Latest News

'മന്ത്രിയുടെ കൂടെ വേദിയില്‍ ഇരിക്കാനുള്ള യോഗ്യത' ഇല്ല; സ്വന്തം നാട്ടില്‍ പോലും പരിഗണിക്കപ്പെടാനുളള ഭാഗ്യം നിഷേധിച്ച ആ നല്ല മനസുകള്‍ ആരൊക്കെയാണെന്ന് അറിയാന്‍ സാധിച്ചു; വിവരമറിഞ്ഞ് മന്ത്രി നേരിട്ട് വിളിച്ചു ചേര്‍ത്ത് നിര്‍ത്തി; സീരിയല്‍ നടി അമൃതാ നായര്‍ സ്വന്തം നാട്ടില്‍ നേരിട്ട ദുരനുഭവം പങ്ക് വച്ചത് ചര്‍ച്ചയാകുമ്പോള്‍

Malayalilife
'മന്ത്രിയുടെ കൂടെ വേദിയില്‍ ഇരിക്കാനുള്ള യോഗ്യത' ഇല്ല; സ്വന്തം നാട്ടില്‍ പോലും പരിഗണിക്കപ്പെടാനുളള ഭാഗ്യം നിഷേധിച്ച ആ നല്ല മനസുകള്‍ ആരൊക്കെയാണെന്ന് അറിയാന്‍ സാധിച്ചു; വിവരമറിഞ്ഞ് മന്ത്രി നേരിട്ട് വിളിച്ചു ചേര്‍ത്ത് നിര്‍ത്തി; സീരിയല്‍ നടി അമൃതാ നായര്‍ സ്വന്തം നാട്ടില്‍ നേരിട്ട ദുരനുഭവം പങ്ക് വച്ചത് ചര്‍ച്ചയാകുമ്പോള്‍

സ്വന്തം നാട്ടില്‍ ഒരു പരിപാടിയുമായി ബന്ധപ്പെട്ട് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവച്ച് സീരിയല്‍ താരവും ഇന്‍ഫ്‌ലുവന്‍സറുമായ അമൃത നായര്‍..പഠിച്ച സ്‌കൂളിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ ആദ്യം അതിഥിയായി ക്ഷണിച്ചെന്നും പിന്നീട് പരിപാടിയുടെ തലേദിവസം മന്ത്രിക്കൊപ്പം ഇരിക്കാന്‍ യോഗ്യതയില്ലെന്ന് പറഞ്ഞ് ഒഴിവാക്കുകയും ചെയ്തെന്നാണ് താരം വെളിപ്പെടുത്തിയത്.  സ്‌കൂള്‍ അധികൃതരില്‍ നിന്ന് നേരിടേണ്ടി വന്ന അപമാനം വേദനിപ്പിച്ചെന്നും അമൃത സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റില്‍ കുറിച്ചു. ആദ്യം പരിഗണന നല്‍കേണ്ട സ്വന്തം നാട്ടില്‍ നിന്ന് തന്നെ അവഗണന നേരിട്ടതില്‍ നിരാശയുണ്ടായിരുന്നെന്നും വിവരമറിഞ്ഞ് മന്ത്രി തന്നെ നേരിട്ട് വിളിച്ചു ചേര്‍ത്ത് നിര്‍ത്തിയതില്‍ സന്തോഷമുണ്ടെന്നും അമൃത പറഞ്ഞു.

അമൃത സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ച കുറിപ്പ്

ബഹുമതി, പരിഗണന അതുമല്ലെങ്കില്‍ നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ വില നല്‍കുക. എപ്പോഴാണ് ഒരു വ്യക്തിക്ക് ഇതൊക്കെ ഉണ്ടാവുന്നത്. അവന്‍ അല്ലെങ്കില്‍ അവള്‍ അവരുടെ കര്‍മ്മ പാതയില്‍ വിജയിക്കുമ്പോള്‍ എന്നാണ് എന്റെ വിശ്വാസം. ഞാന്‍ എന്ന വ്യക്തി ഒത്തിരി ഉയരങ്ങളില്‍ ഒന്നും എത്തിയിട്ടില്ല എന്നിരുന്നാലും, ഞാന്‍ ജോലി ചെയ്യുന്ന മേഖലയിലൂടെ കുറച്ച് പേര്‍ക്കെങ്കിലും എന്നെ അറിയാമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു അഭിനേത്രി എന്ന നിലയിലും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ എന്ന നിലയിലും എന്നെ ഇഷ്ടപ്പെടുന്നവര്‍ ആ നിലയില്‍ എന്നെ അവരുടെ കൂടെ ചേര്‍ത്ത് നിര്‍ത്തുന്നുണ്ട്. പക്ഷേ, ആ ഒരു സ്‌നേഹവും പരിഗണനയും പോലും എന്റെ ജന്മനാട്ടില്‍ നിന്നും എനിക്ക് കിട്ടിയില്ല എന്ന് ഓര്‍ക്കുമ്പോഴാണ് എനിക്കേറെ വിഷമം.

ഞാന്‍ പഠിച്ച എന്റെ സ്വന്തം സ്‌കൂളിന്റെ ശതാബ്ദി ആഘോഷത്തില്‍ എന്നെ അതിഥിയായി വിളിച്ചപ്പോ ശരിക്കും എനിക്ക് സന്തോഷവും അഭിമാനവും ആണ് ഉണ്ടായത്. ആ ചടങ്ങില്‍ പങ്കെടുക്കാനായി ഞാനെന്റെ എല്ലാ ആവശ്യങ്ങളും മാറ്റിവച്ചു, എന്തിനേറെ എനിക്ക് വരുമാനം കിട്ടുന്ന എന്റെ ഷൂട്ട് വരെ ഒഴിവാക്കി പോകാന്‍ കാത്തിരുന്നപ്പോഴാണ്, നിസാരമായി തലേന്ന് രാത്രി എന്നെ ആ പരിപാടിയില്‍ നിന്നും മാറ്റിയ വിവരം അവിടത്തെ ഒരു സംഘാടകന്‍ എന്നെ വിളിച്ച് പറയുന്നത്. അതിന് അവര്‍ പറഞ്ഞ കാരണമാണ് എന്നെ ഏറെ വിഷമിപ്പിച്ചത് ''മന്ത്രിയുടെ കൂടെ വേദിയില്‍ ഇരിക്കാനുള്ള യോഗ്യത'' എനിക്കില്ലെന്നായിരുന്നു ആ കാരണം. സ്വന്തം നാട്ടില്‍ പോലും പരിഗണിക്കപ്പെടാനുളള ഭാഗ്യം എനിക്ക് നിഷേധിച്ച ആ നല്ല മനസുകള്‍ ആരൊക്കെയാണെന്നും അറിയാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷം.


ഒരു ജനപ്രതിനിധിയുടെ കൂടെ വേദിയില്‍, അതെ നാട്ടില്‍ നിന്നും വളര്‍ന്ന് വരുന്ന ഒരു കലാകാരി ഇരുന്നാല്‍ എന്താണ് കുറച്ചിലെന്ന് എനിക്ക് മനസ്സിലാവുന്നില്ല. എല്ലാ വിഷമങ്ങളും നെഞ്ചില്‍ ഒതുക്കി മുന്നോട്ട് പോകുന്നത് തന്നെയാണ് എന്റെ ശീലം. എന്നാലും ഈ സംഭവം എല്ലാവരുമായും പങ്കുവയ്ക്കണമെന്ന് തോന്നി. കാരണം, പുകഴ്ത്താന്‍ കഴിഞ്ഞില്ലെങ്കിലും നാം ആരെയും ഇകഴ്ത്താന്‍ ശ്രമിക്കരുത്. പ്രത്യേകിച്ച് കുട്ടികള്‍ക്ക് നന്മയും നേരും നല്ല ശീലങ്ങളും പകര്‍ന്നു കൊടുക്കുന്ന എന്റെ വിദ്യാലയം ഈ ശതാബ്ദി നിറവില്‍ നില്‍ക്കുമ്പോള്‍. കണ്ണീരോടെ, ഒഴിവാക്കപ്പെട്ട ഈ എളിയ കലാകാരിയുടെ ആശംസകള്‍'-അമൃത കുറിച്ചു.

ഇതോടെ താരത്തിന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി. നിരവധിയാളുകള്‍ താരത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. മന്ത്രിയോടൊപ്പം വേദി പങ്കിടാന്‍ യോഗ്യതയില്ലെന്ന് പറഞ്ഞ് മാറ്റിനിര്‍ത്തിയവര്‍ക്ക് മുന്‍പില്‍ തന്നെ ചേര്‍ത്ത് നിര്‍ത്തിയ ഗതാഗത വകുപ്പ് മന്ത്രി ഗണേശ് കുമാറിനോടൊപ്പമുള്ള ചിത്രവും അമൃത പങ്കുവച്ചിട്ടുണ്ട്. വേദിയില്‍ ഒപ്പം ഇരിക്കാന്‍ യോഗ്യത ഇല്ലെന്ന് പറഞ്ഞവരുടെ മുന്‍പില്‍ എന്നെ ഇങ്ങനെ ചേര്‍ത്ത് നിര്‍ത്തിയ ബഹുമാനപ്പെട്ട മന്ത്രി ഗണേശ് സാറിനോട് ഓരായിരം നന്ദിയെന്നും അമൃത കുറിച്ചു.

 

 

Read more topics: # അമൃത നായര്‍
actress amrutha nair post

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES