ബിഗ്ബോസ് സീസണ്‍ ടൂവില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ താരമാണ് ദയ അശ്വതി. അപ്രതീക്ഷിതമായാണ് ദയ ഹൗസിലേക്ക് എത്തിയത്. സോഷ്യല്‍മീഡിയയിലൂടെ അഭിപ്രായങ്ങള്‍ പറഞ്ഞാണ് ദയ ശ്രദ്ധനേടിയിരുന്നത്. സാമ്പത്തികമായി താഴ്ന്ന നിലയില്‍ നിന്നും ജീവിതത്തില്‍ ഏറെ അനുഭവിച്ചു പഠിച്ചും ബ്യൂട്ടീഷ്യനായി മാറിയ ദയ സിനിമകളില്‍ സഹനടിയായും എത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ തന്റെ ചിത്രങ്ങള്‍ക്ക് താഴെ ഫേസ്ബുക്കില്‍ വിമര്‍ശനവുമായി എത്തിയവര്‍ക്ക് കടുത്ത ഭാഷയില്‍ മറുപടിയുമായി ദയ അശ്വതി. ദയ അശ്വതി രണ്ടാമത് അടുത്തിടെയായിരുന്നു വിവാഹിതയായത്.
തന്റെ ചിത്രങ്ങള്‍ക്കു താഴെ ചില മോശം കമന്റുകള്‍ കാണാനിടയായി. അതെല്ലാം അല്‍പം വിഷമമുണ്ടാക്കുന്നതായിരുന്നു. എന്താണ് അതിന്റെ അര്‍ഥമെന്നു മനസിലാകുന്നില്ല. എന്റെ മനസിനെ വേദനിപ്പിക്കാന്‍ ആരും ശ്രമിക്കേണ്ട. അവരോടു എനിക്കു പറയാനുള്ളത് ഇതുകൊണ്ടൊന്നും എന്നു തളര്‍ത്താനാകില്ലെന്നാണ്. നിങ്ങളാരെങ്കിലും എനിക്കു ചിലവിനു തരുന്നുണ്ടോ. ? ഞാനൊന്നു വീണു കിടന്നാല്‍ ചിരിക്കാന്‍ മാത്രമേ നിങ്ങളൊക്കെ കാണൂ. എനിക്കു പത്തു പൈസയുടെ സഹായം നിങ്ങളാരെങ്കിലും തരുന്നുണ്ടോ ? എത്രയോ അവിഹിത ബന്ധങ്ങളുടെ വാര്‍ത്തകള്‍ പത്രങ്ങളില്‍ വായിക്കുന്നുണ്ട്. ഭാര്യയെ ചതിക്കുന്ന ഭര്‍ത്താവും, ഭാര്യയെ വഞ്ചിക്കുന്ന ഭര്‍ത്താവും അങ്ങനെ.. എത്ര വാര്‍ത്തകള്‍. അത്തരം വാര്‍ത്തകളോടു പ്രതികരിക്ക്. അല്ലാതെ എന്നെപ്പോലെ ഒറ്റയ്ക്കു ജീവിക്കുന്ന ഒരു സ്ത്രീയെ അല്ല ആക്രമിക്കേണ്ടത്.
പതിനാറാം വയസില്‍ വിവാഹം കഴിച്ചു. 22ാം വയസില്‍ ഭര്‍ത്താവ് ഉപേക്ഷിച്ചു. ഇപ്പോള്‍ 37 വയസായി. രണ്ടു മക്കള്‍ എന്റെയടുത്തേക്കു തിരിച്ചു വരണമെന്നാഗ്രഹിക്കുന്നുണ്ട്. ഇതുവരേയും ഞാന്‍ രണ്ടാം വിവാഹം കഴിച്ചിട്ടില്ലെന്നു പറഞ്ഞിട്ടുണ്ട്. അതിനര്‍ഥം ഒരിക്കലും വിവാഹം കഴിക്കില്ലെന്നല്ല. എല്ലാവരും തീരുമാനങ്ങള്‍ മാറ്റാറുണ്ട്.
എപ്പോള്‍ കല്യാണം കഴിക്കണമെന്നും ആരുടെ കൂടെ ജീവിക്കണമെന്നും തീരുമാനിക്കുന്നത് ഞാനാണ്. നിങ്ങളല്ല. അതിനുള്ള സ്വാതന്ത്ര്യം ഭരണഘടന എനിക്കു അനുവദിച്ചു തരുന്നുണ്ട്. എന്റെ ജീവിതം ഞാന്‍ തീരുമാനിക്കും. എന്റെ കഷ്ടപ്പാടുകള്‍ പറഞ്ഞ് ആരുടേയും മുന്നില്‍ കൈ നീട്ടി നിന്നിട്ടില്ല. മക്കളെക്കുറിച്ച് ആലോചിക്കാതെ സ്വന്തം സുഖം നോക്കി പോകരുതെന്നു ചിലര്‍ കമന്റിട്ടു. ഈ അഭിപ്രായം പറയുന്നവരാരെങ്കിലും എനിക്കു ചിലവിനു തരുന്നുണ്ടോ ? എവിടെയെങ്കിലും ഇരുന്നു ഒരു പെണ്ണിനെതിരെ കമന്റിടാന്‍ എളുപ്പമാണ്. നാണമില്ലേ നിങ്ങള്‍ക്ക്. 22 ാം വയസില്‍ ഒറ്റക്കായവളാണ്. 37 വയസ് വരെ തനിച്ച് ജീവിച്ചു. ഇക്കാര്യം ഞാന്‍ ഒരാളോടു പോലും പങ്കു വച്ചിട്ടില്ല. അടുത്ത സുഹൃത്തുക്കളോടു പോലും. സഹതാപം പിടിച്ചു പറ്റാന്‍ ശ്രമിച്ചിട്ടില്ല. ഒരു ജീവിതം തിരഞ്ഞെടുക്കണമെന്നു തോന്നി. അതു ചെയ്തു. അതിലെന്താണ് തെറ്റ് എന്നും താരം പറഞ്ഞു.