മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും നടിയുമായ അശ്വതി ശ്രീകാന്ത് തന്റെ ഇളയ മകള്‍ കമലയുടെ അഞ്ചാം പിറന്നാള്‍ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. മകളുടെ കുഞ്ഞുചിത്രങ്ങള്‍ക്കൊപ്പം അശ്വതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വൈകാരികമായ വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
കമലമ്മൂന് അഞ്ചു വയസ്സായി! ഇപ്പോഴും എന്നെ കാണുമ്പോള്‍ പലരും ചോദിക്കും കുഞ്ഞാവ എന്തെടുക്കുന്നു എന്ന്. കുഞ്ഞാവ വലുതായി സ്‌കൂളില്‍ പോയി തുടങ്ങിയല്ലോ എന്ന് പറയുമ്പോള്‍ 'ഇത്ര പെട്ടെന്നോ' എന്ന് അവരൊക്കെ അമ്പരക്കും. ഇന്നലെ പെറ്റിട്ട കുഞ്ഞ്, ഇന്ന് രാവിലെ സ്‌കൂള്‍ ബസില്‍ കയറി പോയത് കണ്ട എന്റെ അമ്പരപ്പ് എത്രയാണെന്നോ... ഞങ്ങളുടെ വായാടിക്ക് പിറന്നാള്‍ ആശംസകള്‍.
ഒരു കുഞ്ഞുമനസ്സിന് ഞങ്ങളുടെയൊക്കെ ജീവിതത്തില്‍ ഇത്രത്തോളം സ്വാധീനം ചെലുത്താനാകും എന്ന് മനസ്സിലാക്കിത്തന്നതിന് നന്ദി,' എന്നാണ് അശ്വതി കുറിച്ചത്. പോസ്റ്റിന് താഴെ നിരവധി ആരാധകരും സഹപ്രവര്‍ത്തകരുമാണ് കമലക്കുട്ടിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിക്കുന്നത്.
അവതാരകയായി എത്തി പ്രേക്ഷകശ്രദ്ധ നേടിയ അശ്വതി 'ചക്കപ്പഴം' എന്ന സൂപ്പര്‍ഹിറ്റ് പരമ്പരയിലൂടെയാണ് അഭിനയരംഗത്തേക്ക് ചുവടുവെക്കുന്നത്. ആദ്യ സീരിയലിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരവും താരം സ്വന്തമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്റെ അഭിപ്രായങ്ങളും കുടുംബവിശേഷങ്ങളും നിരന്തരം പങ്കുവെക്കുന്ന അശ്വതിക്ക് വലിയൊരു ആരാധകവൃന്ദമുണ്ട്.
മക്കളായ പത്മയുടെയും കമലയുടെയും സ സന്തോഷനിമിഷങ്ങള്‍ പങ്കുവെക്കാറുണ്ടെങ്കിലും, കുട്ടികളുടെ വ്യക്തിപരമായ അല്ലെങ്കില്‍ വിഷമകരമായ (vulnerable) നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രദര്‍ശിപ്പിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് ഒരു പേരന്റിങ് കോച്ച് കൂടിയായ അശ്വതി വ്യക്തമാക്കിയിട്ടുണ്ട്. മൂത്ത മകള്‍ പത്മയുടെ വളര്‍ച്ചാഘട്ടങ്ങളില്‍ നിന്നാണ് താന്‍ ഇത്തരം ഒരു തിരിച്ചറിവിലേക്ക് എത്തിയതെന്നും താരം മുന്‍പ് തുറന്നു പറഞ്ഞിട്ടുണ്ട്.