ഏഷ്യാനെറ്റിലെ ഏറെ ജനപ്രിയമായ പരിപാടിയാണ് കോമഡി സ്റ്റാര്‍സ്. 2012-ല്‍ ആരംഭിച്ച ഷോ ഇപ്പോള്‍ രണ്ടാമത്തെ സീസണ്‍ എത്തിയിരിക്കയാണ്. പ്രശസ്ത നടന്‍ ജഗദീഷ്, ഗായിക റിമിടോമി എന്നിവരാണ് ഷോയില്‍ ജഡ്ജിമാരായി എത്തുന്നത്. അവതാരക മീര അനിലാണ് ഷോയെ സജീവമാക്കുന്നത്. അതേസമയം ഇന്നലെ ഇവര്‍ മൂവരും കോമഡി സ്റ്റാര്‍സിന്റെ ലോക്കേഷനില്‍ വച്ച് ഫേസ്ബുക്ക് ലൈവിലെത്തി സങ്കടകരമായ ഒരു വാര്‍ത്ത പങ്കുവച്ചതാണ് വൈറലാകുന്നത്.
ഇന്നലെയാണ് ജഗദീഷും റിമിയും അവതാരക മീര അനിലും കോമഡി സ്റ്റാര്‍സിന്റെ ലോക്കേഷനില്‍ നിന്നും ലൈവിലെത്തിയത്. കേരള രാഷ്ട്രീയത്തിലെ പ്രമുഖ നേതാവായിരുന്ന കെഎം മാണി മരിച്ച വിവരം അറിഞ്ഞാണ് മൂവരും ലൈവിലെത്തിയത്. കെഎം മാണിയെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ചതിനൊപ്പം കോമഡി സ്റ്റാര്‍സിന്റെ വക ആദരാഞ്ജലികളും താരങ്ങള്‍ അര്‍പ്പിച്ചു. പാലാക്കാരി കൂടിയായ റിമി ടോമി നെഞ്ചുപൊടിയുന്ന വേദനയിലാണ് ലൈവിലെത്തിയത്.
വ്യക്തിപരമായി നല്ല അടുപ്പമുണ്ടെന്നും മാണിസാറിനെ രണ്ടുവട്ടം ഇന്റര്‍വ്യു ചെയ്തിട്ടുമുണ്ടെന്നായിരുന്നു ജഗദീഷിന്റെ വെളിപ്പെടുത്തല്‍. അതീവ സങ്കടത്തിലായിരുന്നു താരം. എല്ലാവരുടെയും ആദരവ് വാങ്ങിയ ഉന്നതനാണ് മാണി സാറെന്നും വേര്‍പാട് നമ്മളെ സംബന്ധിച്ച് നഷ്ടമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. മാണിസാറിന് സീരിയസാണെന്ന് ആണെന്നറിഞ്ഞപ്പോഴേ റിമി ടോമി സങ്കടത്തിലായിരുന്നെന്നും ജഗദീഷ് വെളിപ്പെടുത്തി. തനിക്കിത്രയേറെ സങ്കടം വരാന്‍ കാരണം താന്‍ ജനിച്ചപ്പോള്‍ മുതല്‍ കേള്‍ക്കുന്ന പേരാണ് മാണിയുടേതെന്നായിരുന്നു റിമി ടോമിയുടെ പ്രതികരണം.
പാലായില്‍ ജനിച്ച് വളര്‍ന്ന ആളെന്ന നിലയ്ക്ക് പാലാക്കാര്‍ മാണിസാറിനെ ഏറെ മിസ് ചെയ്യുമെന്നും മാണിസാറിന്റെ നാട്ടുകാരാണ് എന്നാണ് പാലാക്കാര്‍ അറിയിപ്പെടുന്നതെന്നും റിമി സങ്കടം ഉള്ളിലൊതുക്കി പറഞ്ഞു. മാണിസാറിന്റെ നിത്യശാന്തിക്കായി പ്രാര്‍ഥിക്കുന്നു എന്നും ഓര്‍മകള്‍ക്ക് മുമ്പില്‍ പ്രണാമം അര്‍പ്പിക്കുന്നതായും താരം കൂട്ടിച്ചേര്‍ത്തു. മലയാളി മനസില്‍ അത്രയും ഇംപാക്ട് ഉണ്ടാക്കിയ നേതാവ് ഉണ്ടോന്ന് സംശയമാണെന്നും ആ വലിയ മനുഷ്യന് മുന്നില്‍ പ്രണാമങ്ങള്‍ അര്‍പ്പിക്കുന്നുവെന്നുമായിരുന്നു മീരയുടെ പ്രതികരണം.