ചുരുങ്ങിയ കാലം കൊണ്ട് ആരാധകര്‍ ഹൃദയത്തിലേറ്റിയ നടന്‍. അതാണ് ചെമ്പനീര്‍പ്പൂവിലെ സച്ചി. ഇതിനോടകം നിരവധി ഫാന്‍സ് ഗ്രൂപ്പുകളാണ് നടന്റെ പേരില്‍ ആരംഭിച്ചിരിക്കുന്നത്. ചെമ്പനീര്‍പ്പൂവില്‍ നിന്നും നായിക ഗോമതി പ്രിയ പിന്മാറിയപ്പോഴാണ് ഫാന്‍സ് ഗ്രൂപ്പുകളുടെ ശക്തി താരങ്ങളടക്കം തിരിച്ചറിഞ്ഞതും. എന്നാലിപ്പോഴിതാ, പരമ്പരയുടെ ആരാധകരെ ഞെട്ടിക്കുന്ന ഒരു ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. റെസ്റ്റ് ലെസ്.. ഹോസ്പിറ്റല്‍ എന്ന ക്യാപ്ഷനോടെ അരുണ്‍ പങ്കുവച്ച ചിത്രമാണ് പ്രേക്ഷകരെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. വിശ്രമമില്ലാത്ത ജോലിയും യാത്രയും നടന്റെ ആരോഗ്യം വഷളാക്കിയതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു നടനെ. പനിയും ജലദോഷവും അടക്കമുള്ള പ്രശ്നങ്ങളും ശ്വാസമുട്ടലും അനുഭവപ്പെട്ടതോടെ നെബുലൈസേഷന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു ഡോക്ടര്‍.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്റെ ചിത്രം നടന്‍ പങ്കുവച്ചതിനു പിന്നാലെ നൂറുകണക്കിന് ആരാധകരാണ് അന്വേഷണങ്ങളുമായി തുടരെ തുടരെ മെസേജുകള്‍ അയച്ചത്. തുടര്‍ന്ന് നടന്‍ ആരാധകര്‍ക്ക് നന്ദി പറഞ്ഞ് കുറിച്ചത് ഇങ്ങനെയാണ്: ഇന്നലെ ഒന്നു വയ്യാതായെന്ന് അറിഞ്ഞപ്പോ തൊട്ട് എനിക്കു വന്ന മെസേജുകള്‍ ഫ്രം മൈ സച്ചി ഫാന്‍സ്, നിങ്ങളോട് എനിക്ക് ഇതേയുള്ളൂ പറയാന്‍.. ലവ് യൂ ഓള്‍ എന്നു കുറിച്ച് കൈകൂപ്പുകയായിരുന്നു നടന്‍.
സാന്ത്വനത്തിലെ ശിവനു ശേഷം മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത മറ്റൊരു തീപ്പൊരി നായകനാണ് ഇപ്പോള്‍ ചെമ്പനീര്‍പ്പൂവിലെ സച്ചി. കോഴിക്കോട് ബാലുശ്ശേരിക്കാരനാണ് അരുണ്‍ ഒളിമ്പ്യന്‍. ഏറെക്കാലത്തെ കഷ്ടപ്പാടുകള്‍ക്കും അധ്വാനത്തിനും ഒടുവില്‍ ലഭിച്ച സച്ചിയെന്ന വേഷം അഭിനയിച്ചു തകര്‍ക്കുന്ന ചെറുപ്പക്കാരനാണ് അരുണ്‍ ഒളിമ്പ്യന്‍. എല്ലാ ചെറുപ്പക്കാരെയും പോലെ ജീവിക്കാന്‍ വേണ്ടി അരുണും നിരവധി ജോലികള്‍ ചെയ്തിട്ടുണ്ട്. അതിനെല്ലാം ഒടുവിലാണ് ചെമ്പനീര്‍പ്പൂവിന്റെ നിര്‍മ്മാതാവും നടനുമായ ഡോ. ഷാജുവില്‍ നിന്നും ഫോണ്‍ കോള്‍ എത്തുന്നതും സച്ചിയായി അരുണ്‍ ഒളിമ്പ്യന്‍ എത്തുന്നതും.
നേരത്തെ പറഞ്ഞതു പോലെ കോഴിക്കോട് ബാലുശ്ശേരിയിലാണ് അരുണ്‍ ജനിച്ചതും വളര്‍ന്നതും എല്ലാം. അച്ഛന്‍, അമ്മ, ചേട്ടന്‍ എന്നിവര്‍ അടങ്ങുന്ന കൊച്ചു കുടുംബമാണ് നടന്റേത്. വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ആര്‍ക്കിടെക്ടായി ജോലി ചെയ്യുകയാണ് അരുണ്‍. അതിനിടയിലാണ് ബാലുശ്ശേരിയില്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് ഒളിമ്പ്യന്‍ എന്ന ജിം തുടങ്ങിയത്. മികച്ച രീതിയില്‍ മുന്നോട്ടു പോകുന്ന ജിമ്മിന്റെ പേരാണ് അരുണ്‍ തന്റെ പേരിനൊപ്പം കൂട്ടിച്ചേര്‍ത്തത്. അതോടെ സമയം മാറിയെന്നു തന്നെ വേണമെങ്കില്‍ പറയാം. ഫോട്ടോഷൂട്ടിലൂടെയും മോഡലിംഗിലൂടെയുമായിരുന്നു അരുണിന്റെ കരിയറിന് തുടക്കം കുറിച്ചത്.
അതെല്ലാം കണ്ടാണ് സിനിമയിലേക്ക് എത്തിയത്. സിബിഐ ഫൈവ്, 2018, വെള്ളരിപട്ടണം തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ടൊവീനോ തോമസ് ചിത്രത്തില്‍ ടൊവീനോയുടെ ഡ്യൂപ്പായും അരുണ്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സിനിമയില്‍ അഭിനയിച്ചതിന്റെ പേരില്‍ സീരിയലില്‍ ലഭിച്ച അവസരങ്ങളൊന്നും തന്നെ അരുണ്‍ വിട്ടുകളഞ്ഞില്ല. സൂര്യാ ടിവിയിലെ സ്വന്തം സുജാതയെന്ന പരമ്പരയില്‍ ഒരു പോലീസ് വേഷവും ചെയ്തിട്ടുണ്ട്. തന്നെ തേടിവരുന്ന കഥാപാത്രങ്ങള്‍ എത്ര ചെറുതായാലും തന്നെക്കൊണ്ട് പറ്റും പോലെ അതീവ ഭംഗിയായി അവതരിപ്പിക്കുക എന്നതായിരുന്നു അരുണിന്റെ രീതി.