Latest News

മദ്രാസിലും തിരുവനന്തപുരത്തും വീട്, വട്ടിയൂര്‍ക്കാവില്‍ ഭൂമി, കാന്തല്ലൂരില്‍ എസ്റ്റേറ്റ്, ഊട്ടിയില്‍ ഫ്‌ലാറ്റ്, ഷോപ്പിംഗ് കോംപ്ലക്‌സും കല്യാണമണ്ഡപവും;49 ാം വയസ്സില്‍ ഈ ലോകം വിട്ടു പോകുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു എന്നതുപോലെ ജീവിതം; ദീര്‍ഘവീക്ഷണമാണ് സുകുമാരി ചേച്ചിക്ക് കരുത്തായത്; സിദ്ധു പനയ്ക്കല്‍ പങ്ക് വച്ചത്

Malayalilife
മദ്രാസിലും തിരുവനന്തപുരത്തും വീട്, വട്ടിയൂര്‍ക്കാവില്‍ ഭൂമി, കാന്തല്ലൂരില്‍ എസ്റ്റേറ്റ്, ഊട്ടിയില്‍ ഫ്‌ലാറ്റ്, ഷോപ്പിംഗ് കോംപ്ലക്‌സും കല്യാണമണ്ഡപവും;49 ാം വയസ്സില്‍ ഈ ലോകം വിട്ടു പോകുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു എന്നതുപോലെ ജീവിതം; ദീര്‍ഘവീക്ഷണമാണ് സുകുമാരി ചേച്ചിക്ക് കരുത്തായത്; സിദ്ധു പനയ്ക്കല്‍ പങ്ക് വച്ചത്

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനക്കല്‍ തന്റെ സിനിമാ ലോകത്തെ അനുഭവങ്ങളും സുഹൃത്ത് ബന്ധങ്ങളെക്കുറിച്ചും കുറിപ്പ് പങ്ക് വച്ചെത്താറുണ്ട്. ഇപ്പോളിതാ നടന്‍ സുകുമാരനെക്കുറി്ച്ച് എഴുതിയ കുറിപ്പും ശ്രദ്ധ നേടുകയാണ്.
മലയാള സിനിമയില്‍ ഏറ്റവും ദീര്‍ഘവീക്ഷണമുളള നടനായിരുന്നു സുകുമാരന്‍ എന്നാണ് സിദ്ധു കുറിച്ചത്.തന്റ 49-ാം വയസ്സില്‍ ഈ ലോകം വിട്ടുപോകുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു എന്നതുപോലെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം എന്ന്് സിദ്ധു പനയ്ക്കല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

''സുകുമാരന്‍ സാറിന്റെ ദീര്‍ഘവീക്ഷണത്തെ പറ്റിയാണ്.. ഞാന്‍ ഇന്നലെ പല വലിയ വ്യക്തിത്വങ്ങളുടെയും കയ്യില്‍ നിന്ന് എനിക്ക് ലഭിച്ച സമ്മാനങ്ങളെ പറ്റി ഒരു കുറിപ്പ് എഴുതിയിരുന്നു. അതില്‍ സുകുമാരന്‍ സാറില്‍ നിന്ന് എനിക്ക് കിട്ടിയ സമ്മാനത്തെ പറ്റിയും എഴുതിയിരുന്നു.അതിന് ഷാഹില്‍ എന്ന ഒരു സുഹൃത്തിന്റെ ഒരു കമന്റ് വായിച്ചു.

'ദീര്‍ഘവീക്ഷണം സുകുമാരന്‍ എന്ന വ്യക്തിക്ക് എത്രമാത്രം ഉണ്ടായിരുന്നു എന്ന് അദ്ദേഹത്തെ മനസ്സിലാക്കാന്‍ സാധിച്ചാല്‍ അറിയാന്‍ സാധിക്കും'.
ഇതായിരുന്നു ആ കമന്റ്.

തീര്‍ച്ചയായും തന്റെ 49 ആം വയസ്സില്‍ ഈ ലോകം വിട്ടു പോകുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു എന്നതുപോലെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ആ കുടുംബത്തിന്റെ അടിത്തറ അദ്ദേഹം പടുത്തുയര്‍ത്തിയത് സ്‌നേഹം കൊണ്ടാണ്. അടിത്തറയ്ക്കു മുകളില്‍ കെട്ടിപ്പൊക്കിയത് കുടുംബത്തോടുള്ള കരുതല്‍ എന്ന ശക്തമായ ചുമരാണ്, ചുമരുകള്‍ക്ക് മുകളില്‍ സാമ്പത്തിക സുരക്ഷയെന്ന മേല്‍ക്കൂരയൊരുക്കി.

49ആം വയസ്സില്‍ ഈ ലോകം വിട്ട് അദ്ദേഹം പോകുമ്പോള്‍ ചേച്ചിക്ക് താങ്ങും തണലും കരുത്തും ആയത് അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണം തന്നെയാണ്.

മദ്രാസില്‍ വീട്, തിരുവനന്തപുരത്ത് വീട്, വട്ടിയൂര്‍ക്കാവില്‍ ഭൂമി, കാന്തല്ലൂരില്‍ എസ്റ്റേറ്റ്, ഊട്ടിയില്‍ ഫ്‌ലാറ്റ്,നിലമേല്‍ എന്ന സ്ഥലത്ത് ഷോപ്പിംഗ് കോംപ്ലക്‌സും കല്യാണമണ്ഡപവും. ആ കാലത്തുള്ള സിനിമാക്കാരില്‍ എത്രപേര്‍ക്ക് ഇങ്ങനെ ഒരു കരുതല്‍ ഉണ്ടായിരുന്നു എന്നറിയില്ല.

പകുതി കാര്യമായും പകുതി കളിയായും അന്നത്തെ സിനിമാക്കാര്‍ പറയുന്ന ഒരു കാര്യമുണ്ട്. സുകുമാരന്‍ സാര്‍ വളരെ സ്പീഡില്‍ ഡബ്ബ് ചെയ്യുന്ന ആളാണ്. ആ കാലത്തും ഈ കാലത്തും ലാസ്റ്റ് പെയ്‌മെന്റ് ആര്‍ട്ടിസ്റ്റുകള്‍ക്ക് കൊടുക്കുന്നത് ഡബ്ബിങ് സമയത്താണ്. സുകുമാരന്‍ സാറിന് അത് കൃത്യമായി ഡബ്ബിങ്ങിനു മുന്‍പ് കിട്ടിയിരിക്കണം.

ഡബ്ബിങ് തീയേറ്ററില്‍ എത്തിയിട്ടും പേമെന്റ് ക്രെഡിറ്റ് ആയിട്ടില്ല എന്ന് അദ്ദേഹത്തിന് മനസ്സിലായാല്‍ ശബ്ദം കൃത്യമായി വരില്ല തൊണ്ട അടച്ചിരിക്കുകയാണ്. രണ്ടുമൂന്നു തവണ ചുമച്ചും മുരടനക്കി നോക്കിയിട്ടും ശബ്ദം ശരിയാവുന്നില്ല. ഡബ്ബിങ് നാളേക്ക് ആക്കാം എന്ന് തീരുമാനിക്കുന്നു.

ആ സമയത്താണ് പ്രൊഡ്യൂസര്‍ തിയേറ്ററിലേക്ക് എത്തുക. ആശാനേ ശബ്ദം ശരിയാകുന്നില്ല എന്ന് സുകുമാര്‍ സാര്‍. തിയേറ്ററിന് പുറത്തിറങ്ങി സുകുമാരന്‍ സാറും പ്രൊഡ്യൂസറും ഓരോ സിഗരറ്റ് വലിക്കുന്നു. ഡയറക്ടറും കൂടെ കൂടുന്നു. സംസാരിക്കുന്നതിനിടയില്‍ വീട്ടില്‍ പോയി മല്ലിക ചേച്ചിയെ കണ്ട കാര്യവും, ബാലന്‍സ് പൈസ ചേച്ചിയുടെ കയ്യില്‍ കൊടുത്തിട്ടുണ്ട് എന്നും പ്രൊഡ്യൂസര്‍ വ്യക്തമാക്കുന്നു.

ആശാനെ അതിന് കാശിന്റെ കാര്യം ഇവിടെ ആരെങ്കിലും ചോദിച്ചോ. ഒന്നു കൂടെ ട്രൈ ചെയ്തു നോക്കിയാലോ എന്ന് പ്രൊഡ്യൂസര്‍. അതിനെന്താ പ്രൊഡക്ഷന്‍ ബോയിയെ വിളിച്ച് ഒരു ഗ്ലാസ് ചൂടുവെള്ളം കൊണ്ട് വരാന്‍ പറയുന്നു. ചൂടുവെള്ളം കുടിച്ചപ്പോള്‍ തൊണ്ട കുറച്ചു കൂടി ക്ലിയര്‍ ആയി. 2 മണിക്കൂര്‍ കൊണ്ട് ഫുള്‍ പടം ഡബ്ബിങ് തീര്‍ത്ത് സുകുമാരന്‍ സാര്‍ സ്ഥലം വിടുന്നു.

കളിയായാലും കാര്യമായാലും കൃത്യമായി പൈസ കണക്ക് പറഞ്ഞു വാങ്ങി അത് വേണ്ട രീതിയില്‍ ഇന്‍വെസ്റ്റ് ചെയ്തത് കൊണ്ട്, നിന്ന നില്‍പ്പില്‍ അപ്രത്യക്ഷമായത് പോലെ സാര്‍ പോയപ്പോഴും ചേച്ചിയും മക്കളും സേഫ് ആയിരുന്നു.

എന്റെ ഒരു അനുഭവം പറയാം. പടയണി എന്ന സിനിമ കഴിഞ്ഞതിനു ശേഷം സാറും കുടുംബവും അമ്മയെ കാണാന്‍ വേണ്ടി എടപ്പാളിലേക്ക് പോയി. സാര്‍ പോകുമ്പോള്‍ എനിക്ക് ചിലവിനുള്ള പൈസയും. വീട്ടില്‍ വലിയ രണ്ടു പട്ടികള്‍ ഉണ്ട് അവര്‍ക്ക് ഇറച്ചി വാങ്ങാനുള്ള പൈസയും ഒക്കെ എന്നെ ഏല്‍പ്പിച്ചിട്ടാണ് പോയത്. എല്ലാ ചിലവുകളും ഞാന്‍ കൃത്യമായി കണക്ക് എഴുതി വെച്ചു. സാര്‍ തിരിച്ചുവന്നപ്പോള്‍ ഞാന്‍ കണക്കെഴുതിയ പേപ്പറും ബാക്കി പൈസയും സാറിന് കൊണ്ട് കൊടുത്തു.

സര്‍ കണക്കും ബാക്കി പൈസയും എല്ലാം കൃത്യമായി നോക്കി. പിന്നീട് ഞാന്‍ സാറിന്റെ അടുത്തുനിന്ന് പോരുന്നത് വരെ എന്തെങ്കിലും കാര്യത്തിന് എന്നെ ഏല്‍പ്പിച്ച പൈസയുടെ കണക്ക് സാര്‍ നോക്കിയിട്ടില്ല. ഞാന്‍ എഴുതിക്കൊടുത്ത ആദ്യത്തെ കണക്കില്‍ തന്നെ എന്റെ കണക്കുകള്‍ കൃത്യമായിരിക്കും എന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടിരിക്കാം''. സിദ്ധു പനയ്ക്കല്‍ കുറിച്ചു.

sidhu panakkal about sukumaran

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES