ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സകലകലാവല്ലഭന്‍ എന്ന റിയാലിറ്റി ഷോ ചുരുങ്ങിയ നാളുകള്‍ കൊണ്ടുതന്നെ ജനപ്രീതി നേടിക്കഴിഞ്ഞു. ഈ ഷോയില്‍ അവതാരകയായി എത്തുന്നത് പ്രതിഭ സായ് എന്ന മിടുക്കിക്കുട്ടിയാണ്. രഞ്ജിനി ഹരിദാസും, പേളിമാണിയും, ജുവല്‍ മേരിയുമൊക്കെ അരങ്ങുവാണ റിയാലിറ്റി ഷോ വേദികളില്‍ പുതുമുഖമായിട്ടാണ് പ്രതിഭ എത്തുന്നതെങ്കിലും മിസ് കേരള 2018ലെ വിന്നറായിരുന്നു പ്രതിഭ എന്നത് അധികം ആര്‍ക്കും അറിയാത്ത കാര്യമാണ്.
നോര്‍ത്ത് പറവൂര്‍ സ്വദേശിയാണ് പ്രതിഭ സായ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 22 യുവതികളില്‍ നിന്നുമാണ് കഴിഞ്ഞ വര്‍ഷം പ്രതിഭ മിസ് കേരള കിരീടം ചൂടിയത്. കൂട്ടത്തില്‍ തന്നെ ഒരു അനുഭവപരിഞ്ജാനവും കുറവായിട്ടും അന്ന് പ്രതിഭ കിരീടം ചൂടി.
എങ്കിലും മലയാളികള്‍ വിരളമായെ പ്രതിഭയെ തിരിച്ചറിഞ്ഞുള്ളു. എന്നാല്‍ ഏഷ്യാനെറ്റില്‍ സകലകലാവല്ലഭന്‍ എത്തിയതോടെ പ്രതിഭയെ ആള്‍ക്കാര്‍ തിരിച്ചറിഞ്ഞുതുടങ്ങി. സകലകലാവല്ലഭന്‍ സംപ്രേക്ഷണം ആരംഭിക്കുംമുമ്പ് ചാനലില്‍ സംപ്രേക്ഷണം ചെയ്ത ടൈറ്റില്‍ സോങ്ങില്‍ അസാധ്യ എനര്‍ജിയോടെ ഡാന്‍സ് കളിക്കുന്ന പെണ്‍കുട്ടി ആരാണെന്ന് ആള്‍ക്കാര്‍ തിരിക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആങ്കറായും പ്രതിഭ പരിപാടിയിലേക്ക് എത്തിയത്.
താന്‍ പൂര്‍ണമായി പറവൂരിന്റെ കുട്ടിയാണ് എന്നാണ് പ്രതിഭ പറയുന്നത്. പറവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു പ്ലസ് ടു. അതിനുശേഷം കുന്നുകര എംഇഎസ് കോളജില്‍ എന്‍ജിനീയറിങ്ങിനു ചേര്‍ന്ന് പഠിക്കുകയാണ് പ്രതിഭ. മിസ് കേരളയൊക്കെയാണെങ്കിലും താന്‍ ആദ്യമായി ഹൈഹീല്‍സ് ഉപയോഗിക്കുന്നതും റാംപിലൂടെ നടക്കുന്നതും മിസ് കേരള മത്സരത്തിനെത്തിയപ്പോഴാണ് എന്നാണ് പ്രതിഭ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. സ്റ്റേജുമായി ആകെയുള്ള പരിചയം കലോത്സവങ്ങളായിരുന്നു. സംസ്ഥാനതലത്തില്‍ വരെ ഡാന്‍സ് ഇനങ്ങളില്‍ മത്സരത്തിനു പോയിട്ടുണ്ട്. നൃത്തമാണ് പ്രതിഭയ്ക്ക് ഏറെ ഇഷ്ടം. മിസ് കേരളയ്ക്ക് പോയപ്പോഴും ഒരാഴ്ചയിലേറെ നീണ്ട ഗ്രൂമിങാണ് പ്രതിഭയെ സഹായിച്ചത്.
ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും ഡിസൈനര്‍മാരും ബാങ്ക് ഉദ്യോഗസ്ഥരുമൊക്കെയായി 22 പേര്‍ മത്സരിച്ചപ്പോള്‍ കൂട്ടത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ ആളായിരുന്നു പ്രതിഭ. എങ്കിലും ആത്മവിശ്വാസം കൈമുതലായപ്പോള്‍ മിസ് കേരളയ്‌ക്കൊപ്പം മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍ ടൈറ്റിലും പ്രതിഭയ്ക്ക് സ്വന്തമായി. ഒരു നേവി ഉദ്യോഗസ്ഥയാകണമെന്നാണ് പ്രതിഭയുടെ ആഗ്രഹം. ഇപ്പോള്‍ ഏഷ്യാനെറ്റിലെ അവതാരകയായി തിളങ്ങുമ്പോഴും സിനിമയില്‍ നിന്നു നല്ല അവസരങ്ങള്‍ വന്നാല്‍ പരിഗണിക്കുമെന്നും പ്രതിഭ പയുന്നു. സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥനായ പ്രകാശന്‍ നായരാണ് പ്രതിഭയുടെ അച്ഛന്‍. അമ്മ ശോഭ വീട്ടമ്മയാണ്. പ്രതിഭയുടെ ചേട്ടന്‍ പ്രശോഭും എഞ്ചിനീയറിങ് ബിരുദധാരിയാണ്.