Latest News

ഒമ്പതാം വയസില്‍ ഗായികയായി അരങ്ങേറ്റം; 19-ാം വയസില്‍ സ്റ്റാര്‍ വിജയിയിലെ സൂപ്പര്‍ സിംഗര്‍ 7 റിയാലിറ്റി ഷോയില്‍ മത്സരിച്ച് തുടക്കം; കുക്ക് വിത്ത് കോമഡി ഷോയിലോടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി; സംഗീതത്തിലും അഭിനയത്തിലും സോഷ്യല്‍മീഡിയയിലും ഒരേ പോലം തിളങ്ങുന്ന ശിവാംഗി കൃഷ്ണകുമാറിനെ അറിയാം

Malayalilife
 ഒമ്പതാം വയസില്‍ ഗായികയായി അരങ്ങേറ്റം; 19-ാം വയസില്‍ സ്റ്റാര്‍ വിജയിയിലെ സൂപ്പര്‍ സിംഗര്‍ 7 റിയാലിറ്റി ഷോയില്‍ മത്സരിച്ച് തുടക്കം; കുക്ക് വിത്ത് കോമഡി ഷോയിലോടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി; സംഗീതത്തിലും അഭിനയത്തിലും സോഷ്യല്‍മീഡിയയിലും ഒരേ പോലം തിളങ്ങുന്ന ശിവാംഗി കൃഷ്ണകുമാറിനെ അറിയാം

താരപുത്രിമാര്‍ നിരവധി പേരുണ്ട്. അച്ഛന്റെയും അമ്മയുടേയും താരപ്രൗഡിയുടെ ചുവടു പിടിച്ച് സിനിമയിലും സംഗീത രംഗത്തും എത്തി നിറഞ്ഞു നില്‍ക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി സ്വന്തമായി വഴിവെട്ടി വന്നവള്‍ എന്ന പേരു സമ്പാദിച്ച പെണ്‍കുട്ടിയാണ് ശിവാംഗി കൃഷ്ണകുമാര്‍ എന്ന 24കാരി. ഗായകനും ഗായികയുമായ കൃഷ്ണകുമാറിന്റെയും ബിന്നി കൃഷ്ണകുമാറിന്റെയും മകളായിട്ടും അച്ഛനമ്മമാരുടെ പിന്തുണയില്‍ സംഗീത രംഗത്ത് ശോഭിക്കാനുള്ള അവസരം ഉണ്ടായിട്ടും അതെല്ലാം വേണ്ടെന്നു വച്ച് വളര്‍ന്നു വന്ന നടിയും ഗായികയും ഒക്കെയായ ശിവാംഗി എന്ന മിടുമിടുക്കിയുടെ കഥയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

പ്രശസ്ത സംഗീത താരദമ്പതികളുടെ മകളായിട്ടാണ് 2000ത്തില്‍ ശിവാംഗി ജനിക്കുന്നത്. തിരുവനന്തപുരത്തായിരുന്നു ശിവാംഗിയുടെ ജനനം. പൂര്‍ണ ഗര്‍ഭകാല വളര്‍ച്ചയെത്താതെ ഏഴരമാസത്തിലായിരുന്നു ശിവാംഗിയെ ബിന്നിയ്ക്കും കൃഷ്ണകുമാറിനും തങ്ങളുടെ കയ്യിലേക്ക് ലഭിച്ചത്. അന്ന് ഒരു പുഴു പോലെ കയ്യില്‍ കിടന്ന് വളര്‍ന്ന മകളും ആ പ്രായത്തില്‍ ഒരിക്കല്‍ തന്റെ മുഖത്തേക്ക് തുപ്പിയ മകളെ കുറിച്ചുമെല്ലാം ബിന്നി തുറന്നു പറഞ്ഞിരുന്നു. തിരുവനന്തപുരത്തായിരുന്നു ശിവാംഗി ജനിച്ചതെങ്കിലും വളര്‍ന്നതെല്ലാം ചെന്നൈയിലായിരുന്നു. സിനിമയില്‍ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി മകളുടെ ജനനശേഷം മദ്രാസിലേക്ക് പോവുകയായിരുന്നു ബിന്നിയും ഭര്‍ത്താവുമെല്ലാം. തുടര്‍ന്ന് മകള്‍ക്ക് മൂന്നു വയസായപ്പോഴാണ് ബിന്നിയെ തേടി സിനിമാവസരങ്ങളും എത്തിയത്.

ചെന്നൈയിലെ വിരുഗമ്പാക്കത്തെ ചിന്മയാ വിദ്യാലയത്തിലായിരുന്നു ശിവാംഗി പഠിച്ചതും വളര്‍ന്നതും എല്ലാം. എംഒപി വുമണ്‍സ് കോളേജില്‍ നിന്നും ബികോമും നേടി. അമ്മ സിനിമകളില്‍ നിറഞ്ഞിരുന്ന കാലത്ത് മകളെ സംഗീതം പഠിപ്പിക്കുവാനും അച്ഛനും അമ്മയും ശ്രമിച്ചിരുന്നു. എന്നാല്‍ ശാസ്ത്രീയ സംഗീതത്തിലെ മികച്ച പ്രതിഭകളായിരുന്ന മാതാപിതാക്കളുടെ ശിഷ്യത്വം സ്വീകരിക്കുവാന്‍ മകള്‍ ഒരുക്കമായിരുന്നില്ല. ഇങ്ങോട്ടു വാ പഠിപ്പിക്കട്ടെ എന്നു പറഞ്ഞാല്‍ തിരിഞ്ഞോടുന്ന പ്രകൃതക്കാരി. ഒരുപാട് ശിഷ്യഗണങ്ങള്‍ ഉണ്ടായിട്ടും വീട്ടിലെ കുട്ടിയെ പഠിപ്പിക്കാന്‍ ബിന്നിയ്ക്കും ഭര്‍ത്താവിനും തലകുത്തി നിന്ന് ശ്രമിച്ചിട്ടും സാധിച്ചില്ല. അങ്ങനെ അവര്‍ ആദ്യം തോല്‍വി സമ്മതിച്ചത് മകള്‍ക്കു മുമ്പിലാണ്.

എന്നാല്‍ ശിവാംഗി ഒരു മിടുമിടുക്കിയായിരുന്നു. വാക്കുകൊണ്ടും സംഗീതം കൊണ്ടും സംഭാഷണം കൊണ്ടും ആരെയും കയ്യിലെടുക്കാന്‍ അവള്‍ക്ക് കഴിഞ്ഞിരുന്നു. മുന്നിലെത്തുന്നവരെ തൊട്ടടുത്ത നിമിഷം അവള്‍ അത്ഭുതപ്പെടുത്തി കളയും. ഒരു കിറുക്കി പെണ്ണിനെ പോലെ സംസാരിച്ച് കുശുമ്പോ കടുപ്പമോ ഇല്ലാതെ കലകൊണ്ട് നിറഞ്ഞാടും. ഒമ്പതാം വയസില്‍ പസംഗ എന്ന തമിഴ് ചിത്രത്തില്‍ അന്‍ബാലേ അഴകാന വീട് എന്ന പാട്ടിലൂടെ ഗായികയായി അരങ്ങേറ്റം കുറിച്ചെങ്കിലും അച്ഛന്റേയും അമ്മയുടേയും പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് എത്താന്‍ ശിവാംഗി ആഗ്രഹമിച്ചിരുന്നില്ല. സ്വന്തമായി ഒരു പാത വെട്ടാന്‍ ആഗ്രഹിച്ച ഈ പെണ്‍കുട്ടി 19-ാം വയസില്‍ സ്റ്റാര്‍ വിജയിയില്‍ സംപ്രേക്ഷണം ചെയ്ത സൂപ്പര്‍ സിംഗര്‍ 7 റിയാലിറ്റി ഷോയിലാണ് ആദ്യമായി മത്സരിച്ചത്.

തൊട്ടടുത്ത വര്‍ഷം കുക്ക് വിത്ത് കോമഡി എന്ന കോമഡി പാചക ഷോയിലും പങ്കെടുത്തു. ഈ ഷോയിലൂടെ വളരെയധികം അംഗീകാരവും അഭിനന്ദനവുമാണ് ശിവാംഗിയെ തേടിയെത്തിയത്. മാത്രമല്ല, പിന്നാലെ അവാര്‍ഡുകളും തേടിയെത്തി. എന്റര്‍ടൈനിംഗ് സ്റ്റാറായും മിനിസ്‌ക്രീന്‍ താരമായും മാറുകയായിരുന്നു ശിവാംഗി. പിന്നാലെ ഡിയര്‍ യു ബ്രദര്‍ യു എന്ന കോമഡി വെബ്സീരിലും അഭിനയിച്ചു. ഇതു വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുകയും ചെയ്തു.

മാത്രമല്ല, ഡോണ്‍, നായ് ശേഖര്‍ റിട്ടേണ്‍സ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. പിന്നീടങ്ങോട്ട് തമിഴിലും മലയാളത്തിലുമായി കൈനിറയെ അവസരങ്ങളാണ് ശിവാംഗിയെ തേടിയെത്തിയത്. സംഗീതത്തിലും അഭിനയത്തിലും വാക്ചാതുരിയിലും ഒരുപോലെ തിളങ്ങുന്ന പ്രതിഭകള്‍ അപൂര്‍വ്വമായി മാത്രമെ ഉണ്ടാകൂ. പാരമ്പര്യത്തെ മുറുകെ പിടിച്ചു കൊണ്ടുള്ള ശൈലിയില്‍ സുഭദ്രമായി പാടുമ്പോഴും ആധുനികമായ സംഗീത ധാരകളും നാടോടി സംഗീത ധാരകളും കൂട്ടിച്ചേര്‍ത്ത് പിടിച്ച് ഒരുപോലെ പാടാന്‍ ശിവാംഗിയ്ക്കു കഴിയും.

അച്ഛനമ്മമാര്‍ സംഗീതജ്ഞരാകുന്ന കെയറോഫില്‍ സംഗീതജ്ഞരായ അനേകം സംഗീത പ്രതിഭകളെ നമുക്കറിയാം. എന്നാല്‍ അച്ഛനെയും അമ്മയെയും പാരമ്പര്യത്തെയും നിഷേധിച്ച് ഞാന്‍ നിങ്ങളുടെ അടുത്ത് പാട്ട് പഠിക്കില്ല എന്ന് തീരുമാനിച്ച് മാറി നടന്നുവെങ്കിലും ശിവാംഗിയുടെ ഉള്ളിലെ കനല്‍ ഒടുവില്‍ പുറത്തേക്ക് ഒഴുകുകയായിരുന്നു.

Sivaangi Krishnakumar LIFE

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES