മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് ഉപ്പും മുളകും. തുടക്കം മുതല്‍ക്കേ പ്രേക്ഷകരെ ബോറടിപ്പിക്കാത്ത തരത്തിലുള്ള അവതരണമാണ് ഈ പരിപാടിയുടെ പ്രധാന പ്രത്യേകത. സ്വഭാവികമായ അഭിനയവുമായാണ് താരങ്ങളെല്ലാം എത്തുന്നത്. ഉപ്പും മുളകിലെ കുട്ടിക്കൂട്ടങ്ങളില്‍ പ്രധാനികളിലൊരാളാണ് ശിവാനി. കേശുവിന്റെ പ്രിയപ്പെട്ട അനിയത്തിയായാണ് ശിവയെത്തിയത്. കുട്ടിക്കലവറ എന്ന പരിപാടിയിലെ പ്രകടനം കണ്ടായിരുന്നു അണിയറപ്രവര്‍ത്തകര്‍ ശിവാനിയെ ഉപ്പും മുളകിലേക്ക് കൊണ്ടുവന്നത്.
സ്വതസിദ്ധമായ അഭിനയത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത ശിവാനി സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡും സ്വന്തമാക്കിയിരുന്നു. ശിവാ എന്നാണ് ഈ മിടുക്കിയെ സ്നേഹത്തോടെ ആരാധകര്‍ വിളിക്കുന്നത്. വളരെ ചെറുതായിരുന്നപ്പോള്‍ പരമ്പരയിലേക്ക് എത്തിയ ശിവാനി ഇപ്പോള്‍ പത്താം ക്ലാസ് വിജയകരമായി പൂര്‍ത്തിയാക്കി കഴിഞ്ഞു. നല്ല റിസള്‍ട്ടോടെ പഠനം പൂര്‍ത്തിയാക്കിയ ശിവാനി ഹയര്‍സെക്കണ്ടറി പഠനത്തിനായുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍. എങ്കിലും അഭിനയവും ഡാന്‍സും ഒന്നും ഉപേക്ഷിക്കാന്‍ തയ്യാറല്ല. കാരണം, ശിവാനിയ്ക്ക് പിന്തുണയും സഹായവുമായി അമ്മ കൂടെയുള്ളപ്പോള്‍ ഈ മകള്‍ക്ക് എല്ലാം കൂടി എങ്ങനെ ഒരുമിച്ച് കൊണ്ടു പോകും എന്നാലോചിച്ച് തല വേദനിപ്പിക്കേണ്ട ആവശ്യമില്ല.
തൃശൂരുകാരിയാണ് ശിവാനി. അച്ഛന്‍ ആനന്ദ് ബിസിനസുകാരനാണ്. അമ്മ മീനയാണ് ശിവാനിയുടെ യഥാര്‍ത്ഥ ജീവിതത്തിലെ ആദ്യത്തെ സൂപ്പര്‍ ഹീറോ. എത്തിയോപ്യന്‍ എയര്‍ലൈന്‍സില്‍ ചീഫ് അക്കൗണ്ടന്റായിട്ടായിരുന്നു അമ്മയ്ക്ക് ജോലി. ശിവാനി ഉപ്പും മുളകിലേക്ക് എത്തുമ്പോഴെല്ലാം മീന ജോലി ചെയ്യുന്നുണ്ട്. എന്നാല്‍ ഷൂട്ട് തുടങ്ങി ഒന്നൊന്നര വര്‍ഷം പിന്നിട്ടപ്പോഴേക്കും ശിവാനി പ്രശസ്തിയിലേക്ക് ഉയര്‍ന്നു. ഷൂട്ടിങ് തിരക്കുകളില്‍ പെട്ട് ഒരുപാട് സ്ഥലങ്ങളില്‍ പോകേണ്ടതായി വന്നു. അതിന് അമ്മ ഒപ്പമില്ലാതെ പറ്റില്ലെന്നായി. അപ്പോഴാണ് അമ്മ ജോലി രാജിവയ്ക്കാം എന്ന തീരുമാനം സ്വമേധയാ അറിയിച്ചത്. അന്ന് മുതല്‍ ഇന്ന് വരെ ശിവാനിയുടെ കൂടെ നിന്ന എന്തിനും ഏതിനും പിന്തുണ നല്‍കുന്ന ഏറ്റവും വലിയ സൂപ്പര്‍ വുമണ്‍ ആണ് ഈ അമ്മ.
പത്താം ക്ലാസ് റിസള്‍ട്ട് പുറത്തു വന്നപ്പോള്‍ എല്ലാവരും ചോദിച്ചത് എങ്ങനെയാണ് ഈ മാര്‍ക്ക് നേടിയതെന്നാണ്. പഠനവും ഷൂട്ടിങ് തിരക്കുകളും എല്ലാം കൂടി എങ്ങനെ മുന്നോട്ടു കൊണ്ടു പോയി എന്നാണ് എല്ലാവര്‍ക്കും ചോദിക്കാനുണ്ടായിരുന്നത്. അതിനുള്ള ഉത്തരം ശിവാനി ചൂണ്ടിക്കാണിക്കുന്നത് അമ്മയെ ആണ്. ഏറെ അഭിമാനത്തോടെ ഈ മകള്‍ പറയും തന്റെ നേട്ടങ്ങള്‍ക്കു പിന്നില്‍ അമ്മയാണെന്ന്. അമ്മ ജോലി ഉപേക്ഷിച്ചതില്‍ ഏറ്റവും സങ്കടം ശിവാനിയ്ക്കായിരുന്നു. അമ്മയുടെ സ്വപ്നങ്ങള്‍ മകള്‍ക്കു വേണ്ടി കളയരുത് എന്ന് പറഞ്ഞ ശിവാനിയോട് അമ്മ പറഞ്ഞത് അമ്മയുടെ ഏറ്റവും വലിയ ഡ്രീം ഈ മകളാണെന്നാണ്. എന്നിലൂടെ വേണം അമ്മയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ എന്നാണ്. അമ്മയുടെ ആ വാക്കുകള്‍ ശിവാനിയെ കൂടുതല്‍ കരുത്തയാക്കിയെന്ന് പറയാം.
മാത്രമല്ല, അമ്മയുടെ കഴിവാണ് ശിവാനിയ്ക്ക് കിട്ടിയത്. നൃത്തത്തിലും പാട്ടിലും എല്ലാം കഴിവ് തെളിയിച്ചിട്ടുള്ള മീന കലാതിലകം കൂടിയായിരുന്നു. ശിവാനിയുടെ നൃത്തവും അഭിനയവും പഠനവും എല്ലാം ഒരുമിച്ച് കൊണ്ടുപോകാന്‍ ഈ അമ്മ വളരെയധികം കഷ്ടപ്പെടുന്നുണ്ട്. എങ്കിലും മകളുടെ സ്വപ്നങ്ങള്‍ക്ക് കരുത്ത് പകരാനാണ് മീനയ്ക്ക് ഇഷ്ടം. ശിവാനിയുടെ ജീവിതത്തില്‍ ഉണ്ടായിട്ടുള്ളതും ഇങ്ങനെയൊരു സ്ഥാനത്ത് എത്തുവാന്‍ സാധിച്ചിട്ടുമുണ്ടെങ്കില്‍ അതിന്റെ പിന്നില്‍ തന്റെ അമ്മയും അച്ഛനും മാത്രമാണെന്ന് ശിവാനി പറയുന്നു. അതില്‍ ഒരുപാട് നന്ദി ഈ മകള്‍ക്ക് അവരോട് പറയാനുണ്ട്.
പഠനമെല്ലാം പൂര്‍ത്തിയാക്കി പീഡിയാട്രീഷ്യന്‍ ആവാനാണ് ശിവാനി ആഗ്രഹിക്കുന്നത്. അതു മുന്നില്‍ കണ്ട് ഇപ്പോഴേ തന്നെ ശ്രമങ്ങളും ആരംഭിച്ചു. അതു മാത്രമല്ല, തൃശൂരില്‍ അച്ഛന്റെയും അമ്മയുടെയും വീട്ടില്‍ മാറിമാറിത്താമസിക്കുന്ന ശിവാനിയ്ക്ക് കൊച്ചിയില്‍ സ്വന്തമായി ഒരു വീട് വാങ്ങണമെന്ന ആഗ്രഹവും ഉണ്ട്.