെ ഡിപ്രഷന്‍ എന്ന് പറയാന്‍ പറ്റില്ലഎന്ന്. അത് ശരിയായിരിക്കാം. എന്നാല്‍ ട്രീറ്റ്‌മെന്റ് എടുക്കണം എന്ന് ചിന്തിക്കാനുള്ള അവസ്ഥയോ അല്ലെങ്കില്‍ അത് പറഞ്ഞുതരാന്‍ പറ്റുന്ന ആരെങ്കിലും എന്റെ കൂടെ അന്ന് ഉണ്ടായിരുന്നില്ല.
എന്റെ ഏറ്റവും വലിയ കണ്‍ഫ്യൂഷന്‍ ഇയാള്‍ ഉണ്ടോ ഇല്ലയോ എന്നുള്ളതായിരുന്നു. ഇയാള്‍ എന്നോട് കാര്യങ്ങള്‍ ഡയറക്ട് ആയി പറയുന്നുണ്ടായിരുന്നില്ല. എന്നാലും മൂന്ന് വര്‍ഷമായി ഒരാള്‍ പെരുമാറിയിരുന്ന പാറ്റേണ്‍ മാറി വേറെ രീതിയില്‍ പെരുമാറുമ്പോള്‍ ആ വ്യത്യാസം എനിക്ക് മനസ്സിലാകുമല്ലോ. ഏകദേശം ഒരു വര്‍ഷത്തോളം ഞാന്‍ ഇതിന്റെ ക്ലാരിറ്റിക്ക് വേണ്ടി അലഞ്ഞു.
ഒരു വശത്ത് ഇയാള്‍ എനിക്ക് ചെറിയ ചെറിയ പ്രതീക്ഷകള്‍ തന്നുകൊണ്ടിരുന്നു. പക്ഷേ പിന്നില്‍ നിന്ന് അയാള്‍ എന്നെ ചതിക്കുകയായിരുന്നു. അത്രയും സ്‌നേഹിക്കുമ്പോള്‍ ഒരാള്‍ തരുന്ന ചെറിയൊരു പ്രതീക്ഷയില്‍ പോലും നമ്മള്‍ പിടിച്ച് തൂങ്ങും. ഇയാള്‍ തിരികെ വരും എന്ന് വിചാരിക്കും. എന്റെ സുഹൃത്തുക്കള്‍ എന്നോട് പറയുമായിരുന്നു 'ഇനി അയാള്‍ തിരിച്ചു വരില്ല, നീ വിചാരിക്കുന്നത് പോലെയല്ല കാര്യങ്ങള്‍' എന്ന്. എന്നാല്‍ ഞാന്‍ അയാളോട് പോയി ചോദിക്കുമ്പോള്‍ അയാള്‍ പറയും 'നീ എന്തിനാണ് മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കുന്നത്, ഞാന്‍ പറയുന്നത് കേട്ടാല്‍ പോരെ?' എന്ന്. ആ സമയത്ത് എനിക്ക് മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കേണ്ടിയിരുന്നില്ല, അയാളുടെ ആ വാക്ക് മാത്രം മതിയായിരുന്നു എന്ന് തോന്നും. അത്രയധികം ഞാന്‍ ഇമോഷനലി ഡിപെന്‍ഡന്റ് ആയിരുന്നു. നമ്മളെത്തന്നെ പൂര്‍ണമായും വിട്ടുകൊടുക്കുന്ന അവസ്ഥ.
പക്ഷേ ഒരു ഘട്ടത്തില്‍ കാര്യങ്ങള്‍ ഞാന്‍ തിരിച്ചറിഞ്ഞു. ദൈവം നേരിട്ട് കണ്ണിനുമുന്നില്‍ കൊണ്ട് കാണിച്ചു തന്നതുപോലെ ചില കാര്യങ്ങള്‍ ഞാന്‍ കണ്ടുപിടിച്ചു. കണ്ണിനു മുന്നില്‍ കാണുന്ന കാര്യങ്ങള്‍ കണ്ടില്ലെന്ന് വയ്ക്കാന്‍ പറ്റില്ലല്ലോ. അയാള്‍ എന്നെ മാനിപുലേറ്റ് ചെയ്യുകയായിരുന്നു എന്നും, ഞാനായിട്ട് സ്വയം പിന്മാറണം എന്ന് അയാള്‍ ആഗ്രഹിച്ചിരുന്നു എന്നുമാണ് അപ്പോള്‍ എനിക്ക് മനസ്സിലായത്. അയാള്‍ക്ക് യാതൊരു ഗില്‍റ്റി ഫീലുമില്ലായിരുന്നു. സുഹൃത്തുക്കള്‍ എന്നോട് ചോദിച്ചു ഇനിയും നിനക്ക് ഇത് വേണോ? എന്ന്. അപ്പോഴാണ് ഞാന്‍ തിരിച്ചറിഞ്ഞത്, ഇനി ഇത് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ല എന്ന്. അതൊരു പെട്ടെന്നുള്ള തീരുമാനമായിരുന്നില്ല. ഒരുപാട് സമയം എടുത്ത് മനസ്സിനെ പറഞ്ഞു മനസ്സിലാക്കിയതാണ്.
പ്രത്യേകിച്ച് സ്‌നേഹത്തിന് വേണ്ടി നമ്മള്‍ യാചിക്കരുത് എന്ന് എല്ലാവരും പറയും. എന്നാല്‍ ഞാന്‍ നന്നായി ഇരന്നിട്ടുണ്ട്. കരഞ്ഞ് കാലുപിടിച്ചു വരെ യാചിച്ചിട്ടുണ്ട് 'എന്നെ കളഞ്ഞിട്ട് പോകരുത്' എന്ന്. കാരണം എനിക്ക് ഒരുപാട് ഭയങ്ങള്‍ ഉണ്ടായിരുന്നു. ഞാന്‍ ഒരു വിവാഹമോചനത്തിലൂടെ കടന്നു പോയ ഒരു സിംഗിള്‍ മദര്‍ ആണ്. നാഷണല്‍ ലെവലില്‍ പോകുന്ന ഒരു ബിഗ് ഷോയില്‍ വച്ച് ഞാന്‍ എന്റെ റിലേഷന്‍ഷിപ്പിനെക്കുറിച്ച് വളരെ ഹാപ്പിയായി സംസാരിച്ചിട്ടുമുണ്ട്. കാരണം ഇത് കഴിഞ്ഞ് തിരികെ ചെന്നാല്‍ വിവാഹം എന്നതായിരുന്നു എന്റെ കണക്കുകൂട്ടല്‍. എന്നാല്‍ അത് തകര്‍ന്നു എന്ന് മാത്രമല്ല, ഞാന്‍ പുറത്തിറങ്ങിയപ്പോള്‍ എന്നെക്കുറിച്ച് വളരെ മോശമായി ആളുകള്‍ സംസാരിക്കുന്നുണ്ടായിരുന്നു. അതിനോടൊപ്പം ഇതും കൂടി വന്നാല്‍ ആളുകള്‍ എന്തും പറയും.ഇവളുടെ ബിഗ് ബോസിലെ സ്വഭാവം കണ്ടിട്ടായിരിക്കും അയാള്‍ കളഞ്ഞിട്ട് പോയത്എന്ന് ഇപ്പോഴും ചിലര്‍ പറയാറുണ്ട്.
ഈ പേടികള്‍ കാരണമാണ് ഞാന്‍ അന്ന് അയാളുടെ കാലുപിടിച്ചു യാചിച്ചത്. എന്നാല്‍ പിന്നീട് ആ യാഥാര്‍ഥ്യം സ്വയം അംഗീകരിക്കാന്‍ ഞാന്‍ ഒരുപാട് സമയമെടുത്തു. കുറെ ബ്രേക്ക്ഡൗണുകള്‍ക്ക് ശേഷമാണ് ഒടുവില്‍ ആ ബന്ധം അവസാനിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചത്. ഇതില്‍ നിന്നും ഹീല്‍ ആയി വരിക എന്നത് ഒട്ടും ഈസി ആയിരുന്നില്ല. ബന്ധങ്ങള്‍ വേര്‍പിരിയുമ്പോള്‍ ആളുകള്‍ വളരെ എളുപ്പത്തില്‍ പറയും പോയത് പോയി, ഇനി ജോലി നോക്ക് എന്ന്. എന്നാല്‍ സ്വിച്ച് ഇട്ടതുപോലെ പെട്ടെന്ന് മാറുക സാധ്യമല്ല.
ആ സമയത്ത് എന്റെ ഡെയിലി റുട്ടീന്‍ വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. രാവിലെ എഴുന്നേറ്റാല്‍ ആദ്യം ഫോണ്‍ എടുത്ത് അയാളുടെ മെസ്സേജോ കോളോ ഉണ്ടോ എന്ന് നോക്കും. സോഷ്യല്‍ മീഡിയയില്‍ അയാള്‍ എന്തെങ്കിലും പോസ്റ്റ് ചെയ്തിട്ടുണ്ടോ, അയാള്‍ അപ്‌സെറ്റ് ആണോ എന്നൊക്കെ സ്റ്റോക്ക് ചെയ്ത് നോക്കും. എല്ലാവരും ചെയ്യുന്ന കാര്യമാണിത്. എന്നാല്‍ ഒരു പരിധിവരെ ഈ സ്റ്റോക്കിങ് എന്നെ സഹായിച്ചു. കാരണം, ഞാന്‍ ഇവിടെ തകര്‍ന്നിരിക്കുമ്പോള്‍ അയാള്‍ സന്തോഷത്തോടെ വെക്കേഷന്‍സിന് പോകുന്ന ഫോട്ടോകളും സ്റ്റാറ്റസുകളും കാണാന്‍ തുടങ്ങി. അത് എനിക്കൊരു ശക്തമായ കൊട്ടായിരുന്നു. 'അയാള്‍ അവന്റെ ജീവിതവുമായി മുന്നോട്ട് പോകുമ്പോള്‍ നീ എന്താണ് ഈ ചെയ്യുന്നത്' എന്ന് ഞാന്‍ എന്നോട് തന്നെ ചോദിച്ചു.
അങ്ങനെ മെല്ലെ മെല്ലെ ഞാന്‍ എന്നിലേക്ക് ശ്രദ്ധിക്കാന്‍ തുടങ്ങി. ആ സമയത്ത് എനിക്ക് കോണ്‍സെന്‍ട്രേറ്റ് ചെയ്യാന്‍ ഉണ്ടായിരുന്ന ഒരേയൊരു എലമെന്റ് കാഞ്ചീവരംആയിരുന്നു. ലോക്ക്ഡൗണ്‍ സമയത്ത് എല്ലാവരും ഓണ്‍ലൈന്‍ ഷോപ്പിങില്‍ ശ്രദ്ധിച്ചിരുന്ന സമയമായിരുന്നു അത്. ഞാന്‍ എന്റെ മുഴുവന്‍ ടൈമും, പ്രൊഡക്ടിവിറ്റിയും, ക്രിയേറ്റീവ് സൈഡും കാഞ്ചീവരം എന്ന ബ്രാന്‍ഡിലേക്ക് ഇന്‍വെസ്റ്റ് ചെയ്യാന്‍ തുടങ്ങി. അങ്ങനെ പടിപടിയായി ഞാന്‍ എന്നെത്തന്നെ സ്‌നേഹിക്കാന്‍ തുടങ്ങി. ഒരു തകര്‍ച്ചയില്‍ നില്‍ക്കുമ്പോള്‍ നമ്മുടെ അറ്റന്‍ഷന്‍ ഡൈവേര്‍ട്ട് ചെയ്യാന്‍ പറ്റുന്ന, നമുക്ക് സന്തോഷം നല്‍കുന്ന എന്തെങ്കിലും ഒരു കാര്യം (അത് സോഷ്യല്‍ മീഡിയയില്‍ ഒരു ഫോട്ടോ ഇടുന്നതാകാം, ബ്രാന്‍ഡ് നടത്തുന്നതാകാം) കണ്ടെത്തുക എന്നത് വളരെ പ്രധാനമാണ്.
നമുക്ക് ഒരാളെ മടുത്തു എങ്കില്‍ അത് വളരെ ഓപ്പണ്‍ ആയി അക്‌സെപ്റ്റ് ചെയ്യുകയും അയാളോട് തുറന്നു പറയുകയും വേണം. അത് ചെയ്യാതെ ഒരാളെ കണ്‍ഫ്യൂഷനില്‍ നിര്‍ത്തി ആശയക്കുഴപ്പത്തിലാക്കുന്നത് ഒരു മനുഷ്യനോട് ചെയ്യാന്‍ പറ്റുന്ന ഏറ്റവും വലിയ ക്രൂരതയാണ്. ഞാന്‍ ഇത് പറഞ്ഞാല്‍ മറ്റേയാള്‍ ആത്മഹത്യ ചെയ്യുമോ എന്ന പേടിയില്‍ പറയാതിരിക്കുന്നതും തെറ്റാണ്. റിലേഷന്‍ഷിപ്പ് മുന്നോട്ട് പോവില്ല എന്ന് ഉറപ്പായാല്‍ അത് കൃത്യമായി പറഞ്ഞ് അവസാനിപ്പിക്കുകയാണ് വേണ്ടത്.<
ഇന്നത്തെ തലമുറയിലെ കുട്ടികള്‍ക്ക് കാര്യങ്ങളില്‍ വലിയ ക്ലാരിറ്റിയുണ്ട്. കഴിഞ്ഞ ദിവസം എസ്തര്‍ പറഞ്ഞതുപോലെ, ഒരു സംഭവം വര്‍ക്ക് ഔട്ട് ആകുന്നില്ലെങ്കില്‍ ഒരു വര്‍ഷമോ രണ്ടു വര്‍ഷമോ കഴിഞ്ഞാല്‍ ഷേക്ക് ഹാന്‍ഡ് കൊടുത്ത് വൃത്തിയായി പിരിയാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ട്. അവര്‍ കാര്യങ്ങളെ ഉള്ളിലേക്ക് എടുത്ത് തകരാതെ, എന്തും ഫേസ് ചെയ്യാന്‍ റെഡിയാണ്. ഇതിന്റെ ക്രെഡിറ്റ് മില്ലേനിയല്‍ മാതാപിതാക്കള്‍ക്കാണ്. നമ്മള്‍ ഫേസ് ചെയ്ത വിഷമങ്ങളിലൂടെ നമ്മുടെ മക്കള്‍ പോകരുത് എന്ന നിര്‍ബന്ധം നമുക്കുണ്ട്. അതിനാല്‍ ഞങ്ങള്‍ കുട്ടികളോട് ഭയങ്കര ട്രാന്‍സ്പറന്റ് ആണ്. അറിയേണ്ട കാര്യങ്ങളും കാണേണ്ട കാര്യങ്ങളും അവരെ അറിയിച്ചു തന്നെ വളര്‍ത്തണം. അല്ലാതെ പാരന്റ്‌സ് കുട്ടികളെ അമിതമായി പാമ്പര്‍ ചെയ്യേണ്ടതില്ല.
പോരാത്തതിന്, ഒരു അച്ഛന്റെയും അമ്മയുടെയും ഫൈനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി എന്താണെന്ന് പോലും കുട്ടികള്‍ അറിഞ്ഞു വളരണം. എന്നാല്‍ മാത്രമേ നാളെ അവരുടെ ഫ്യൂച്ചര്‍ സെക്യൂര്‍ ചെയ്യാന്‍ അവര്‍ക്ക് സാധിക്കൂ. നമ്മുടെ മാതാപിതാക്കള്‍ അവരുടെ കേപ്പബിലിറ്റിക്കും അപ്പുറമുള്ള കാര്യങ്ങള്‍ നമ്മള്‍ അറിയാതെ നമുക്ക് വേണ്ടി ചെയ്തു തന്നു. പിന്നീട് ഒരു സിറ്റുവേഷന്‍ വരുമ്പോഴാണ് നമ്മള്‍ ഇതറിയുന്നതും അന്ന് ഞങ്ങള്‍ ചോദിച്ചിട്ടാണോ നിങ്ങളിത് ചെയ്തത്എന്ന് പാരന്റ്‌സിനെ ബ്ലെയിം ചെയ്യുന്നതും. അതിനാല്‍ തുടക്കം മുതലേ കുട്ടികള്‍ക്ക് സാമ്പത്തിക കാര്യങ്ങളിലടക്കം വ്യക്തത നല്‍കണം.
18 വയസ്സുള്ള ഇന്നത്തെ കുട്ടികളോട് 23 വയസ്സില്‍ കല്യാണം കഴിക്കാന്‍ പറഞ്ഞാല്‍ പോലും അവര്‍ വേണ്ട എന്ന് പറയും. കുട്ടികള്‍ക്ക് എപ്പോഴാണോ കല്യാണം കഴിക്കാന്‍ തോന്നുന്നത് അപ്പോള്‍ കഴിച്ചാല്‍ മതിയെന്നാണ് ഞാനും എന്റെ മകളുടെ കാര്യത്തില്‍ വിചാരിക്കുന്നത്. എന്നാല്‍ എന്റെ 18-ാം വയസ്സില്‍ ഞാന്‍ വിവാഹിതയായി. അന്ന് എനിക്ക് വിവാഹജീവിതത്തെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. സാരി ഉടുക്കുക, മേക്കപ്പ് ഇടുക എന്നൊരു ഫാന്റസി മാത്രമായിരുന്നു വിവാഹം. എന്റെ ഒരു ഫ്രണ്ട് പറഞ്ഞതുപോലെ ക്രിസ്ത്യന്‍ ഗൗണ്‍ ഇടാനും ഡാന്‍സ് കളിക്കാനുമായി മാത്രം കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്നത് പോലെയായിരുന്നു അത്. കല്യാണം എന്നാല്‍ രണ്ടുപേര്‍ ഒന്നിച്ച് ജീവിക്കുക എന്നതിനപ്പുറം ഒന്നുമറിയില്ലായിരുന്നു. എന്റെ നല്ലൊരു പ്രായവും നല്ല വര്‍ഷങ്ങളുമാണ് അവിടെ നഷ്ടമായത് എന്ന് എനിക്ക് ഫീല്‍ ചെയ്തിട്ടുണ്ട്.
ഞങ്ങളുടെ തുടക്കത്തിലെ മാരിഡ് ലൈഫ് വളരെ ഹാപ്പി ആയിരുന്നു, ഭര്‍ത്താവും വീട്ടുകാരും വളരെ നല്ലവരായിരുന്നു. എന്നാല്‍ പ്രായത്തിന്റെ പ്രശ്‌നങ്ങള്‍ കൊണ്ട് നമ്മള്‍ കാണിച്ചുകൂട്ടുന്ന ചില കാര്യങ്ങളും, അത് തിരിച്ചറിയാനുള്ള പക്വതയില്ലായ്മയും കാരണമാണ് പ്രശ്‌നങ്ങള്‍ ഉണ്ടായത്. ഇന്ന് ഞാന്‍ ആലോചിക്കാറുണ്ട്, 18-ാം വയസ്സില്‍ ഞാന്‍ കല്യാണം കഴിക്കാതെ കോളജില്‍ പോയിരുന്നെങ്കില്‍ എനിക്ക് ഓര്‍ത്തു വയ്ക്കാന്‍ നല്ല നിമിഷങ്ങള്‍ ഉണ്ടാകുമായിരുന്നു എന്ന്. കല്യാണം കഴിഞ്ഞ് 21-ാം വയസ്സില്‍ കുഞ്ഞുണ്ടായതോടെ കുടുംബം നടത്തിക്കൊണ്ടുപോകാനുള്ള സ്ട്രഗിള്‍ ആയിരുന്നു പിന്നീട്.
ജീവിതത്തില്‍ ശരിക്കും ഒരു വെക്കേഷന്‍ ട്രിപ്പ് പോലും പോകാന്‍ സാധിച്ചിട്ടില്ല. വിദേശ രാജ്യങ്ങളില്‍ പോയതെല്ലാം എന്റെ ജോലിയുടെ ഭാഗമായുള്ള സ്റ്റേജ് ഷോകള്‍ക്കോ സഹപ്രവര്‍ത്തകരുടെ കൂടെയോ മാത്രമായിരുന്നു. കുടുംബത്തോടൊപ്പം സ്വന്തം സന്തോഷത്തിനായി 3-4 ദിവസം മാറിനില്‍ക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല. ജീവിതത്തില്‍ ആ നല്ല ഏജ് മുഴുവനും ജോലി ചെയ്യുകയായിരുന്നു. എങ്കിലും അന്ന് 18 വയസ്സില്‍ യാത്ര തുടങ്ങിയ ആ പഴയ ആര്യയെ കാണുമ്പോള്‍, ഇന്ന് ഞാന്‍ കടന്നുവന്ന ആ വലിയ യാത്ര ഓര്‍ത്ത് എനിക്ക് വലിയ അഭിമാനമാണ് തോന്നുന്നതെനന്ും ആര്യ പറയുന്നു.
ഒരു ടെലിവിഷന്‍ ചാനലില്‍ വര്‍ഷങ്ങളോളം ജോലി ചെയ്ത അനുഭവം താരം പങ്ക് വച്ചതിങ്ങനെയാണ്. 'വളരെക്കാലം ഞാന്‍ പ്രവര്‍ത്തിച്ച ഒരു ചാനലുണ്ട്. എന്നെ ഇന്‍ഡസ്ട്രിയില്‍ വിളിച്ചിരുന്നത് തന്നെ ഈ ചാനലിന്റെ ആര്‍ട്ടിസ്റ്റ് എന്ന് പറഞ്ഞാണ്. ആ ചാനല്‍ അല്ലേ ആര്യക്ക് ഒരു കരിയര്‍ ഉണ്ടാക്കി തന്നത് എന്ന് വരെ എല്ലാവരും പറയും. ഈ ചാനലിന് വേണ്ടി ജീവിതം തന്നെ ഉഴിഞ്ഞ് വെച്ചു എന്ന് പറയാം'
'മറ്റൊരു ചാനലിലും എനിക്ക് വര്‍ക്ക് ചെയ്യാന്‍ അനുവാദമുണ്ടായിരുന്നില്ല. ഇതൊക്കെ ഒരു ചാനലിനുള്ളില്‍ നടക്കുന്ന അജണ്ടകളാണ്. ഒരു ഷോ കമ്മിറ്റ് ചെയ്താല്‍ ചിലപ്പോള്‍ മൂന്ന് മാസം കൊണ്ട് ഷൂട്ട് തീരും. ഏഴെട്ട് മാസം ടെലകാസ്റ്റ് ചെയ്യാനുള്ള കണ്ടന്റ് മൂന്ന് മാസം കൊണ്ട് ഷൂട്ട് ചെയ്ത് തീര്‍ക്കും. ഒരു ദിവസത്തേക്ക് പേയ്‌മെന്റ് വാങ്ങുന്ന ആര്‍ട്ടിസ്റ്റുകളാണ് ഞങ്ങള്‍. ഈ മൂന്ന് മാസത്തെ വര്‍ക്ക് കഴിഞ്ഞാല്‍ പിന്നെ എനിക്ക് വര്‍ക്കില്ല. നമുക്ക് സര്‍വൈവ് ചെയ്യേണ്ടേ. വേറൊരു ചാനലില്‍ നിന്ന് ഓഫര്‍ വന്നാല്‍ ആ ഷോ ചെയ്യാനുള്ള അനുവാദം എനിക്കില്ലായിരുന്നു'
'അഥവാ അറിയാതെ ചെയ്ത് കഴിഞ്ഞാല്‍ എന്നെ വിളിച്ച് വഴക്ക് പറയും. അങ്ങനെ എനിക്ക് നഷ്ടപ്പെട്ട ഒരുപാട് അവസരങ്ങളുണ്ട്. എത്ര വര്‍ഷം ഞാന്‍ ആ ഘട്ടത്തില്‍ നിന്നു. റിയാലിറ്റി ഷോയുമായി ബന്ധപ്പെട്ട് ഒരു പ്രധാന പ്രശ്‌നം ഈ ചാനലുമായി വന്നപ്പോള്‍ എനിക്ക് നിശബ്ദമായിരിക്കാന്‍ പറ്റിയില്ല. അങ്ങനെ സംസാരിച്ചതിന്റെ പേരില്‍ എന്നെ ബ്ലാക്ക് ലിസ്റ്റ് ചെയ്തു'
'അത്രയും വര്‍ഷങ്ങള്‍ ആ ചാനലിന് വേണ്ടി ഞാന്‍ ചെയ്ത ത്യാ?ഗങ്ങള്‍ ചില്ലറയല്ല. എത്രയോ ചാനലുകളില്‍ വര്‍ക്ക് ചെയ്യാനുള്ള അവസരങ്ങള്‍ ഞാന്‍ കളഞ്ഞു. എന്നിട്ട് തിരിച്ച് നമ്മളോടിങ്ങനെ ചെയ്യുമ്പോള്‍ അത് മാനസികമായ ബുദ്ധിമുട്ട് നമുക്കുണ്ടാക്കും. അവര്‍ റിജക്ട് ചെയ്താല്‍ എന്റെ കരിയര്‍ നിന്ന് പോയി എന്നവര്‍ ചിന്തിച്ചിട്ടുണ്ടാകും. പക്ഷെ വേറെയും പ്രമുഖ ചാനലുകളുണ്ട്. അവരെന്നെ പരിഗണിക്കുന്നു. ഇപ്പോഴും ഞാന്‍ വളരെ പ്രമുഖമായ ചാനലില്‍ പ്രോഗ്രാം ചെയ്യുന്നുണ്ട്' ആര്യ ബഡായി പറഞ്ഞു.