ബിഗ് ബോസ് മലയാളം സീസണ്‍ സെവന്‍ കാണുന്നവരുടെ ഏറ്റവും വലിയ എന്റര്‍ടെയ്ന്‍മെന്റ് ആണ് നെവിന്‍ കാപ്രേഷ്യസ് എന്ന 28കാരന്‍. സ്ത്രൈണത തുളുമ്പുന്ന നെവിന്റെ നടപ്പും പെരുമാറ്റവും സംസാരവും ഒക്കെയാണ് ആദ്യം മലയാളികള്‍ നെവിനെ ശ്രദ്ധിച്ചു തുടങ്ങാന്‍ കാരണമായത്. എന്നാല്‍ പിന്നാലെയാണ് നെവിന്റെയുള്ളിലെ ആരോടും പ്രകടിപ്പിക്കാത്ത സ്നേഹവും മനസിലെ നന്മയും എല്ലാം ആളുകള്‍ തിരിച്ചറിഞ്ഞു തുടങ്ങിയത്. എന്നാല്‍ മനസിനുള്ളിലെ സ്നേഹവും കരുതലും ആരോടും പ്രകടിപ്പിക്കാത്തതല്ല, പ്രകടിപ്പിക്കാന്‍ അറിയാത്തതാണ് എന്ന സത്യം പിന്നീടാണ് എല്ലാവരും മനസിലാക്കിയത്. നെവിനെ അങ്ങനെയാക്കിയത് അയാളുടെ ജീവിതം തന്നെയാണ്. കുട്ടിക്കാലം മുതല്‍ക്കേ അച്ഛന്റേയോ അമ്മയുടേയോ സ്നേഹമോ വാത്സല്യമോ കിട്ടാതെ വളര്‍ന്ന നെവിന് തന്റെ ജീവിതം നേരെയാക്കണമെന്ന ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ പരിശ്രമമാണ് ബിഗ്ബോസ് ഹൗസിലേക്കും നെവിനെ എത്തിച്ചത്.
കോഴിക്കോടുകാരനാണ് നെവിന്‍. ജനിച്ചത് ഒരു ദരിദ്ര കുടുംബത്തിലും. അച്ഛന്റെ മദ്യപാനം തന്നെയായിരുന്നു അതിനു കാരണം. ഒരു അനുജത്തിയും ഉണ്ടായിരുന്നു നെവിന് കൂടപ്പിറപ്പായി. ചെറുപ്പത്തിലെ ഒരു സ്ത്രൈണത നിറഞ്ഞ നടപ്പും പെരുമാറ്റവും സംസാരവും ഒക്കെയായിരുന്നു നെവിന്. അതുകൊണ്ടുതന്നെ കുട്ടിക്കാലം മുതല്‍ക്കെ കൂട്ടുകാരില്‍ നിന്നും നാട്ടുകാരില്‍ നിന്നും പലതരം അധിക്ഷേപങ്ങളും കളിയാക്കലുകളും നേരിട്ടിരുന്നു. എന്നാല്‍, ഒരിക്കല്‍ പോലും മകനെ ചേര്‍ത്തുപിടിക്കാനോ അവരില്‍ നിന്നും സംരക്ഷിക്കാനോ ശ്രമിക്കാതിരുന്ന അച്ഛന് മദ്യപിക്കണമെന്ന ഒരൊറ്റ ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ.
നെവിന് ആറു വയസുള്ളപ്പോഴാണ് നെവിനെ മറ്റൊരു കുടുംബത്തിലേക്ക് അച്ഛന്‍ കൊണ്ടുപോയി വിടുന്നത്. ഇതോടെ തീര്‍ത്തും ഒറ്റപ്പെട്ട ജീവിതമായി മാറുകയായിരുന്നു നെവിന്റേത്. ശരിക്കും ഒരു അനാഥനെ പോലെ. അതുകൊണ്ടു തന്നെ വലുതാകുന്തോറും അച്ഛനെ പോലെ ആകരുതെന്ന ലക്ഷ്യത്തോടെയായിരുന്നു നെവിന്‍ ജീവിച്ചത്.
അയാളുമായി യാതൊരു വിധ സ്നേഹമോ അടുപ്പമോ ഉണ്ടായിട്ടുമില്ല. രണ്ടു വര്ഷം മുമ്പാണ് അച്ഛന്‍ മരിച്ചത്. ഒരു തുള്ളി കണ്ണീര്‍ പോലും പൊഴിക്കാതെയാണ് അയാളുടെ മരണാനന്തര ചടങ്ങില്‍ നെവിന്‍ പങ്കെടുത്തത്. അത്തരത്തില്‍ കുട്ടിക്കാലം മുതല്‍ക്കേ ഒറ്റപ്പെട്ട് വളര്‍ന്നതു കൊണ്ടും ആരുടേയും സ്നേഹം അനുഭവിക്കാത്തതുകൊണ്ടും തന്നെയാകാം ആരെയും സ്നേഹിക്കാനും നെവിന്‍ പഠിക്കാതെ പോയത്.
അതുകൊണ്ടുതന്നെ, ആ സ്നേഹത്തിന്റെ വിലയും നെവിന് അറിയില്ല. കൂടപ്പിറപ്പായ അനിയത്തിയോടും അങ്ങനെ തന്നെയാണ്. ഇതുവരെ മര്യാദയ്ക്ക് ഒന്നു സംസാരിക്കുക പോലും ചെയ്തിട്ടില്ല. എന്നാല്‍ ഉള്ളിന്റെയുള്ളില്‍ സ്നേഹമുണ്ടെങ്കിലും രണ്ടു പേര്‍ക്കും അതു പരസ്പരം പ്രകടിപ്പിക്കാന്‍ അറിയില്ല. വിവാഹ സമയത്ത് സമ്മാനമായി ഒരു കിയ കാര്‍ നല്‍കാമോ എന്ന് അനിയത്തി ചോദിച്ചിരുന്നു. എങ്കിലും അതൊന്നും നല്‍കാതിരുന്ന നെവിന്‍ നീ ഡിവോഴ്സ് ആകാന്‍ തീരുമാനിച്ചാല്‍ നേരെ വീട്ടിലേക്ക് വരൂ.. നമുക്കൊരുമിച്ചിരുന്ന് നെറ്റ്ഫ്ലിക്സ് സീരിസുകള്‍ കാണാം എന്നായിരുന്നു നെവിന്‍ നല്‍കിയ മറുപടി.
ഇരുപതാം വയസില്‍ ജോലി ചെയ്യാന്‍ തുടങ്ങിയ നെവിന്‍ സ്വന്തം അധ്വാനം കൊണ്ടും കഴിവ് കൊണ്ടും ഒരു കരിയര്‍ ഉണ്ടാക്കിയെടുത്ത ആളാണ്. ഇന്ന് ഫാഷന്‍ കൊറിയോഗ്രാഫര്‍, സ്റ്റൈലിസ്റ്റ്, കലാസംവിധായകന്‍ അങ്ങനെ നീളുന്നു. ഇതിനൊപ്പം പേജന്റ് ഗ്രൂമറും ലൈസന്‍സ്ഡ് സൂംബ പരിശീലകനും ഇന്റീരിയര്‍ ഡിസൈനിംഗില്‍ ബിരുദധാരിയുമൊക്കെയാണ് നെവിന്‍. മോഡലിംഗ് രംഗത്തേക്ക് വരുന്ന പുതിയ ആളുകള്‍കള്‍ക്ക് ഗ്രൂമിംഗും പരിശീലനവുമൊക്കെ നല്‍കുന്ന ഒരു മോഡലിംഗ് ഹബ്ബും നെവിന്‍ നടത്തുന്നുണ്ട്. ഇതൊക്കെയുണ്ടെങ്കിലും നര്‍ത്തകന്‍ എന്നതാണ് നെവിന്റെ പ്രധാന ഐഡന്റിറ്റി. നൃത്തത്തിലൂടെ ആരോഗ്യ പരിപാലനം നടത്തുന്ന ഡാന്‍സ് ഫിറ്റ്നസ് മേഖലയില്‍ കഴിഞ്ഞ എട്ട് വര്‍ഷമായി അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്.